കീവ്
റഷ്യയിൽനിന്ന് വൻ ആക്രമണം ഉണ്ടാകുമെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ഉക്രയ്‌ൻ തലസ്ഥാനം കീവിലെ അമേരിക്കൻ എംബസി അടച്ചിട്ടു. ബുധനാഴ്ച എംബസി പ്രവർത്തിക്കില്ലെന്നും ജീവനക്കാരോട് സുരക്ഷിത സ്ഥാനത്തേക്ക് മാറാൻ നിർദേശിച്ചതായും അധികൃതർ അറയിച്ചു. കീവിലെ അമേരിക്കൻ പൗരർ ജാഗ്രത പാലിക്കണമെന്നും വ്യോമാക്രമണ മുന്നറിയിപ്പ് ഉണ്ടായാൽ ഉടൻ സുരക്ഷിത ഇടത്തേക്ക് മാറണമെന്നും നിർദേശിച്ചു.
അമേരിക്ക നൽകിയ ദീർഘദൂര മിസൈലുകൾ ഉപയോഗിച്ച് റഷ്യയെ ആക്രമിക്കാൻ പ്രസിഡന്റ് ജോ ബൈഡൻ ഉക്രയ്‌ന് അനുമതി നൽകിയിരുന്നു. തൊട്ടുപിന്നാലെ, ഉക്രയ്‌ൻ റഷ്യയിലേക്ക് ആറ് ദീർഘദൂര മിസൈലുകൾ അയച്ചു. ശക്തമായ തിരിച്ചടി ഉണ്ടാകുമെന്ന് റഷ്യ വ്യക്തമാക്കിയിരുന്നു.
റഷ്യയെ ആക്രമിക്കാൻ പാശ്ചാത്യ രാജ്യങ്ങൾ ഉക്രയ്‌ന് ആയുധം നൽകുന്നത് നാറ്റോയും അമേരിക്കയും യൂറോപ്യൻ യൂണിയൻ രാജ്യങ്ങളും റഷ്യയുമായി നേരിട്ട് യുദ്ധം ചെയ്യുന്നതായി കണക്കാക്കുമെന്ന് റഷ്യൻ പ്രസിഡന്റ് വ്‌ലാദിമിർ പുടിൻ വ്യക്തമാക്കിയിരുന്നു. പുതുക്കിയ ആണവനയത്തിൽ കഴിഞ്ഞ ദിവസം പുടിൻ ഒപ്പിട്ടിരുന്നു. ബ്രിട്ടീഷ് നിർമിത സ്‌റ്റോം ഷാഡോ മിസൈലുകൾ ഉപയോഗിച്ച് ഉക്രയ്‌ൻ റഷ്യയിലേക്ക് ആക്രമണം നടത്തിയതായും റിപ്പോർട്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..