പ്യോങ്യാങ്> ഉത്തരകൊറിയയ്ക്ക് സമ്മാനമായി എഴുപതിലധികം മൃഗങ്ങളെ നൽകിയതായി റഷ്യൻ സർക്കാർ അറിയിച്ചു.
ഒരു ആഫ്രിക്കൻ സിംഹത്തെയും രണ്ട് തവിട്ട് കരടികളും ഉൾപ്പെടെ 70 ലധികം മൃഗങ്ങളെയാണ് മോസ്കോയിലെ മൃഗശാലയിൽ നിന്ന് ഉത്തര കൊറിയൻ തലസ്ഥാനമായ പ്യോങ്‌യാങ്ങിലെ മൃഗശാലയിലേക്ക് മാറ്റിയത്.
ഈ മൃഗങ്ങൾ കൊറിയൻ ജനതയ്ക്ക് വ്‌ളാഡിമിർ പുടിൻ (റഷ്യൻ പ്രസിഡന്റ്) നൽകിയ സമ്മാനമാണെന്ന് സർക്കാർ പറഞ്ഞു. മോസ്കോ മൃഗശാലയിൽ നിന്നുള്ള മൃഗഡോക്ടർമാരുടെയേും റഷ്യയുടെ പ്രകൃതിവിഭവ മന്ത്രി അലക്സാണ്ടർ കോസ്ലോവിന്റെയും മേൽനോട്ടത്തിലാണ് പ്യോങ്യാങ് സെൻട്രൽ മൃഗശാലയിലേക്ക് മൃഗങ്ങളെ വിമാനത്തിൽ കയറ്റി അയച്ചത്.
ഏപ്രിലിൽ റഷ്യ പ്യോങ്‌യാങ് സെൻട്രൽ മൃഗശാലയിലേക്ക് കഴുകൻ, തത്തകൾ എന്നിവയുൾപ്പെടെയുള്ള പക്ഷികളെ നൽകിയിരുന്നു.
ജൂണിൽ പുടിൻ ഉത്തരകൊറിയ സന്ദർശിക്കുകയും ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉന്നുമായി അടുത്ത ബന്ധം സ്ഥാപിക്കുകയും ചെയ്‌തിരുന്നു. ആ യാത്രയിൽ പുടിന് ഒരു ജോടി പുങ്‌സാൻ നായ്ക്കളെ കിം സമ്മാനിച്ചു. റഷ്യൻ നിർമ്മിത ഓറസ് ലിമോസിനിൽ ഇരുവരും സഞ്ചരിച്ചിരുന്ന ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..