23 November Saturday

യുദ്ധഭീതിയില്‍ മധ്യപൗരസ്ത്യ ദേശം

വെബ് ഡെസ്‌ക്‌Updated: Sunday Aug 4, 2024

photo credit: X

ടെൽ അവീവ്‌/ വാഷിങ്‌ടൺ > അതിർത്തി കടന്നുള്ള ഇസ്രയേൽ ആക്രമണങ്ങൾ കലുഷിതമാക്കിയ മധ്യപൗരസ്ത്യ ദേശത്ത്‌ യുദ്ധഭീതി പരത്തി അധിക സേനയെ വിന്യസിച്ച്‌ അമേരിക്ക. മേഖലയിൽ കൂടുതൽ പടക്കപ്പലുകളും യുദ്ധവിമാനങ്ങളും വിന്യസിക്കാൻ അമേരിക്കൻ പ്രതിരോധ സെക്രട്ടറി ലോയ്‌ഡ്‌ ഓസ്‌റ്റിൻ ഉത്തരവിട്ടു. ബാലിസ്‌റ്റിക്‌ മിസൈലുകളും വിന്യസിക്കും. ഇറാനില്‍ വച്ച് ഹമാസ്‌ നേതാവ്‌ ഇസ്മയില്‍ ഹനിയയെയും ലബനനിൽ ഹിസ്ബുള്ള നേതാവ്‌ മസൂദ്‌ ഫവദിനെയും ഇസ്രയേൽ വധിച്ചത്‌ അയൽരാജ്യങ്ങളെ പ്രകോപിപ്പിച്ചിട്ടുണ്ട്‌.

തുറന്ന യുദ്ധത്തിലേക്ക്‌ എന്ന ഭീതി പടരവേയാണ് ഇസ്രയേലിന് കരുത്തുപകരാനുള്ള അമേരിക്കന്‍ നീക്കം. യുഎസ്‌എസ്‌ എബ്രഹാം ലിങ്കൺ എയർക്രാഫ്‌റ്റ്‌ കാരിയർ സ്‌ട്രൈക്ക്‌ ഗ്രൂപ്പിനെയാണ്‌ മധ്യധരണ്യാഴിയിലേക്ക്‌ അയച്ചത്‌. നിരവധി യുദ്ധവിമാനങ്ങൾ വഹിക്കുന്ന കപ്പലാണിത്‌. നേരത്തേതന്നെ യുഎസ്‌എസ്‌ തിയോഡർ റൂസ്‌വെൽറ്റ്‌ കാരിയർ സ്‌ട്രൈക്ക്‌ ഗ്രൂപ്പ്‌ ഒമാൻ കടലിടുക്കിൽ തമ്പടിച്ചിട്ടുണ്ട്‌. ഇതിന്‌ പുറമേ, പോർവിമാനങ്ങളുടെ ഒരു സ്ക്വാഡ്രനെയും അയക്കും. 12 മുതൽ 24 ഫൈറ്റർ ജെറ്റുകളാണ്‌ ഒരു സ്ക്വാഡ്രനിലുള്ളത്‌. മേഖലയിൽ അമേരിക്കയുടെ നാല്‌ കപ്പലുകൾ നിരീക്ഷണം നടത്തുന്നുണ്ട്‌.
അതിനിടെ, ഹിസ്‌ബുള്ള ഇസ്രയേലിന്റെ സൈനിക പോസ്റ്റുകള്‍ മാത്രമല്ല മറ്റുകേന്ദ്രങ്ങളും ലക്ഷ്യമിടുമെന്ന് ഇറാന്റെ യു എൻ പ്രതിനിധി പ്രതികരിച്ചു. ഇസ്രയേലിനെ ആക്രമിക്കുമെന്ന്‌ ഹൂതി വിമതസേനയും പ്രഖ്യാപിച്ചിട്ടുണ്ട്‌.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top