22 December Sunday

കുർസ്‌ക്‌ പ്രവിശ്യയിൽ നാശംവിതച്ച്‌ ഉക്രയ്‌ൻ

വെബ് ഡെസ്‌ക്‌Updated: Sunday Aug 18, 2024

മോസ്‌കോ> റഷ്യയുടെ അധീനതയിലുള്ള കുർസ്‌ക്‌ പ്രവിശ്യ ലക്ഷ്യമിട്ടുള്ള ആക്രമണം ശക്തമാക്കി ഉക്രയ്‌ൻ. ഗ്ലുഷ്‌കോവ്‌ നഗരത്തിന്‌ സമീപം സീം നദിക്കു കുറുകെയുള്ള പാലം വെള്ളിയാഴ്‌ച ഉക്രയ്‌ൻ സൈന്യം തകർത്തു. കുർസ്‌കിൽനിന്ന്‌ താമസക്കാരെ മറ്റിടങ്ങളിലേക്ക്‌ മാറ്റാനായി സൈന്യം ഉപയോഗിച്ചിരുന്ന തന്ത്രപ്രധാനമായ പാലമാണിത്‌.

സപൊറിഷ്യ ആണവ നിലയത്തിന്‌ സമീപത്തെ റോഡിൽ ഉക്രയ്‌ൻ ഡ്രോൺ ആക്രമണം നടത്തിയതായും റിപ്പോർട്ടുണ്ട്‌. അന്താരാഷ്‌ട്ര ആണവോർജ ഏജൻസിയുടെ ഇൻസ്‌പെക്‌ടർമാർ ആണവ നിലയത്തിന്‌ സമീപത്തെ ആക്രമണം സ്ഥിരീകരിച്ചിട്ടുണ്ട്‌. റഷ്യയുടെ അധീനതയിലുള്ള ഡോണെട്‌സ്‌കിലെ ഷോപ്പിങ് മാളിനുനേരെ വെള്ളിയാഴ്‌ച ഉക്രയ്‌ൻ സേന നടത്തിയ ഷെല്ലാക്രമണത്തിൽ രണ്ട്‌ പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക്‌ പരിക്കേറ്റു.    റഷ്യൻ അതിർത്തി കടന്ന്‌ കുർസ്‌ക്‌ മേഖലയിലേക്ക്‌ ഇരച്ചുകയറിയ ഉക്രയ്‌ൻ സൈന്യം 1000 ചതുരശ്ര കിലോമീറ്റർ സ്ഥലം തങ്ങളുടെ നിയന്ത്രണത്തിലായതായി പ്രഖ്യാപിച്ചിരുന്നു.

ആക്രമിക്കാൻ യുഎസ്‌ നിർമിത മിസൈൽ


ഗ്ലുഷ്‌കോവിൽ  പാലം തകർക്കാൻ ഉക്രയ്‌ൻ സേന ഉപയോഗിച്ചത്‌ യുഎസ്‌ നിർമിത ഹിമാർസ്‌ മിസൈലുകളാണെന്ന്‌ റഷ്യൻ വിദേശ മന്ത്രാലയം പ്രതികരിച്ചു. ഉക്രയ്‌നിന്റെ അധീനതയിലുള്ള സ്ഥലത്തുമാത്രമാണ്‌ നിലവിൽ യുഎസ്‌ നിർമിത ഹിമാർസ്‌ (ഹൈ മൊബിലിറ്റി ആർട്ടിലറി റോക്കറ്റ് സിസ്റ്റം) ഉപയോഗിച്ചിരുന്നത്‌. ഇതാദ്യമായാണ്‌ റഷ്യയുടെ അധീതയിലുള്ള സ്ഥലത്ത്‌ ഹിമാർസ്‌ ഉപയോഗിക്കുന്നതെന്ന്‌ വിദേശ വക്താവ്‌ മരിയ സഖറോവ പറഞ്ഞു. മനുഷ്യത്വ വിരുദ്ധമായ പ്രവർത്തനങ്ങൾ നടത്തിയവർ ശക്തമായ തിരിച്ചടികൾ നേരിടേണ്ടി വരുമെന്നും അവർ പറഞ്ഞു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top