ഹേഗ് > യൂറോപ്യൻ ഡ്രൈവർമാരുടെ വ്യക്തി വിവരങ്ങൾ അമേരിക്കക്ക് കൈമാറിയതിന് ഊബറിന് വൻതുക പിഴ. ഡച്ച് ഡേറ്റ പ്രൊട്ടക്ഷൻ അതോറിറ്റി(ഡിപിഎ)യാണ് 29 കോടി യൂറോ (ഏകദേശം 2718 കോടി ഇന്ത്യൻ രൂപ) പിഴ ചുമത്തിയത്. തിരിച്ചറിയൽ രേഖകൾ, വാഹനങ്ങളുടെ ലൈസൻസ്, ചിത്രങ്ങൾ, ലൊക്കേഷൻ സംബന്ധിച്ച വിവരങ്ങൾ, ഉപയോക്താക്കൾ പണം നൽകുന്നതിന്റെ വിശദാംശങ്ങൾ, ഡ്രൈവർമാരുടെ മെഡിക്കൽ വിവരങ്ങൾ, കേസുകളുടെ വിശദാംശങ്ങൾ എന്നിവയുൾപ്പെ ഊബർ കൈമാറ്റം ചെയ്തതായി ഡിപിഎ വ്യക്തമാക്കി.
യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും സ്വീകരിക്കാതെയാണ് ഊബർ വിവരങ്ങൾ കൈമാറ്റം ചെയ്യുന്നത്. രണ്ട് വർഷത്തിലേറെയായി ഇത് തുടരുന്നുണ്ടെന്നും ഇത് യൂറോപ്യൻ യൂണിയന്റെ പൊതുവിവര സംരക്ഷണ നിയമത്തിന്റെ ലംഘനമാണെന്നും അതോറിറ്റി വ്യക്തമാക്കി. വിവരങ്ങളുടെ കൈമാറ്റത്തിനായി അമേരിക്കയും യൂറോപ്യൻ കമീഷനും ചേർന്ന് രൂപകൽപന ചെയ്ത പ്രൈവസി ഷീൽഡ് ചട്ടം അസാധുവാണെന്ന് 2020ൽ യൂറോപ്യൻ യൂണിയൻ കോടതി വിധിച്ചിരുന്നു. ഡിപിഎയുടെ തീരുമാനം അനീതിയാണെന്നും ഇതിനെതിരെ അപ്പീൽ നൽകുമെന്ന് ഊബർ പ്രതികരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..