ഐക്യരാഷ്‌ട്രകേന്ദ്രം
ആശുപത്രികളെയും ആരോഗ്യപ്രവർത്തകരെയും തുടർച്ചയായി ആക്രമിക്കുന്ന ഇസ്രയേൽ നയം യുദ്ധക്കുറ്റവും മാനവരാശിക്കെതിരായ കുറ്റകൃത്യവുമാണെന്ന് യുഎൻ. ഗാസയിലെ ആരോഗ്യമേഖലയെ പൂർണമായും തകർക്കുകയാണ് ഇസ്രയേലിന്റെ ലക്ഷ്യമെന്നും യുഎൻ മനുഷ്യാവകാശ വിഭാഗത്തിന്റെ മുൻ ഹൈകമീഷണർ നവി പിള്ള പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. ഗാസയിലെ ഇസ്രയേൽ വംശഹത്യയുടെ ആദ്യത്തെ പത്തുമാസത്തെ സംഭവവികാസങ്ങൾ അവലോകനം ചെയ്തുകൊണ്ടുള്ള അവരുടെ പഠനറിപ്പോർട്ട് 30ന് യുഎൻ പൊതുസഭയിൽ അവതരിപ്പിക്കും.
ആരോഗ്യ സംവിധാനങ്ങൾ പ്രവർത്തനരഹിതമായതിന്റെ തിക്തഫലങ്ങൾ ഏറ്റവും കൂടുതൽ അനുഭവിക്കുന്നത് ഗാസയിലെ കുട്ടികളാണെന്നും അവർ അറിയിച്ചു. ഇസ്രയേൽ അനുവദിച്ച മാർഗത്തിലൂടെ രക്ഷപ്പെടുന്നതിനിടെ കൊല്ലപ്പെട്ട ഹിന്ദ് റജാബ് എന്ന പെൺകുട്ടിയെക്കുറിച്ചും റിപ്പോർട്ടിൽ പരാമർശമുണ്ട്. ആരോഗ്യപ്രവർത്തകർക്കും കുടുംബാംഗങ്ങൾക്കുമൊപ്പം ഹിന്ദ് സഞ്ചരിച്ച ആബുലൻസ് ഇസ്രയേൽ സൈന്യം ആക്രമിക്കുകയായിരുന്നു. ഗാസ യുദ്ധത്തിൽ ആയിരത്തോളം ആരോഗ്യപ്രവർത്തകർ ഇതുവരെ കൊല്ലപ്പെട്ടതായി പലസ്‌തീൻ ആരോഗ്യമന്ത്രാലയം അറിയിച്ചു.
അടിയന്തര വൈദ്യസഹായം ആവശ്യമായ പതിനായിരത്തോളം പേർ പ്രദേശത്ത് കുടുങ്ങിക്കിടപ്പുണ്ട്. എന്നാൽ ഇസ്രയേലിന്റെ നിലനിൽപ്പിനെയും പ്രതിരോധത്തിനുള്ള അവകാശത്തെയും ചോദ്യം ചെയ്യുന്നതാണ് ആരോപണങ്ങൾ എന്നറിയിച്ചുകൊണ്ട് യുഎന്നിലെ ഇസ്രയേലിന്റെ പ്രതിനിധികൾ റിപ്പോർട്ട് തള്ളി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..