കരാക്കസ്
തെരഞ്ഞെടുപ്പിൽ പ്രസിഡന്റ് നിക്കോളാസ് മഡൂറോ വിജയിച്ചതിന് പിന്നാലെ വെനസ്വേലയെ കലാപക്കളമാക്കി തീവ്രവലത് പാർടികൾ. തെരഞ്ഞെടുപ്പ് ഫലം അംഗീകരിക്കില്ലെന്ന് പ്രഖ്യാപിച്ച് നൂറിൽപ്പരം ഇടങ്ങളിൽ പ്രതിപക്ഷ പ്രവര്‍ത്തകര്‍ പൊലീസുമായി ഏറ്റുമുട്ടി.
തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള തീവ്ര വലതുപാർടികളുടെ ശ്രമം പരാജയപ്പെട്ടപ്പോൾ അവർ കലാപവുമായി ഇറങ്ങിയെന്ന് മഡൂറോ പറഞ്ഞു. തെരഞ്ഞെടുപ്പ് ഫലം പുറത്തുവരാതിരിക്കാനായി രണ്ടുതവണ തീവ്ര വലത് പാർടികളുടെ നേതൃത്വത്തിൽ തെരഞ്ഞെടുപ്പ് കൗൺസിൽ ഓഫീസിലടക്കം വൈദ്യുതി തടസ്സപ്പെടുത്തി. വാഹനങ്ങളും തെരഞ്ഞെടുപ്പ് സാമഗ്രികളും കത്തിച്ചു.
അറസ്‌റ്റിലായവരിൽ 90 ശതമാനത്തിലേറെയും ലഹരിവസ്തുക്കൾക്ക് അടിപ്പെട്ട, ക്രിമിനിൽ സംഘാംഗങ്ങളാണ്–- മഡൂറോ പറഞ്ഞു.രാജ്യത്തെ സംഘര്‍ഷാവസ്ഥയെ തുടര്‍ന്ന് പാനമയിൽനിന്നും ഡൊമിനിക്കൻ റിപ്പബ്ലിക്കിൽനിന്നുമുള്ള വിമാന സർവീസുകൾ താൽക്കാലികമായി നിർത്തിവച്ചു.
വെനസ്വേലയെ അസ്ഥിരപ്പെടുത്താനുള്ള നീക്കങ്ങളെ നിക്കരാഗ്വ അപലപിച്ചു. 2014നുശേഷം മഡൂറോ മൂന്ന് പുറത്താക്കൽ ശ്രമങ്ങളെ അതിജീവിച്ചിട്ടുണ്ട്.
മഡൂറോയുടെ തെരഞ്ഞെടുപ്പ് വിജയം അംഗീകരിക്കില്ലെന്ന് പ്രഖ്യാപിച്ച ഏഴ് ലാറ്റിൻ അമേരിക്കൻ രാഷ്ട്രങ്ങളിൽനിന്ന് നയതന്ത്രജ്ഞരെ തിരിച്ചുവളിച്ച് വെനസ്വേല. അർജന്റീന, ചിലി, കോസ്‌റ്റാ റിക്ക, പെറു, പാനമ, ഡൊമിനിക്കൻ റിപ്പബ്ലിക്ക്, ഉറുഗ്വേ എന്നിവങ്ങളിൽനിന്നാണ് നയതന്ത്രജ്ഞരെ പിൻവലിക്കുന്നത്. വെനസ്വേലയിലെ ഈ രാഷ്ട്രങ്ങളുടെ പ്രതിനിധികൾ പുറത്തുപോകണമെന്നും ആവശ്യപ്പെട്ടു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..