ലണ്ടൻ > ബ്രിട്ടനിൽ സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ കുതിച്ചുയരുന്നു. ഇംഗ്ലണ്ടിലും വെയിൽസിലും പ്രതിദിനം 3,000 കുറ്റകൃത്യങ്ങൾ വരെ റിപ്പോർട്ട് ചെയ്യുന്നുവെന്നും ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിക്കേണ്ടതിന് സമാനമായ സ്ഥിതിയാണെന്നുമാണ് യുകെ പൊലീസ് അറിയിക്കുന്നത്.
രാജ്യത്തെ സ്ത്രീസുരക്ഷയെക്കുറിച്ച് പഠിക്കുന്ന വയലൻസ് എഗയ്ൻസ്റ്റ് വുമൺ ആൻഡ് ഗേൾസ് സംഘടനയും പൊലീസ് മേധാവിയുടെ കൗൺസിലും സംയുക്തമായി നടത്തിയ പഠനമനുസരിച്ച് പ്രതിവർഷം രാജ്യത്തെ പന്ത്രണ്ടു സ്ത്രീകളിൽ ഒരാൾ അതിക്രമം നേരിടുന്നു. 2019ൽ റിപ്പോർട്ടു ചെയ്തതിനെക്കാളും 37 ശതമാനത്തിന്റെ വർധനവാണ് അതിക്രമങ്ങളിൽ കഴിഞ്ഞ വർഷം ഉണ്ടായത്. ഇംഗ്ലണ്ടിലെയും വെയിൽസിലെയും പ്രായപൂർത്തിയായ 20 പേരിൽ ഒരാൾ ഇത്തരം കുറ്റകൃത്യങ്ങളിൽ പ്രതിയാണ്.
2023ൽ മാത്രം ഗാർഹിക പീഡനം, ലൈംഗികാതിക്രമം, കൈയേറ്റം, പിന്തുടർന്ന് ശല്യപ്പെടുത്തൽ എന്നീ വിഭാഗങ്ങളിൽപ്പെടുന്ന ഇരുപതുലക്ഷത്തിലധികം കേസുകളാണ് റിപ്പോർട്ടു ചെയ്തത്. ഇന്റർനെറ്റിലൂടെ പ്രചരിക്കുന്ന സ്ത്രീവിരുദ്ധ പ്രചാരണങ്ങൾ നിയന്ത്രിക്കാൻ നടപടികൾ സ്വീകരിക്കണമെന്ന് യുകെ ഡെപ്യൂട്ടി ചീഫ് കോൺസ്റ്റബിൾ മാഗി ബ്ലിത് അറിയിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..