ടെഹ്‌റാൻ> ഹിസ്ബുള്ളയുടെ മേധാവിയായതിന് ശേഷമുള്ള തന്റെ ആദ്യ സന്ദേശത്തിൽ ഇസ്രയേലുമായുള്ള യുദ്ധം തുടരുമെന്ന് വ്യക്തമാക്കി നയിം ഖാസിം.
ഇസ്രയേലും ഹിസ്ബുള്ളയും തമ്മിലുള്ള സംഘർഷങ്ങൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് നയിം ഖാസിമിന്റെ പ്രഖ്യാപനം. ഇസ്രയേൽ ഇറാനുനേരെ നടത്തിയ വ്യോമാക്രമണത്തിൽ ഹിസ്ബുള്ള തലവനായ ഹസ്സൻ നസ്‌റള്ള കൊല്ലപ്പെടുകയും അതിനുശേഷം ഇരു വിഭാഗങ്ങളും ആക്രമണം ശക്തമാക്കുകയും ചെയ്തിരുന്നു. തുടർന്ന് നസ്‌റള്ളയുടെ ബന്ധുവും അദ്ദേഹത്തിന്റെ പിൻഗാമിയുമായ ഹസെം സഫീദ്ദീൻ ഉൾപ്പെടെ നിരവധി ഹിസ്ബുള്ള നേതാക്കളെ ഇല്ലാതാക്കിയതായി ഇസ്രയേൽ അവകാശപ്പെട്ടിരുന്നു.
തങ്ങൾ യുദ്ധം തുടരുമെന്നും തന്റെ മുൻഗാമിയായ ഹസൻ നസ്‌റള്ളയുടെ അജണ്ട പിന്തുടരാൻ പദ്ധതിയിട്ടിട്ടുണ്ടെന്നും നയം ഖാസിം പറഞ്ഞു. "ഒക്‌ടോബർ ഏഴി (2023)ലെ ഹമാസിന്റെ ആക്രമണമാണ് ഇസ്രയേലിനെ പ്രകോപിപ്പിച്ചതെന്ന് അവകാശപ്പെടുന്നവർ 75 വർഷമായി പലസ്തീനികളെ കൊന്നൊടുക്കുകയും അവരുടെ ഭൂമിയും പുണ്യസ്ഥലങ്ങളും മറ്റ് സ്വത്തുക്കളും മോഷ്ടിക്കുകയുമാണെന്ന് മറക്കരുത്. ഇസ്രയേൽ നമ്മെ ആക്രമിക്കാൻ കാത്തിരിക്കുകയാണ്. ഒന്നും ചെയ്യാതിരിക്കുന്നതിനേക്കാൾ പ്രതിരോധ ആക്രമണത്തിലൂടെ ചെറുത്തുനിൽക്കുന്നതാണ് നല്ലത്. ഞങ്ങൾ തയ്യാറാണ്. അത് ഞങ്ങളുടെമേൽ അടിച്ചേൽപ്പിച്ചാൽ ഞങ്ങൾ നേരിടും.' എന്നും അദ്ദേഹം പറഞ്ഞു.
ഖാസിമിന്റെ നിയമനത്തിൽ ഇസ്രയേൽ പ്രതിരോധ മന്ത്രി യോവ് ഗാലന്റ് പ്രതികരിച്ചു. ഹിസ്‌ബുള്ളയുടെ പുതിയ നേതാവിന്റെ ഫോട്ടോയ്‌ക്കൊപ്പം "താത്കാലിക നിയമനം. അധികനാളായില്ല" എന്നാണ് യോവ് ഗാലന്റ് എക്സിൽ കുറിച്ചത്. "അദ്ദേഹം തന്റെ മുൻഗാമികളുടെ പാത പിന്തുടരുകയാണെങ്കിൽ, ഈ പദവിയിലുള്ള അദ്ദേഹത്തിന്റെ കാലാവധി ഹിസ്‌ബുള്ളയുടെ ചരിത്രത്തിലെ ഏറ്റവും ഹ്രസ്വമായിരിക്കാം." എന്നും ഗാലന്റ് പറഞ്ഞു.
ഇറാനിലേക്ക് നടത്തിയ ആക്രമണത്തിൽ തിരിച്ചടി നൽകുന്നതിനെപ്പറ്റി ആലോചിക്കുകയേ വേണ്ടെന്ന് ഇസ്രയേൽ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. തിരിച്ചടിച്ചാൽ ഇറാൻ പ്രതീക്ഷിക്കാത്ത ഇടങ്ങളില്‍ ആക്രമണം ഉണ്ടാകുമെന്നും ഇസ്രയേൽ സൈനിക മേധാവി ലഫ്. ജനറൽ ഹെർസി ഹലേവി പറഞ്ഞു.
മുമ്പത്തേത്തിനേക്കാൾ ശക്തമായ ആക്രമണമാകും ഭാവിയിൽ ഉണ്ടാവുകയെന്നും ഭീഷണിമുഴക്കി. ഇസ്രയേലിന് തിരിച്ചടി നൽകാൻ ഇറാൻ ഒരുങ്ങുകയാണെന്ന സൂചനകൾ ഇറാൻ സൈന്യം നൽകിയിരുന്നു. ‘സമയമാകുന്നു’ എന്ന കുറിപ്പോടെ സമൂഹമാധ്യമത്തിലാണ് ക്ലോക്കിന്റെ സൂചി ചലിക്കുന്ന വീഡിയോ പോസ്‌റ്റ് ചെയ്തത്. ‘ട്രൂ പ്രോമിസ് 3’ ഹാഷ് ടാഗുമിട്ടു. മിസൈലിന്റെ ഭാഗങ്ങളും വീഡിയോയിൽ തുടർന്ന് വരുന്നുണ്ട്. ഇംഗ്ലീഷിലും പേർഷ്യനിലുമായി ‘ശിക്ഷാനേരം അടുത്തെത്തി’ എന്നും എഴുതിയിട്ടുണ്ട്. ‘ദൈവത്തിന്റെ അന്തിമ ന്യായവിധി അടുത്തു’ എന്ന മറ്റൊരു പോസ്റ്റും ഇറാൻ സൈന്യം പോസ്റ്റ് ചെയ്‌തിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..