ടെൽ അവീവ്
ഇറാനിലേക്ക് നടത്തിയ ആക്രമണത്തിൽ തിരിച്ചടി നൽകുന്നതിനെപ്പറ്റി ആലോചിക്കുകയേ വേണ്ടെന്ന് ഇസ്രയേൽ. തിരിച്ചടിച്ചാൽ ഇറാൻ പ്രതീക്ഷിക്കാത്ത ഇടങ്ങളില്‍ ആക്രമണം ഉണ്ടാകുമെന്നും ഇസ്രയേൽ സൈനിക മേധാവി ലഫ്. ജനറൽ ഹെർസി ഹലേവി പറഞ്ഞു.
മുമ്പത്തേത്തിനേക്കാൾ ശക്തമായ ആക്രമണമാകും ഭാവിയിൽ ഉണ്ടാവുകയെന്നും ഭീഷണിമുഴക്കി.ഇസ്രയേലിന് തിരിച്ചടി നൽകാൻ ഇറാൻ ഒരുങ്ങുകയാണെന്ന സൂചനകൾ ഇറാൻ സൈന്യം നൽകിയിരുന്നു. ‘സമയമാകുന്നു’ എന്ന കുറിപ്പോടെ സമൂഹമാധ്യമത്തിലാണ് ക്ലോക്കിന്റെ സൂചി ചലിക്കുന്ന വീഡിയോ പോസ്‌റ്റ് ചെയ്തത്. ‘ട്രൂ പ്രോമിസ് 3’ ഹാഷ് ടാഗുമിട്ടു. മിസൈലിന്റെ ഭാഗങ്ങളും വീഡിയോയിൽ തുടർന്ന് വരുന്നുണ്ട്. ഇംഗ്ലീഷിലും പേർഷ്യനിലുമായി ‘ശിക്ഷാനേരം അടുത്തെത്തി’ എന്നും എഴുതിയിട്ടുണ്ട്. ‘ദൈവത്തിന്റെ അന്തിമ ന്യായവിധി അടുത്തു’ എന്ന മറ്റൊരു പോസ്റ്റുമുണ്ട്.
ദമാസ്കസിലെ ഇറാൻ എംബസി ആക്രമിച്ചതിനെ തുടർന്ന് ഏപ്രിലിൽ ഇറാൻ ഇസ്രയേലിലേക്ക് മിസൈൽ അയച്ചിരുന്നു. ‘ഓപറേഷൻ ട്രൂ പ്രോമിസ്’ എന്നാണ് ദൗത്യത്തിന് പേരിട്ടിരുന്നത്. ഒക്ടോബർ ഒന്നിന് നടത്തിയ ആക്രമണം ‘ഓപറേഷൻ ട്രൂ പ്രോമിസ് 2’ ആയിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..