ബീജിങ്
അമേരിക്കൻ പ്രകോപനത്തിന് മറുപടിയായി തയ്‌വാനുചുറ്റും പതിറ്റാണ്ടുകൾക്കുശേഷമുള്ള ഏറ്റവും വലിയ സൈനികാഭ്യാസത്തിന് തുടക്കം കുറിച്ച് ചൈന. വ്യാഴം അന്താരാഷ്ട്ര സമയം പകൽ ഒന്നിന് നടത്തിയ ആദ്യ ദീർഘദൂര മിസൈൽ വിക്ഷേപണത്തോടെയാണ് അഭ്യാസം തുടങ്ങിയത്. തയ്‌വാൻ ഉൾക്കടൽ പ്രദേശത്തെ പ്രവർത്തനങ്ങളുടെ ചുമതലയുള്ള കിഴക്കൻ തിയറ്റർ കമാൻഡിന്റെ നേതൃത്വത്തിൽ തയ്‌വാന്റെ കിഴക്കൻ തീരത്തേക്കായിരുന്നു പരീക്ഷണം. ഇതടക്കം 11 ബാലിസ്‌റ്റിക് മിസൈലുകൾ കരയിൽനിന്നും ആകാശത്തുനിന്നുമായി പരീക്ഷിച്ചെന്ന് കമാൻഡിന്റെ വക്താവ് സീനിയർ കേണൽ ഷി യി പറഞ്ഞു. പരിശീലനം ഞായർവരെ നീളും.
ആറ് കേന്ദ്രത്തിൽനിന്നായി കിഴക്ക് പിങ്‌താൻ ദ്വീപ് മുതൽ ഫ്യുജിയൻ പ്രവിശ്യ വരെയും വടക്ക് കീലങ് തുറമുഖത്തിന് സമീപത്തേക്കുമായിരുന്നു ആദ്യദിന മിസൈൽ പരീക്ഷണങ്ങൾ അധികവും. മിസൈൽ പരീക്ഷണം നടത്തുന്ന ദൃശ്യങ്ങൾ ചൈന സെൻട്രൽ ടെലിവിഷൻ സംപ്രേഷണം ചെയ്തു.
ഏതാനുംവർഷം മുമ്പ് പ്രസിഡന്റ് ഷി ജിൻപിങ്ങിന്റെ മുൻകൈയിൽ രൂപീകരിച്ച മിസൈൽ വിഭാഗം ‘റോക്കറ്റ് ഫോഴ്‌സി’ന്റെ കരുത്തും ശേഷിയും വ്യക്തമാക്കുന്നതായിരുന്നു ആദ്യദിനത്തെ പ്രകടനം. തയ്‌വാനിൽനിന്നും പുറത്തേക്കുമുള്ള 40 വിമാന സർവീസ് റദ്ദാക്കി.
തങ്ങളുടെ ഭാഗമായ പ്രദേശം സംരക്ഷിക്കാൻ ആവശ്യമായ നടപടികളാണ് ചൈനീസ് സൈന്യം കൈക്കൊള്ളുന്നതെന്ന് പ്രതിരോധ വക്താവ് താൻ കെഫെയ് പറഞ്ഞു. അതേസമയം, മേഖലയിലേക്ക് അമേരിക്കയുടെ സൈനിക വിമാനവും അന്തർവാഹിനി വേധ ഹെലികോപ്ടറും കടന്നുകയറിയത് കൂടുതൽ പ്രകോപനമായി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..