14 December Saturday
ആക്രമണത്തെ ന്യായീകരിച്ച്‌ അമേരിക്ക

സിറിയയിലെ ഇസ്രയേൽ കടന്നാക്രമണം അവസാനിപ്പിക്കണം: യുഎൻ

വെബ് ഡെസ്‌ക്‌Updated: Saturday Dec 14, 2024


ഡമാസ്‌കസ്‌
സിറിയയുടെ വിവിധ ഭാഗങ്ങളിൽ ഇസ്രയേൽ നടത്തുന്ന കടന്നാക്രമണങ്ങൾ ഉടൻ അവസാനിപ്പിക്കണമെന്ന്‌ യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ്‌ പറഞ്ഞു. ആക്രമണങ്ങൾ  ഉത്‌കണ്‌ഠപ്പെടുത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു.  അതേസമയം  ഇസ്രയേൽ ആക്രമണത്തെ അമേരിക്ക ന്യായീകരിച്ചു. ഭീഷണി നിർവീര്യമാക്കാനാണ്‌ ഇസ്രയേൽ ശ്രമിക്കുന്നതെന്ന്‌ യുഎസ്‌ ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ്‌ ജെയ്‌ക്‌ സള്ളിവൻ പറഞ്ഞു. സിറിയയിലെ പ്രതിസന്ധി ചർച്ചചെയ്യാൻ ജോർദാനിൽ ലോകരാജ്യങ്ങൾ ഉച്ചകോടി നടത്തും. സൗദി, ഇറാഖ്‌, ലബനൻ, ഈജിപ്‌ത്‌, യുഎഇ, ബഹറൈൻ, ഖത്തർ, തുർക്കിയ, അമേരിക്ക, യൂറോപ്യൻ യൂണിയൻ, യുഎൻ പ്രതിനിധികളാണ്‌ ഉച്ചകോടിയിൽ പങ്കെടുക്കുക.

അൽ അസദിനെ പുറത്താക്കിയതിന് ശേഷമുള്ള ആദ്യ വെള്ളിയാഴ്ച പ്രാർഥനയ്‌ക്കായി പതിനായിരങ്ങൾ ഡമാസ്‌കസിലെ ഉമയ്യദ് പള്ളിയിൽ ഒത്തുകൂടി. ഭരണംപിടിച്ചെടുത്ത ഭീകരസംഘടനയായ ഹയാത്‌ തഹ്‌രീർ അൽ ഷാമിന്റെ നേതൃത്വത്തിൽ റാലികൾ നടത്തി.

അതേസമയം സിറിയയിൽ മുൻ ജയിൽമേധാവിക്ക് അമേരിക്ക പീഡനക്കുറ്റം ചുമത്തി. 2005-ലും 2008-ലും ഡമാസ്‌കസ് സെൻട്രൽ ജയിലിന്റെ മേൽനോട്ടം വഹിച്ചിരുന്ന സമീർ ഔസ്മാൻ അൽഷെയ്ഖിനെതിരെയാണ്‌ യുഎസ്‌ ഫെഡറൽ ഗ്രാൻഡ് ജൂറി ഗൂഢാലോചനയടക്കമുള്ള കുറ്റം ചുമത്തിയത്‌. കുടിയേറ്റ തട്ടിപ്പ് കുറ്റങ്ങൾ ചുമത്തി ലൊസ് ആഞ്ചലസ് വിമാനത്താവളത്തിൽവെച്ച്‌ ഈവർഷമാദ്യമാണ്‌ ഇയാളെ കസ്റ്റഡിയിൽ എടുത്തത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top