വാഷിങ്ടണ്‍
ലോകം ഉറ്റുനോക്കുന്ന അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് രണ്ട് നാൾകൂടി. വൈസ് പ്രസിഡന്റും ഡെമോക്രാറ്റിക് പാര്‍ടി സ്ഥാനാര്‍ഥിയുമായ കമല ഹാരിസിന്റെയും മുന്‍ പ്രസിഡന്റും റിപ്പബ്ലിക്കന്‍ പാര്‍ടി സ്ഥാനാര്‍ഥിയുമായ ഡോണള്‍ഡ് ട്രംപിന്റെയും പ്രചാരണ പ്രവർത്തനങ്ങൾ അന്തിമഘട്ടത്തിലേക്ക്. ഇരുനേതാക്കളും വിവിധ സംസ്ഥാനങ്ങളിലെ റാലികളിൽ പങ്കെടുക്കുകയാണ്. ചൊവ്വാഴ്‌ചയാണ് തെരഞ്ഞെടുപ്പ്.
വോട്ട് ചെയ്‌തത്
7 കോടിപേർ
അമേരിക്കയില്‍ 24 കോടി പേര്‍ക്ക് തെരഞ്ഞെടുപ്പിൽ വോട്ടവകാശമുണ്ട്. ഇതിൽ ഏഴ് കോടി പേര്‍ ഇതിനകം വോട്ട് ചെയ്‌തു. തപാൽ, ഏര്‍ലി വോട്ടിങ് സംവിധാനങ്ങളിലൂടെയാണ് ഇതിനകം സമ്മതിദാനം വിനിയോഗിച്ചത്. 2020ൽ നടന്ന തെരഞ്ഞെടുപ്പിൽ 10.01 കോടി പേർ തെരഞ്ഞെടുപ്പിനുമുന്നേ വോട്ട് ചെയ്‌തിരുന്നു. കോവിഡിനെത്തുടർന്നുണ്ടായ സഹാചര്യത്തിലായിരുന്നു ഇത്.
50 സംസ്ഥാനങ്ങളിലായി 538 ഇലക്ടറല്‍ കോളജ് വോട്ടാണുള്ളത്. ഇതില്‍ 270 അല്ലെങ്കില്‍ അതില്‍ക്കൂടുതല്‍ വോട്ടുകള്‍ നേടുന്ന വ്യക്തിയാകും അമേരിക്കയുടെ ഭരണസാരഥ്യം വഹിക്കുക. കഴിഞ്ഞ തവണ കോവിഡ് മഹാമാരി സൃഷ്‌ടിച്ച പ്രതിസന്ധിയുടെ പശ്‌ചാത്തലത്തിലായിരുന്നു തെരഞ്ഞെടുപ്പ്. ഇത്തവണ പശ്‌ചിമേഷ്യയാകെ യുദ്ധകലുഷിതമായ അന്തരീക്ഷത്തിലാണ് തെരഞ്ഞെടുപ്പ്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതും തെരഞ്ഞെടുപ്പിൽ ചർച്ചയാണ്.
ഇഞ്ചോടിഞ്ച് മത്സരം
തെരഞ്ഞെടുപ്പ് സർവേകൾ പ്രകാരം കമലയും ട്രംപും ഒപ്പത്തിനൊപ്പമാണ്. 47 ശതമാനം പേരുടെ പിന്തുണ ട്രംപിനും 48 ശതമാനം പേരുടെ പിന്തുണ കമലയ്‌ക്കും ലഭിക്കുമെന്നാണ് എബിസി ന്യൂസ് സർവെ. ജോര്‍ജിയയും മിഷിഗണും അടക്കമുള്ള ഏഴു സംസ്ഥാനങ്ങളിലെ ഇലക്ടറല്‍ കോളേജ് വോട്ടുകൾ ഇത്തവണ നിര്‍ണായകമാകും. മിഷിഗൺ, പെൻസിൽവാനിയ, നോർത്ത് കാരലീന സംസ്ഥാനങ്ങളിൽ പതിനായിരക്കണക്കിന് ഇന്ത്യൻ അമേരിക്കൻ പൗരന്മാരുണ്ട്. ഇവരുടെ വോട്ടും ഇവിടങ്ങളിൽ നിർണായകമാകും. ഇന്ത്യൻ വംശജരുടെ വോട്ടുകൾ സമാഹരിക്കാനുള്ള ശ്രമങ്ങൾ ഇരു സ്ഥാനാർഥികളും നടത്തുന്നുണ്ട്. ഇന്ത്യക്കാർക്ക് ദീപാവലി ആശംസ നേർന്ന ട്രംപ്, കമല ഹിന്ദുക്കളെ അവഗണിക്കുന്നുവെന്ന് വിമർശിക്കുകയും ചെയ്‌തു.
വോട്ടെണ്ണല്‍ നീളും
തെരഞ്ഞെടുപ്പ് നടക്കുന്ന നവംബര്‍ അഞ്ചിനുതന്നെ വോട്ടെണ്ണല്‍ ആരംഭിക്കുമെങ്കിലും അന്തിമഫലം വരാന്‍ കുറച്ചു ദിവസം നീളും. 2025 ജനുവരി 20നാണ് പുതിയ പ്രസിഡന്റ് ചുമതലയേറ്റെടുക്കുക. നാല് വര്‍ഷമാണ് കാലാവധി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..