മനാമ > അറബിക്കടലിൽ ബോട്ടിൽ കടത്തുകയായിരുന്ന 150 ടാങ്ക് വേധ ഗൈഡഡ് മിസൈലുകളും മൂന്ന് ഭൂതല ക്രൂയിസ് മിസൈലുകളും അമേരിക്കൻ നാവികസേന പിടികൂടി. ഫെബ്രുവരി ഒമ്പതിന് അമേരിക്കൻ യുദ്ധക്കപ്പലായ യുഎസ്എസ് നോർമാണ്ടിയിലെ സൈനികരാണ് പരമ്പരാഗത ബോട്ട് വളഞ്ഞ് ആയുധങ്ങൾ പിടികൂടിയതെന്ന് അമേരിക്കൻ നാവികസേന സെൻട്രൽ കമാൻഡ് വാർത്താകുറിപ്പിൽ അറിയിച്ചു. ബോട്ടിലേക്ക് അമേരിക്കൻ സൈനികർ പ്രവേശിക്കുന്ന വീഡിയോയും പുറത്തുവിട്ടു.
ഹ്ലാവീ ഇനത്തിൽപ്പെട്ടതാണ് ടാങ്ക്‌വേധ മിസൈലുകൾ. ഇവ ഇറാനിൽ നിർമിച്ചതും റഷ്യൻ കോർണെറ്റ് ഗൈഡഡ് മിസൈലുകളുടെ പകർപ്പുമാണെന്ന് നാവികസേന പറഞ്ഞു. പിടിച്ചെടുത്ത മറ്റ് ആയുധങ്ങൾക്കും ആയുധ ഘടകങ്ങൾക്കും ഇറാനിയൻ രൂപകൽപ്പനയും നിർമാണരീതിയുമാണ്.
ഇവയിൽ പലതിനും കഴിഞ്ഞവർഷം നവംബർ 25ന് അറബിക്കടലിൽ അമേരിക്കൻ യുദ്ധക്കപ്പലായ യുഎസ്എസ് ഫോറസ്റ്റ് ഷെർമാൻ (ഡിഡിജി 98) പിടിച്ചെടുത്ത ആയുധങ്ങളുമായി സാമ്യമുള്ളവയാണെന്ന് നാവികസേന അറിയിച്ചു. അവ ഹൂതികളുടെ പക്കലുള്ള ഇറാൻ നിർമിത ആയുധങ്ങളാണെന്ന് ആരോപിക്കപ്പെട്ടിരുന്നു. യുഎൻ പ്രമേയപ്രകാരം രാജ്യത്തിനു പുറത്ത് ആയുധങ്ങൾ വിതരണം ചെയ്യുന്നതിനും വിൽക്കുന്നതിനും ഇറാനെ വിലക്കിയിട്ടുണ്ട്. യമനിലെ ഹൂതികൾക്ക് ആയുധം നൽകുന്നതിനും വിലക്കുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..