27 December Friday

അമേരിക്ക ഇന്ന്‌ 
വിധിയെഴുതും ; രാവിലെ ഏഴിന്‌ വോട്ടിങ് ആരംഭിക്കും

വെബ് ഡെസ്‌ക്‌Updated: Monday Nov 4, 2024


ന്യൂയോർക്ക്
അമേരിക്കൻ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിന്‌ മണിക്കൂറുകൾ ശേഷിക്കെ ആർക്കും വ്യക്തമായ മുൻതൂക്കം പ്രവചിക്കാനാകാതെ തെരഞ്ഞെടുപ്പ്‌ വിദഗ്‌ധർ. ന്യൂയോർക്ക് ടൈംസ് സര്‍വെ പ്രകാരം ഡെമോക്രാറ്റിക് സ്ഥാനാർഥിയും വൈസ് പ്രസിഡന്റുമായ കമലാ ഹാരിസിന്‌ നേരിയ മുൻതൂക്കമുണ്ട്‌. "ചാഞ്ചാട്ട’ സംസ്ഥാനങ്ങളിൽ  റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡോണൾഡ് ട്രംപുമായി ഒപ്പത്തിനൊപ്പമാണ് കമല.

ജനവിധി മാറിമറിയാറുള്ള ഏഴു സംസ്ഥാനങ്ങളിൽ പോരാട്ടം അതിതീവ്രമാകുന്ന പെൻസിൽവാനിയ, വിസ്‌കോൻസിൻ, മിഷിഗൺ എന്നിവിടങ്ങളിലെ തീര്‍പ്പ് നിർണായകമാകും. പെൻസിൽവാനിയയിൽ  ട്രംപിന്‌ നേരിയ മുൻതൂക്കം പ്രവചിക്കുന്നത്‌ റിപ്പബ്ലിക്കൻ ക്യാമ്പിന്‌ പ്രതീക്ഷയേകുന്നു. 2016ൽ പെൻസിൽവാനിയും വിസ്‌കോൺസിനും  മിഷിഗണും  ട്രംപിനൊപ്പമായിരുന്നു. പെൻസിൽവാനിയ, നോർത്ത് കരോലിന, ജോർജിയ സംസ്ഥാനങ്ങളിലാണ്‌ ട്രംപ്‌ അവസാനവട്ട പ്രചരണത്തിനിറങ്ങിയത്. താൻ വൈറ്റ്‌ഹൗസിൽ എത്തിയാലേ രാജ്യാതിർത്തി സുരക്ഷിതമാകൂവെന്ന്‌ ട്രംപ്‌ അവകാശപ്പെട്ടു.  മിഷിഗൺ കേന്ദ്രീകരിച്ചായിരുന്നു കമലയുടെ പ്രചാരണം. ഗാസയിൽ വെടിനിർത്തലിനായി ശ്രമിക്കുമെന്ന്‌ അവര്‍ പറഞ്ഞു. അറബ്‌–-അമേരിക്കൻ വോട്ടർമാർ ട്രംപിന്‌ അനുകൂലമായി വിധിയെഴുതാൻ സാധ്യതയുണ്ടെന്ന വിലയിരുത്തലിന്‌ പിന്നാലെയാണ്‌  പ്രതികരണം.

അമേരിക്കൻ സമയം ചൊവ്വ രാവിലെ ഏഴിന്‌ തുടങ്ങുന്ന വോട്ടിങ്  വൈകിട്ട് ഏഴിന് അവസാനിക്കും. പോളിങ്‌ അവസാനിക്കുന്ന മുറയ്‌ക്ക്‌ വോട്ടെണ്ണിത്തുടങ്ങും. രാത്രി പന്ത്രണ്ടോടെ ആദ്യ ഫലസൂചന. എങ്കിലും ഔദ്യോ​ഗിക പ്രഖ്യാപനം വൈകും. ഏഴ്‌ കോടിയിലേറെ പേർ ഇതിനോടകം വോട്ട്‌ ചെയ്‌തു. വിവിധ സംസ്ഥാനങ്ങളിലെ ജനസംഖ്യാടിസ്ഥാനത്തില്‍ നിജപ്പെടുത്തിയിട്ടുള്ള ആകെ 538 ഇലക്ടറല്‍ വോട്ടുകളില്‍ 270 നേടുന്നവരാണ് ജയിക്കുക. ജനകീയ വോട്ടില്‍ ഭൂരിപക്ഷം നേടിയാലും ഇലക്ടറല്‍ വോട്ടില്‍ പിന്നിലായാല്‍ ജയിക്കാനാകില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top