27 December Friday

വിവാ വെനസ്വേല; പ്രസിഡന്റ് പദത്തില്‍ മൂന്നാംവട്ടവും നിക്കോളാസ് മഡൂറോ

വെബ് ഡെസ്‌ക്‌Updated: Tuesday Jul 30, 2024

കരാക്കസ്‌> ജനങ്ങളുടെ കരുത്തിൽ വീണ്ടും ചുവപ്പണിഞ്ഞ് വെനസ്വേല. പുതിയകാല വെല്ലുവിളികള്‍ ഏറ്റെടുത്ത് രാജ്യത്തെ മുന്നോട്ട് നയിക്കാന്‍ വെനസ്വേലന്‍ ജനത വിപ്ലവ നക്ഷത്രം ഹ്യൂഗോ ഷാവേസിന്റെ പ്രിയസഖാവ് നിക്കോളാസ്‌ മഡൂറോയെ വീണ്ടും നിയോ​ഗിച്ചു. യുണൈറ്റഡ്‌ സോഷ്യലിസ്റ്റ്‌ പാർടി ഓഫ്‌ വെനസ്വേല നേതാവ്‌ മഡൂറോ പ്രസിഡന്റ് പദത്തില്‍ മൂന്നാംവട്ടവും തുടരും.  ജനാധിപത്യവും നിയമസംവിധാനവും ക്രമസമാധാനവും സംരക്ഷിക്കുമെന്നും തെരഞ്ഞെടുപ്പിൽ ഇടപെടാൻ വിദേശ ശക്തികൾ നടത്തിയ ശ്രമം പരാജയപ്പെട്ടെന്നും  മഡൂറോ ജനങ്ങളോട് പറഞ്ഞു.  ബ്രിട്ടനിലും ഫ്രാൻസിലും ദൃശ്യമായ ഇടതുപക്ഷമുന്നേറ്റം, വെനസ്വേലയിൽ വീണ്ടും ഇടിമുഴക്കം തീര്‍ത്തത് ലോകമെങ്ങുമുള്ള പുരോഗമനവാദികളെ ആവേശം കൊള്ളിച്ചു.

ഞായറാഴ്ച നടന്ന തെരഞ്ഞെടുപ്പിൽ  80- ശതമാനം വോട്ടെണ്ണിയപ്പോൾ മഡൂറോയ്ക്ക്‌ 51.21 ശതമാനം വോട്ട്‌ ലഭിച്ചു.- ഇലക്ടറൽ കൗൺസിൽ കണക്കുകൾ പ്രകാരം പ്രധാന എതിർ സ്ഥാനാർഥി എഡ്‌മുണ്ട്‌ ഗോൺസാലസ്‌ ഉറുട്ടിക്ക്‌ 44.2 ശതമാനം മാത്രം. ഷാവേസ്‌ അര്‍ബുദബാധിതനായി അകാലത്തില്‍ വിടപറഞ്ഞതോടെയാണ് വൈസ്‌ പ്രസിഡന്റായിരുന്ന മഡുറോ 2013ൽ ആദ്യമായി പ്രസിഡന്റായത്‌. 25 വർഷമായി രാജ്യം ഭരിക്കുന്ന യുണൈറ്റഡ്‌ സോഷ്യലിസ്റ്റ്‌ പാർടിയെ താഴെയിറക്കുമെന്ന്‌ പ്രഖ്യാപിച്ചാണ്‌ പ്രതിപക്ഷം ഇക്കുറി തെരഞ്ഞെടുപ്പിനെ നേരിട്ടത്‌. വിരമിച്ച നയതന്ത്രജ്ഞൻ ഗോൺസാലസിനെ പ്രധാന പ്രതിപക്ഷകക്ഷികൾ സംയുക്ത സ്ഥാനാർഥിയാക്കി. മഡൂറോ ജയിക്കുമെന്ന സർവെ റിപ്പോർട്ടുകൾ വന്നതോടെ അന്താരാഷ്ട്രതലത്തിൽത്തന്നെ വൻകിട മാധ്യമങ്ങളെ ഉപയോഗിച്ച്‌ അപകീർത്തികരമായ പ്രചാരണങ്ങളും നടത്തി. എക്സിറ്റ്‌ പോളിൽ മഡൂറോ പരാജയപ്പെടുമെന്നായിരുന്നു പ്രവചനം. ഇതോടെ തെരുവുകളിൽ പ്രതിപക്ഷം ആഘോഷം തുടങ്ങി. 

എന്നാൽ, ഷാവേസിന്റെ എഴുപതാം ജന്മവാർഷികത്തിൽ വിധിയെഴുതിയ വെനസ്വേലന്‍ ജനങ്ങൾ മഡൂറോയെ വൻ ഭൂരിപക്ഷത്തോടെ വീണ്ടും അധികാലത്തിലെത്തിച്ചു.
 ഫലം അംഗീകരിക്കില്ലെന്ന്‌ ഗോൺസാലസും കൂട്ടരും പ്രഖ്യാപിച്ചു. 70 ശതമാനം വോട്ടുനേടി ഗോൺസാലസ്‌ ജയിച്ചെന്നാണ്‌ പ്രതിപക്ഷവാദം. ലാറ്റിൻ അമേരിക്കയിൽ നിലവിൽ കൊളംബിയ, ബൊളീവിയ, മെക്‌സിക്കോ, പെറു, നിക്കാരാഗ്വ, ബ്രസീൽ, ചിലി  എന്നീരാജ്യങ്ങളും ഇടതുപക്ഷ ഭരണത്തിലാണ്‌.

അഭിനന്ദന പ്രവാഹം

ഗംഭീരമായ തെരഞ്ഞെടുപ്പ്‌ വിജയത്തിൽ മഡൂറോയെ അഭിനന്ദിച്ച്‌ ക്യൂബ, ബൊളീവിയ, ഹോണ്ടുറാസ്, നിക്കരാ​ഗ്വ, സിറിയ തുടങ്ങിയ രാജ്യങ്ങള്‍ രം​ഗത്തെത്തി.
വെനസ്വേലന്‍ ജങ്ങള്‍ക്കുമേല്‍ ക്രൂരമായ ഉപരോധം അടിച്ചേല്‍പ്പിക്കുന്ന അമേരിക്കന്‍ സര്‍ക്കാരിനുള്ള ചുട്ടമറുപടിയാണ് മഡൂറോയുടെ മൂന്നാംവിജയമെന്ന് ക്യൂബന്‍ വിപ്ലവകാരിയും മുന്‍ പ്രസിഡന്റുമായ റൗള്‍ കാസ്ട്രോ അഭിനന്ദന സന്ദേശത്തില്‍ പറഞ്ഞു. ഷാവേസിന്‌ ഇതിലും വലിയ ആദരം നൽകാനില്ലെന്ന് ബൊളീവിയ പ്രസിഡന്റ്‌ ലൂയിസ്‌ ആർസെ പ്രതികരിച്ചു. ജനങ്ങളും വിപ്ലവവും ജയിച്ചെന്ന് ക്യൂബന്‍ പ്രസിഡന്റ് മി​ഗ്വല്‍ ഡിയല്‍ കാനെല്‍ പറഞ്ഞു. എന്നാല്‍, ജനേച്ഛ പ്രതിഫലിക്കുന്ന ഫലമല്ലെന്ന്‌ അമേരിക്കൻ സ്റ്റേറ്റ്‌ സെക്രട്ടറി ആന്റണി ബ്ലിങ്കൻ പറഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പിലെ മഡൂറോയുടെ വിജയവും അമേരിക്ക അംഗീകരിച്ചിരുന്നില്ല.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top