21 November Thursday

യുദ്ധങ്ങൾ കാർബൺ ബഹിർഗമനം വർദ്ധിപ്പിക്കുന്നുവെന്ന് കാലാവസ്ഥാ ഉച്ചകോടി

ടി എസ്‌ ശ്രുതിUpdated: Tuesday Nov 12, 2024

photo credit:X

ബാകു > യുദ്ധകാലത്ത് ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളൽ ഗണ്യമായി വർധിച്ചതിനാൽ യുദ്ധം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കാലാവസ്ഥാ ഉച്ചകോടി. അസർബൈജാൻ തലസ്ഥാനമായ ബാകുവിൽ വച്ചാണ് ഇരുപത്തൊമ്പതാമത് കാലാവസ്ഥാ ഉച്ചകോടി (COP 29) നടക്കുന്നത്‌.

കഴിഞ്ഞ വർഷം ഒക്ടോബർ ഏഴ്‌ മുതൽ ഗാസയിൽ ഇസ്രയേൽ ആക്രമണം  നടത്തുകയാണ്‌. ഇത്‌ ലബനനിലേക്കും വ്യാപിച്ചിട്ടുണ്ട്‌.  മൂന്നുവർഷമായി റഷ്യയും ഉക്രയ്നും തമ്മിലുള്ള യുദ്ധം തുടങ്ങിയിട്ട്. രണ്ടിടത്തും വൻ നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. ഗാസ ഏറെക്കുറെ പൂർണ്ണമായും നശിച്ചു. ഇത്‌ കാലാവസ്ഥയിൽ ഉണ്ടാക്കുന്നത്‌ ഭീകരമായ മാറ്റങ്ങളാണെന്നാണ്‌ ഉച്ചകോടിയുടെ  നീരീക്ഷണം. ഗാസയിൽ ഇസ്രയേൽ നടത്തുന്ന യുദ്ധം ഉടൻ അവസാനിപ്പിക്കാൻ ഇസ്രയേലിനുമേൽ സമ്മർദം ചെലുത്തണമെന്ന് ഉച്ചകോടി ആവശ്യപ്പെട്ടു.

യുദ്ധം മൂലം മലിനീകരണം വർധിച്ചു

റഷ്യ – ഉക്രയ്ൻ യുദ്ധത്തിന്റെ ആദ്യ രണ്ട് വർഷങ്ങളിൽ 17.5 ദശലക്ഷം ടൺ കാർബൺ ഡൈ ഓക്സൈഡും മറ്റ് ഹരിതഗൃഹ വാതകങ്ങളും പുറന്തള്ളപ്പെട്ടതായി കണക്കാക്കപ്പെടുന്നു. യുദ്ധത്തിനുശേഷമുള്ള പുനർനിർമ്മാണപ്രവർത്തനങ്ങളിൽ ഹരിതഗൃഹ വാതകങ്ങൾ പുറംന്തള്ളുന്നതും ഇതിൽ ഉൾപ്പെടുന്നു. പശ്ചിമേഷ്യയിൽ യുദ്ധം മൂലം 50 ദശലക്ഷം ടൺ ഹരിതഗൃഹ വാതകങ്ങൾ പുറന്തള്ളപ്പെട്ടതായി കണക്കാക്കപ്പെടുന്നു. രണ്ട് യുദ്ധങ്ങളിൽ നിന്നുള്ള മൊത്തം പുറന്തള്ളൽ ഉക്രയ്ൻ, ഇറ്റലി, പോളണ്ട് എന്നിവയുടെ ഹരിതഗൃഹ വാതകങ്ങളുടെ വാർഷിക പുറന്തള്ളലുമായി താരതമ്യപ്പെടുത്താവുന്നതാണെന്ന് കാലാവസ്ഥാ ഗവേഷകർ പറയുന്നു. 2024 ലോകത്തിലെ ഏറ്റവും ചൂടുകൂടിയ വർഷമായി മാറുമെന്ന് കാലാവസ്ഥാ ഉച്ചകോടി നിരീക്ഷിച്ചിരുന്നു.

ജർമനി, സ്പെയിൻ, ഫ്രാൻസ്, ആസ്ട്രേലിയ അഫ്ഗാനിസ്താൻ,മൊറോക്കോ, ഇന്തോനേഷ്യ, അർജന്റീന തുടങ്ങിയ രാജ്യങ്ങൾ കാലാവസ്ഥാവ്യതിയാനം മൂലം കഷ്ടപ്പെടുകയാണ്‌.   

എന്നാൽ മുൻകാലങ്ങളിൽ നടന്ന കാലാവസ്ഥാ ഉച്ചകോടികളുടെ ഗൗരവസ്വഭാവം സിഒപി29 ൽ ഉണ്ടാവുമോ എന്ന കാര്യത്തിൽ വിദേശ മാധ്യമങ്ങൾ സംശയം പ്രകടിപ്പിച്ചു തുടങ്ങിയിട്ടുണ്ട്‌. ഈ സംശയങ്ങൾക്ക്‌ പിന്നിൽ മൂന്നു കാരണങ്ങളാണ് ഉള്ളത്‌.

അതിൽ ഏറ്റവും പ്രധാനപ്പെട്ടത്‌ ഉച്ചകോടി നടക്കുന്ന രാജ്യത്തിന്റെ പാരിസ്ഥിതിക നിലപാടാണ്‌. അസർബൈജാനെ സംബന്ധിച്ചിടത്തോളം രാജ്യത്തിന്റെ എണ്ണഖനനം മൂന്നിരട്ടിയായി ഉയർത്തികൊണ്ടുപോകാനുള്ള നീക്കങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്‌.ലോകം ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം കുറക്കണമെന്ന തീരുമാനത്തിലൂടെ മുന്നോട്ടുപോകുമ്പോഴാണ്‌ കാലാവസ്ഥാ ഉച്ചകോടിയിലെ ആതിഥേയരാഷ്‌ട്രത്തിന്റെ പാരിസ്ഥിതിക സമീപനങ്ങൾ ആശങ്ക ഉളവാക്കുന്നത്‌. ഇതുകൂടാതെ അസർബൈജാനിൽ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങൾ, പ്രതിപക്ഷപാർടികളെയും വിമതശബ്ദങ്ങളെയും നിശബ്ദമാക്കുന്ന അസർബൈജാൻ സമീപനങ്ങൾ ഇതെല്ലാം സിഒപി29 നിൽ ആശങ്ക ഉയർത്തുന്നതാണ്‌.   

photo credit: X

photo credit: X



രണ്ടാമതായി അമേരിക്കയുടെ പ്രസിഡന്റായി ട്രംപ്‌ വരുന്നത്‌. പാരീസ് ഉടമ്പടിയിൽ പങ്കാളിത്തത്തിൽ ബൈഡൻ എടുത്ത തീരുമാനത്തിൽ ട്രംപ്‌ അധികാരത്തിൽ വന്നാൽ മാറ്റമുണ്ടാകാനുള്ള സാധ്യത കൂടുതലാണ്‌. കാലാവസ്ഥാവ്യതിയാനം എന്നൊന്നില്ല, അത്‌ മിഥ്യയാണെന്നാണ്‌ ട്രംപ്‌ പറഞ്ഞിരുന്നത്‌.

മൂന്നാമതായി യൂറോപ്പിലെയും പശ്ചിമേഷ്യയിലെയും യുദ്ധങ്ങൾ.  യുദ്ധങ്ങൾ ആഗോളതലത്തിൽ സൃഷ്‌ടിക്കുന്ന അനിശ്ചിതത്വം, വികസ്വര രാഷ്ട്രങ്ങൾക്ക്‌ ഇതുമൂലം സാമ്പത്തികമായി ലഭിക്കുന്ന സഹായങ്ങളിൽ ഉണ്ടാകാവുന്ന അസഥിരത ഇതെല്ലാം ഉച്ചകോടിയുടെ ഗൗരവത്തെ ബാധിക്കുന്നതാണ്‌.
ഗ്രെറ്റ ത്യൂൻബർഗ്‌

ഗ്രെറ്റ ത്യൂൻബർഗ്‌

   

ഗ്രെറ്റ ത്യൂൻബർഗിനെ പോലുള്ള കാലാവസ്ഥ പ്രവർത്തകരും ഉച്ചകോടിയിൽ പങ്കെടുക്കാത്തതും ആശങ്ക ഉയർത്തുന്നുണ്ട്‌. ഉച്ചകോടിയിൽ ഏതെങ്കിലും തരത്തിലുള്ള അനുകൂല തീരുമാനമുണ്ടകുമെന്ന്‌ പ്രതീക്ഷിക്കുന്നില്ല എന്നതായിരുന്നു ഗ്രെറ്റയുടെ പ്രതികരണം.

സിഒപി29 ൽ ഇന്ത്യയുടെ ശ്രദ്ധ

സിഒപി29 ൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവും പങ്കെടുക്കുന്നില്ല.

ഉച്ചകോടിയിൽ ഇന്ത്യയുടെ ശ്രദ്ധ കാലാവസ്ഥാ സാമ്പത്തിക ഉത്തരവാദിത്തം, ന്യായമായ ഊർജ്ജ പരിവർത്തനം എന്നിവയിലായിരിക്കും എന്നാണ്‌ പിടിഐ റിപ്പോർട്ട് . വികസിത രാജ്യങ്ങൾ കാലാവസ്ഥാ ധനസഹായം നൽകേണ്ടതിന്റെ ആവശ്യകതയ്ക്ക്‌ ഇന്ത്യ ഊന്നൽ നൽകുമെന്നും എല്ലാ വികസ്വര രാഷ്ട്രങ്ങളുടെയും ആവശ്യങ്ങൾ അഭിസംബോധന ചെയ്യുമെന്നും  പ്രതീക്ഷിക്കുന്നതായാണ്‌ റിപ്പോർട്ട്‌. കൂടാതെ കാലാവസ്ഥാ ലക്ഷ്യങ്ങൾ കൈവരിക്കാൻ രാജ്യങ്ങളെ സഹായിക്കുന്നതിന് കാർബൺ ക്രെഡിറ്റ് ട്രേഡിംഗിനായി പാരീസ് ഉടമ്പടിയുടെ ആർട്ടിക്കിൾ ആറ്‌ നടപ്പാക്കുന്നതിന്‌ ഇന്ത്യ ഊന്നൽ നൽകുമെന്നുമാണ്‌ റിപ്പോർട്ടുകൾ.






 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top