23 November Saturday
അന്തിമ 
ഫലപ്രഖ്യാപനം വൈകിയേക്കും

വിധിയെഴുതി യുഎസ്‌ ; കമല ഹാരിസിന് നേരിയ മുൻതൂക്കമെന്ന് ആദ്യഫലസൂചന

വെബ് ഡെസ്‌ക്‌Updated: Wednesday Nov 6, 2024


വാഷിങ്‌ടൺ
പ്രവചനം അസാധ്യമായ അറുപതാമത് പ്രസിഡന്റ്‌ തെരഞ്ഞെടുപ്പില്‍ വിധിയെഴുതി അമേരിക്കന്‍ ജനത.  ഡെമോക്രാറ്റിക്‌ പാര്‍ടി സ്ഥാനാർഥി കമല ഹാരിസിനാണ്‌ നേരിയ മുൻതൂക്കമെന്നാണ്  ആദ്യഫലസൂചന. അമേരിക്കയുടെ ആദ്യ വനിതാ പ്രസിഡന്റാകാന്‍ കമലയ്ക്ക് സ്‌ത്രീ വോട്ടര്‍മാർ ഉറച്ച പിന്തുണ നല്‍കിയെന്നാണ് വിലയിരുത്തപ്പെടുന്നത്‌. എന്നാൽ കറുത്ത വംശക്കാരും ലാറ്റിൻ, അറബ്‌ വംശജരും റിപ്പബ്ലിക്കൻ സ്ഥാനാർഥിയും മുൻ പ്രസിഡന്റുമായ ഡോണൾഡ്‌ ട്രംപിന്‌ അനുകൂലമായി ചിന്തിച്ചെന്നും സൂചനയുണ്ട്.

ന്യൂ ഹാംപ്ഷയറിലെ ചെറുപട്ടണമായ ഡിക്‌സ്‌വിൽ നോച്ചിലാണ് ആദ്യം വോട്ട് രേഖപ്പെടുത്തിയത്. ആറ്‌ വോട്ടർമാർ മാത്രമാണ്‌ ഇവിടെയുള്ളത്‌. കമലാ ഹാരിസിനും  ട്രംപിനും മൂന്നുവീതം വോട്ട് ലഭിച്ചു. എല്ലാ തെരഞ്ഞെടുപ്പിലും ആദ്യം വോട്ടുചെയ്യുന്നത്‌ ഡിക്‌സ്‌വിൽ നോച്ചിലാണ്‌. അലാസ്‌കയിലാണ്‌ ഏറ്റവും ഒടുവിൽ വോട്ടെടുപ്പ്‌ പൂർത്തിയായത്‌. സംസ്ഥാനങ്ങൾക്കനുസരിച്ച്‌ പോളിങ്‌സമയം വ്യത്യാസപ്പെട്ടിരുന്നെങ്കിലും മിക്കയിടത്തും രാവിലെ ആറിനും എട്ടിനും ഇടയിലാണ്‌ (ഇന്ത്യൻ സമയം ചൊവ്വ വൈകിട്ട്‌ 5.30–- 7.30) പോളിങ്‌ തുടങ്ങിയത്‌. 538 ഇലക്ടറൽ വോട്ടുകളിൽ 270 ആണ്‌ ജയിക്കാൻ വേണ്ട ഭൂരിപക്ഷം. പ്ര​സി​ഡ​ന്റ് തെ​ര​ഞ്ഞെ​ടു​പ്പി​നൊ​പ്പം പ്ര​തി​നി​ധിസ​ഭ​യി​ലേ​ക്കും 34 സെ​ന​റ്റ് സീ​റ്റി​ലേ​ക്കും തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്നു.

ആകെ 17കോടി വോട്ടർമാരിൽ എട്ടുകോടിയിലധികം പേർ ‘മുൻകൂർ വോട്ട്‌’ രേഖപ്പെടുത്തിയിരുന്നു. ബാക്കിയുള്ള ഒമ്പത്‌ കോടി വോട്ടർമാർക്കായി 1.76 ലക്ഷം  പോളിങ്‌ ബൂത്തുകളാണ്‌ സജ്ജീകരിച്ചത്‌. പെ​​​ൻ​​​സിൽവാനിയ, വി​​​സ്‌കോ​​​ൺ​​​സ​​​ൻ, മി​​​ഷി​​​ഗ​​​ൻ, നെവാഡ, ജോ​​​ർ​​​ജി​​​യ, നോ​​​ർ​​​ത്ത്‌ കാരലി​​​ന, അരിസോ​​​ണ എ​ന്നീ ചാഞ്ചാട്ട സം​സ്ഥാ​ന​ങ്ങ​ളു​ടെ വോ​ട്ടു​നി​ല​യാ​യി​രി​ക്കും തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം നിര്‍ണയിക്കുക‌‌‌.

വോട്ടെടുപ്പ് പൂര്‍ത്തിയായതായി ഔദ്യോ​ഗിക പ്രഖ്യാപനം വന്നാലുടന്‍ സംസ്ഥാനങ്ങളില്‍ വോട്ടെണ്ണി തുടങ്ങും. അധികം വൈകാതെ ഫലമറിയാം. എന്നാല്‍ ഇഞ്ചോടിഞ്ച് പോരാട്ടമായതിനാല്‍ റീകൗണ്ടിങ് ആവശ്യമുയർന്നേക്കും. കോടതി ഇടപെടലിനും സാധ്യതയുണ്ട്. ഇതിനോടകം വിവിധ സംസ്ഥാനത്തായി നൂറിലധികം തെരഞ്ഞെടുപ്പു കേസുകളുണ്ട്.

അന്തിമ 
ഫലപ്രഖ്യാപനം വൈകിയേക്കും
അമേരിക്കൻ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിൽ വോട്ടെടുപ്പ്‌ പൂർത്തിയായ ഉടൻ വോട്ട്‌ എണ്ണിത്തുടങ്ങും. സംസ്ഥാനങ്ങൾ അടിസ്ഥാനമാക്കിയാണ്  വോട്ടെണ്ണുക. രാജ്യത്തിന്റെ പടിഞ്ഞാറൻ ഭാഗത്തുള്ള സംസ്ഥാനങ്ങളിൽ വോട്ടെണ്ണൽ വൈകും. കിഴക്കൻ സംസ്ഥാനങ്ങളിലെ ഫലങ്ങൾ ബുധനാഴ്‌ച രാവിലെയോടെ വന്നുതുടങ്ങുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌. വ്യക്തമായ ഭൂരിപക്ഷത്തോടെ ഏതെങ്കിലും സ്ഥാനാർഥി മുന്നേറിയാൽ ഫലം പെട്ടെന്ന്‌ അറിയാനാകും. എന്നാൽ ഇത്തവണ ഇഞ്ചോടിഞ്ച്‌  പോരാട്ടം നടക്കുന്നതിനാൽ അന്തിമ ഫലം വൈകും. സാധാരണ നിലയയിൽ ബുധനാഴ്‌ച വൈകീട്ടോടെ ജനവിധി അറിയാനാകും. കടുത്ത പോരാട്ടമായതിനാൽ റീകൗണ്ടിങ്‌ ആവശ്യമായി വന്നാൽ അന്തിമ ഫലം വരാൻ ദിവസങ്ങളെടുക്കും.

പ്രവചനാതീതം
സമീപകാല അമേരിക്കൻ രാഷ്‌ട്രീയ ചരിത്രത്തിലൊന്നുമില്ലാത്ത പിരിമുറുക്കമാണ്‌ ഇത്തവണത്തെ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിൽ ദൃശ്യമാകുന്നത്‌. സാധാരണ ഗതിയിൽ പ്രചാരണത്തിന്റെ അന്ത്യ ഘട്ടങ്ങളിൽ വിജയം ഏത്‌ ദിശയിലേക്ക്‌ നീങ്ങുമെന്നതിന്റെ വ്യക്തമായ സൂചന ലഭിക്കാറുണ്ട്‌. ഇത്തവണ ഡെമോക്രാറ്റിക്‌ സ്ഥാനാർഥി കമല ഹാരിസിന്‌ നേരിയ മുൻതൂക്കം പ്രവചിക്കുമ്പോഴും ഫലം നിശ്‌ചയിക്കുന്ന ചാഞ്ചാട്ട സംസ്ഥാനങ്ങളിൽ റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡോണൾഡ്‌ ട്രംപും കമലയും ഒപ്പത്തിനൊപ്പമെന്നാണ് സൂചന. റിപ്പബ്ലിക്കൻമാർക്കും ഡെമോക്രാറ്റുകൾക്കും വ്യക്തമായ സ്വാധീനം ഉറപ്പുള്ള സംസ്ഥാനങ്ങളിൽ ചിലതും ഇത്തവണ മാറിച്ചിന്തിച്ചേക്കാമെന്നും വിലയിരുത്തലുണ്ട്. റിപ്പബ്ലിക്കൻ ചായ്‌വുള്ള അയോവ ഉദാഹരണം. റിപ്പബ്ലിക്കൻ ക്യാമ്പിനെ ഞെട്ടിച്ച്‌ അയോവയിൽ കമല ഹാരിസിന്‌ ലീഡ്‌ പ്രവചിക്കപ്പെടുന്നു.

സ്‌ത്രീ, കുടിയേറ്റ വോട്ടുകള്‍ നിർണായകം
 2016ൽ ഹിലാരി ക്ലിന്റനെതിരെ മത്സരിച്ചപ്പോൾ 53 ശതമാനം സ്‌ത്രീകളും ട്രംപിന്‌ അനുകൂലമായാണ്‌ വിധിയെഴുതിയത്‌. ഇത്തവണ 40 ശതമാനം സ്‌ത്രീ വോട്ടുകൾ മാത്രമേ ട്രംപിന്‌ അനുകൂലമാകൂ എന്നാണ്‌ സര്‍വേകള്‍ സൂചിപ്പിക്കുന്നത്. പരമ്പരാഗതമായി ഡെമോക്രാറ്റുകൾക്ക്‌ അനുകൂലമായി വിധിയെഴുതിയിരുന്നു അറബ്‌–- അമേരിക്കൻ ജനതയിൽ ഇത്തവണ അവര്‍ക്ക് സ്വാധീനം കുറയുന്നുണ്ടെന്നും വിലയിരുത്തപ്പെടുന്നു. ഗാസയിലും ലബനനിലും ഇസ്രയേലിനെ സഹായിക്കുന്ന അമേരിക്കയിലെ ഡെമോക്രാറ്റിക്‌ സർക്കാരിനെതിരായ വികാരം ശക്തമാണ്‌. ഇത്‌ മുതലെടുക്കാൻ ട്രംപിന്‌ കഴിഞ്ഞാൽ റിപ്പബ്ലിക്കൻ പാർടിയ്‌ക്ക്‌ നേട്ടമാകും. കറുത്ത വംശജർക്കിടയിലും ലാറ്റിനോ യുവാക്കൾക്കിടയിലും ട്രംപിന്റെ പ്രചാരണം ഏശുന്നുണ്ടെന്നും സര്‍വേകള്‍ വെളിപ്പെടുത്തുന്നു.

ചാഞ്ചാട്ടക്കാര്‍ വിധിയെഴുതും
വിധി നിർണ്ണയിക്കുക ഏഴ്‌ ചാഞ്ചാട്ട സംസ്ഥാനങ്ങളാണ്‌. വിസ്‌കോൺസിൻ, മിഷിഗൺ എന്നിവിടങ്ങളിൽ കമലയ്‌ക്ക്‌ മുൻതൂക്കമെന്നാണ്‌ വിലയിരുത്തൽ.  ട്രംപ് വിസ്‌കോൺസിനും മിഷിഗണും പെൻവിൽവാനിയയും നേടിയാണ് ട്രംപ് 2016-ൽ വൈറ്റ്‌ ഹൗസിലെത്തിയത്. 2020ൽ ജോ ബൈഡൻ ഈ സംസ്ഥാനങ്ങൾ തിരിച്ചുപിടിച്ചപ്പോൾ ട്രംപ്‌ വീണു. ബൈഡന്റെ നേട്ടം കമലയ്‌ക്ക്‌ ആവർത്തിക്കാനാകുമോ എന്നാണ് അറിയേണ്ടത്.

കുടിയേറ്റ നയം ചർച്ചയാകും
 2016ൽ ജനവിധി തേടിയപ്പോഴും മെക്‌സിക്കൻ അതിർത്തി വഴി അമേരിക്കയിലേക്ക്‌ അനധികൃതമായെത്തുന്ന കുടിയേറ്റക്കാർക്കെതിരെ ശത്രുതാപരമായ നിലപാടാണ്‌ ട്രംപ്‌ സ്വീകരിച്ചത്‌. ബൈഡൻ പ്രസിഡന്റായ ശേഷമുള്ള മൂന്ന്‌ വർഷങ്ങളിൽ അനധികൃത കുടിയേറ്റക്കാരുടെ എണ്ണമേറി. അതിനാല്‍ അനധികൃത കുടിയേറ്റം തടയാൻ ട്രംപാണ്‌ യോഗ്യനെന്നാണ്‌ സർവേ ഫലങ്ങളിൽ പ്രതിഫലിക്കുന്നത്‌. അമേരിക്കയുടെ സാമ്പത്തിക നയത്തിലും ജനങ്ങൾ തൃപ്‌തരല്ല. രാജ്യം തെറ്റായ സാമ്പത്തിക പാതയിലൂടെയാണ്‌ സഞ്ചരിക്കുന്നതെന്നാണ്‌ 60 ശതമാനത്തിലധികം പേരും ചിന്തിക്കുന്നത്‌.

ട്രംപിന്റെ 
ജനസമ്മിതിയിൽ ഇടിവ്‌
 43 ശതമാനം അമേരിക്കക്കാരുടെ പിന്തുണ മാത്രമാണ്‌ ട്രംപിനുള്ളതെന്നാണ്‌ മറ്റൊരു സർവേ ഫലം സൂചിപ്പിക്കുന്നത്‌. ഭരണത്തിലിരുന്ന നാല്‌ വർഷത്തിൽ ട്രംപിന്റെ ജനസമ്മിതി ഉയർന്നിട്ടില്ല. എല്ലാ റിപ്പബ്ലിക്കൻ പാര്‍ടിക്കാരും ട്രംപിനുവേണ്ടി മുദ്രാവാക്യം വിളിക്കുന്നവരല്ല.  അതുകൊണ്ട് ഇത്തവണയും ജനകീയവോട്ടില്‍ ട്രംപ് പിന്നിലാകുമെന്നും കരുതുന്നവരുണ്ട്.



 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top