17 November Sunday

വിപിഎൻ ഉപയോഗിക്കുന്നത് മതവിരുദ്ധമെന്ന്‌ പാക്കിസ്ഥാൻ ഭരണഘടനാ മതവിഭാഗം

വെബ് ഡെസ്‌ക്‌Updated: Sunday Nov 17, 2024

ഇസ്ലാമാബാദ്‌ >  വെർച്വൽ പ്രൈവറ്റ് നെറ്റ്‌വർക്കുകൾ (വിപിഎൻ) ഉപയോഗിക്കുന്നത് 'അനിസ്‌ലാമികം' ആണെന്ന് പാക്കിസ്ഥാൻ ഭരണഘടനാ മതവിഭാഗം ഉത്തരവ് പുറപ്പെടുവിച്ചതിന് പിന്നാലെ രൂക്ഷ വിമർശനമായി നിരവധി പേർ രംഗത്ത്‌. ഇന്റർനെറ്റിൽ ബ്ലോക്ക് ചെയ്‌ത ഉള്ളടക്കം ആക്‌സസ് ചെയ്യാൻ വിപിഎൻ ഉപയോഗിക്കുന്നത്‌ ഇസ്ലാമിന്‌ ചേരുന്നതല്ല എന്നതായിരുന്നു നിരീക്ഷണം.  

"അധാർമ്മികമോ നിയമവിരുദ്ധമോ ആയ ഉള്ളടക്കം" ലഭിക്കാൻ വേണ്ടി  വിപിഎൻ ഉപയോഗിക്കുന്നത് ശരിയത്തിന് എതിരാണെന്ന് സിഐഐ മേധാവി റാഗിബ് നയീമി പറഞ്ഞതായി ഡോൺ പത്രം റിപ്പോർട്ട് ചെയ്‌തു.  മുതിർന്നവർക്കുള്ള ഉള്ളടക്കമോ മതനിന്ദ ഉള്ള കാര്യങ്ങളോ കാണുന്നത് ഒരു പ്രശ്നമാണെങ്കിൽ വിപിഎനിന്‌ മുമ്പ് മൊബൈൽ ഫോണുകൾ അനിസ്ലാമികമായി പ്രഖ്യാപിക്കണമെന്ന്‌ മുതിർന്ന മതപണ്ഡിതൻ മൗലാന താരിഖ് ജമീൽ ശനിയാഴ്ച  സോഷ്യൽ മീഡിയ കുറിപ്പിൽ പറഞ്ഞു.

സാങ്കേതികവിദ്യ എല്ലായ്‌പ്പോഴും നിഷ്‌പക്ഷമാണെന്നും അതിന്റെ ഉപയോഗമോ ദുരുപയോഗമോ മാത്രമാണ് അതിനെ 'ഹലാലും ഹറാമും' ആക്കുന്നതെന്ന്‌ ടെലികോം കമ്പനിയായ നയാടെലിന്റെ സിഇഒ വഹാജ് സിറാജ് പറഞ്ഞു.

വിപിഎൻ തീവ്രവാദത്തിനായി ഉപയോഗിക്കുന്നതിനാൽ അവയുടെ നിയമവിരുദ്ധമായ ഉപയോഗത്തിനെതിരെ നടപടിയെടുക്കാൻ  പാകിസ്ഥാൻ ടെലികോം അതോറിറ്റിയോട് ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ഉത്തരവിനെതിരെ ശക്തമായ വിമർശനം ഉയരുന്നത്‌.

വിപിഎൻ തടയാനുള്ള നടപടി ഭരണഘടന അനുശാസിക്കുന്ന സ്വകാര്യതയുടെ അവകാശങ്ങൾക്ക് വിരുദ്ധമാണെന്ന് ഡിജിറ്റൽ റൈറ്റ്‌സ് ഫൗണ്ടേഷന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടർ നിഗത് ഡാഡ് വ്യക്തമാക്കി.

വിപിഎൻ സംബന്ധിച്ചുള്ള പ്രസ്‌താവന  നയീമിയുടെ വ്യക്തിപരമായ വീക്ഷണമാണെന്നും കൗൺസിലിന്റെ തീരുമാനമല്ലെന്നും ഒരു സിഐഐ അംഗം പറഞ്ഞതായി ഡോൺ റിപ്പാർട്ട്‌ ചെയ്‌തു. സാങ്കേതികവിദ്യ ഉപയോഗിച്ച് അധാർമികമായ ഉള്ളടക്കം കാണുന്നതിനെ മതപരമായ പ്രശ്നമായി കണക്കാക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top