മോന്തെവിദേയോ> തെക്കേ അമേരിക്കൻ രാജ്യമായ ഉറുഗ്വേയിൽ പ്രസിഡന്റിനെ തെരഞ്ഞെടുക്കാനുള്ള രണ്ടാംവട്ട വോട്ടെടുപ്പ് ആരംഭിച്ചു. മധ്യഇടതുപക്ഷ സഖ്യമായ ബ്രോഡ് ഫ്രണ്ടിന്റെ യമാണ്ടു ഓർസിയും യാഥാസ്ഥിതിക നാഷണൽ പാർടിയുടെ അൽവാരോ ഡെൽഗാഡോയും തമ്മിലാണ് മത്സരം. ഇതരകക്ഷികളുടെ പിന്തുണ ഡെൽഗാഡോയ്ക്കാണെങ്കിലും ഓർസി അധികാരത്തിലേറുമെന്നാണ് സർവേകളിൽ ഭൂരിഭാഗവും പ്രവചിക്കുന്നത്.
ഒക്ടോബർ 27ന് ആദ്യവട്ട തെരഞ്ഞെടുപ്പിൽ 44 ശതമാനം വോട്ട് ഓർസിക്ക് ലഭിച്ചപ്പോൾ ഡെൽഗാഡോ 27 ശതമാനത്തിലൊതുങ്ങി. എന്നാൽ മറ്റൊരു യാഥാസ്ഥിതിക പാർടിയായ കൊളറാഡോ പാർടി 20 ശതമാനം വോട്ടുനേടിയതും രാജ്യത്തെ പത്തുശതമാനത്തോളം വോട്ടർമാർ തീരുമാനമെടുക്കാതെ തുടരുന്നതും തെരഞ്ഞെടുപ്പുഫലത്തെ പ്രവചനാതീതമാക്കുന്നു. ഏറ്റവും സുരക്ഷിതവും സാമ്പത്തികഭദ്രതയുള്ളതുമായ ലാറ്റിനമേരിക്കൻ രാജ്യമായി കരുതപ്പെടുന്ന ഉറുഗ്വേയിൽ നികുതിവർധനവും കുറ്റകൃത്യങ്ങളുടെ ആധിക്യവും തെരഞ്ഞെടുപ്പിൽ ചർച്ചയായി. തിങ്കളാഴ്‌ച പുലർച്ചയോടെ ഫലം പ്രഖ്യാപിക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..