27 October Sunday

യുദ്ധവ്യാപനം തടയണം: യുഎൻ

വെബ് ഡെസ്‌ക്‌Updated: Sunday Oct 27, 2024

ദോഹ > പശ്ചിമേഷ്യയിൽ വർധിച്ചുവരുന്ന സംഘർഷാവസ്ഥയിൽ ആശങ്ക രേഖപ്പെടുത്തി യു എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ്‌. ഗാസയിലെയും ലബനനിലെയുമടക്കം സൈനിക നടപടികൾ എത്രയുംവേഗം നിർത്തിവയ്ക്കണമെന്നും മേഖലയിലാകെ യുദ്ധം     പടരുന്നത് തടയണമെന്നും  അദ്ദേഹം ആവശ്യപ്പെട്ടു. ഇസ്രയേൽ നടത്തിയത്‌ ഇറാന്റെ പരമാധികാരത്തിന്മേലുള്ള ആക്രമണമെന്ന്‌ ഖത്തർ പ്രതികരിച്ചു. ഇസ്രയേൽ അന്താരാഷ്ട്ര നിയമങ്ങൾ ലംഘിച്ചിരിക്കുകയാണെന്നും ഖത്തർ വിദേശ മന്ത്രാലയം പറഞ്ഞു. മേഖലയുടെ സുരക്ഷയ്ക്കും സുസ്ഥിരതയ്ക്കും വെല്ലുവിളിയാകുന്ന ഒരു പ്രവൃത്തിയെയും അംഗീകരിക്കില്ലെന്ന്‌ ഈജിപ്ത്‌ പ്രതികരിച്ചു. ഇറാനെ ആക്രമിച്ചതിലൂടെ ഇസ്രയേൽ മേഖലയെ വ്യാപകമായ യുദ്ധത്തിലേക്ക്‌ വലിച്ചിടുകയാണെന്ന്‌ തുർക്കിയ പ്രതികരിച്ചു. സൗദി അറേബ്യ, ഇറാഖ്‌, ജോർദാൻ, കുവൈറ്റ്‌ തുടങ്ങിയ രാജ്യങ്ങളും ഇസ്രയേൽ നടപടിയെ അപലപിച്ചു.

ഇരുപക്ഷവും സംയമനം പാലിക്കണമെന്ന്‌ റഷ്യ ആവശ്യപ്പെട്ടു. സ്ഥിതി കൂടുതൽ സങ്കീർണമാക്കുന്ന പ്രവൃത്തികളിൽനിന്ന്‌ വിട്ടുനിൽക്കണമെന്ന്‌ ജർമൻ ചാൻസലർ ഒലാഫ്‌ ഷോൾസ്‌ ഇറാനോട്‌ ആവശ്യപ്പെട്ടു. ഇസ്രയേലിന്‌ സ്വയം പ്രതിരോധിക്കാൻ അവകാശമുണ്ടെന്നും ഇറാൻ തിരിച്ചടിക്കരുതെന്നും ബ്രിട്ടൻ പറഞ്ഞു. സംഘർഷം ഒഴിവാക്കാൻ ഇരുപക്ഷവും ശ്രമിക്കണമെന്ന്‌ ഫ്രാൻസ്‌ പ്രതികരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top