23 December Monday

യുഎസിന്റെ ഉപരോധം ചെറുക്കും: ക്യൂബൻ സ്ഥാനപതി

സ്വന്തം ലേഖകൻUpdated: Friday Feb 14, 2020

ന്യൂഡൽഹി
ക്യൂബയ്‌ക്കെതിരെ അമേരിക്ക തുടരുന്ന സാമ്പത്തിക ഉപരോധം പിൻവലിക്കുന്നതിന്‌ മൂന്നാമത്‌  രാജ്യത്തിന്റെ ഇടപെടൽ ആവശ്യപ്പെടില്ലെന്ന്‌ ഇന്ത്യയിലെ ക്യൂബൻ സ്ഥാനപതി ഓസ്‌ക്കാർ മാർട്ടിനസ്‌. ഇന്ത്യയുൾപ്പെടെ രാജ്യങ്ങൾ ക്യൂബയ്‌ക്ക്‌ അനുകൂലമായ നിലപാടാണ്‌ ഐക്യരാഷ്ട്ര സംഘടനയിലടക്കം സ്വീകരിച്ചതെന്നും പ്രസ്‌ക്ലബ്ബിൽ മാധ്യമപ്രവർത്തകരുമായുള്ള മുഖാമുഖത്തിൽ അദ്ദേഹം പറഞ്ഞു.

ഉപരോധം നീക്കുന്നതിന്‌ ഐക്യരാഷ്ട്ര സംഘടനയിൽ 26 തവണ ക്യൂബ പ്രമേയം കൊണ്ടുവന്നപ്പോഴും അമേരിക്കയും ഇസ്രയേലുമാണ്‌ എതിർത്തത്‌. അരനൂറ്റാണ്ടിലേറെ നീണ്ട ഉപരോധം ബറാക്‌ ഒബാമ  പ്രസിഡന്റായിരിക്കെ ഭാഗികമായി പിൻവലിക്കുകയും നയതന്ത്രബന്ധം പുനഃസ്ഥാപിക്കുകയും ചെയ്‌തു. ഉപരോധത്തിനെതിരായ പ്രമേയത്തിൽ വോട്ടുചെയ്യാതെ അമേരിക്ക വിട്ടുനിന്നു. ഡോണൾഡ്‌ ട്രംപ്‌
അധികാരത്തിലെത്തിയതോടെ ഉപരോധം കടുപ്പിച്ചു.

അമേരിക്കയിൽനിന്നുള്ള വിനോദസഞ്ചാരികൾ ക്യൂബയിലെത്തുന്നതിന്‌ ട്രംപ്‌ നിയന്ത്രണം കൊണ്ടുവന്നു. ഇത്‌ 400 കോടി ഡോളറിന്റെ നഷ്ടമാണ്‌ ക്യൂബയ്‌ക്ക്‌ ഉണ്ടാക്കിയത്‌. അസ്ഥിരപ്പെടുത്താനുള്ള അമേരിക്കൻ നീക്കം ക്യൂബൻജനത ശക്തമായി ചെറുക്കുകയാണ്‌.
ഇറാനെതിരായ ഉപരോധങ്ങളെയും ക്യൂബ എതിർക്കുന്നു.  കാട്ടുതീ വിഴുങ്ങിയ ആമസോൺ കാടുകളിൽ ബ്രസീൽപോലും തിരിഞ്ഞുനോക്കാത്ത സാഹചര്യത്തിലും ക്യൂബയിൽനിന്നുള്ള ഡോക്ടർമാരുടെ സംഘം പ്രവർത്തിക്കുന്നു. ചരിത്രപരമായി ഇന്ത്യയുമായി വലിയ സൗഹൃദമാണ്‌ ക്യൂബയ്‌ക്കുള്ളത്‌.

1959ൽ ക്യൂബൻ വിപ്ലവശേഷം ഫിഡൽ കാസ്‌ട്രോയുടെ നിർദേശപ്രകാരം നയതന്ത്ര ചർച്ചകൾക്കായി ചെ ഗുവേര ഇന്ത്യയിലെത്തി. പ്രധാനമന്ത്രി നെഹ്‌റുവുമായി ചെ ഗുവേര കൂടിക്കാഴ്‌ച നടത്തി. 2018ൽ രാഷ്‌ട്രപതി രാംനാഥ്‌ കോവിന്ദ്‌ ക്യൂബ സന്ദർശിച്ചു. ഇന്ത്യയുമായി കൂടുതൽ വാണിജ്യബന്ധം സ്ഥാപിക്കാൻ ക്യൂബ ലക്ഷ്യമിടുന്നതായും ഓസ്‌ക്കാർ മാർട്ടിനസ്‌ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top