26 December Thursday

നഷ്ടന​ഗരമായി 
ബെയ്‌ത്‌ ലാഹിയ

വെബ് ഡെസ്‌ക്‌Updated: Thursday Oct 31, 2024

ഗാസ സിറ്റി
ഇസ്രയേലിന്റെ വംശവെറി ആക്രമണത്തില്‍ കോണ്‍ക്രീറ്റ് കൂമ്പാരമായി വടക്കന്‍ ​ഗാസയിലെ ബെയ്‌ത്‌ ലാഹിയ ന​ഗരം. ബോംബാക്രമണത്തിൽ 109 പേർ കൊല്ലപ്പെട്ട ന​ഗരം ‘ദുരന്ത മേഖ ല’യായി യു എൻ പ്രഖ്യാപിച്ചു. സ്ഥിതി ദുരന്തസമാനമാണെന്നും പലസ്‌തീൻ അഭയാർഥികൾക്കായുള്ള യുഎൻ ഏജൻസി ചൂണ്ടിക്കാട്ടി.  ഇസ്രയേലിന്റെ കൂട്ടക്കുരുതിക്ക്‌ ഉറച്ച പിന്തുണ നൽകുന്ന അമേരിക്കയ്‌ക്കുപോലും ബെയ്‌ത്‌ ലാഹിയയിലെ ആക്രമണത്തെ ‘ഭീതിജനകം’ എന്ന്‌ വിശേഷിപ്പിക്കേണ്ടി വന്നു. ഇസ്രയേലിനോട്‌ വിശദീകരണം ആവശ്യപ്പെട്ടതായി അമേരിക്കൻ സ്റ്റേറ്റ്‌ ഡിപ്പാർട്‌മെന്റ്‌ വക്താവ്‌ മാത്യു മില്ലർ പറഞ്ഞു.

ബെയ്‌ത്‌ ലാഹിയയിലെ അഞ്ചുനിലക്കെട്ടിടത്തിൽ ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടവരില്‍ ഉറങ്ങിക്കിടന്ന 25 കുട്ടികളുമുണ്ട്. മേൽക്കൂരയിൽ നിന്ന ഹമാസ്‌ പ്രവർത്തകനെ വധിക്കുകയായിരുന്നു ലക്ഷ്യമെന്നും കെട്ടിടം തകർക്കാൻ ഉദ്ദേശിച്ചില്ലെന്നുമാണ്‌ ഇസ്രയേലിന്റെ വിശദീകരണം. വടക്കൻ ഗാസയിലെ കമാൽ അദ്‌വാൻ ആശുപത്രി രോഗികളെക്കൊണ്ട്‌ നിറഞ്ഞു. മാരകമല്ലാത്ത പരിക്കേറ്റവർ നിലത്തുതന്നെ അനങ്ങാതെ കിടന്നാൽ മതിയെന്ന്‌ ഡോക്ടർമാർ നിർദേശിച്ചു.

വിനാശകരമായ ഘട്ടം

പശ്ചിമേഷ്യ പതിറ്റാണ്ടുകൾക്കിടയിലെ ഏറ്റവും വിനാശകരമായ ഘട്ടത്തിലാണെന്ന്‌ മേഖലയ്‌ക്കായുള്ള യുഎൻ പ്രത്യേക കോ–- ഓർഡിനേറ്റർ തോർ വെന്നെസ്‌ലാൻഡ്‌ രക്ഷാസമിതിയെ അറിയിച്ചു. തെക്കൻ ലബനനിലെ സരാഫന്ദിലും ഹാരേത്‌ സൈദയിലുമായി 15 പേർ കൊല്ലപ്പെട്ടു. കിഴക്ക്‌ ബാൽബെക്‌ നഗരത്തിലേക്കും തുടർ ആക്രമണങ്ങളുണ്ടായി.

തെക്കൻ ലബനനിലെ എട്ട്‌ പട്ടണങ്ങളിലെ ജനങ്ങൾ അവാലി നദിക്ക്‌ വടക്കോട്ട്‌ മാറണമെന്ന്‌ ഇസ്രയേൽ സൈന്യം ആവശ്യപ്പെട്ടു. അന്തിമ വിജയം തങ്ങളുടേതായിരിക്കുമെന്ന്‌ ഹിസ്‌ബുള്ളയുടെ പുതിയ സെക്രട്ടറി ജനറൽ നയിം ഖാസിം പ്രഖ്യാപിച്ചു. ഖാസിം സംഘടനയുടെ താൽക്കാലിക മേധാവി മാത്രമായിരിക്കുമെന്നും അധികനാൾ വാഴിക്കില്ലെന്നും ഇസ്രയേൽ പ്രതിരോധ മന്ത്രി യോവ്‌ ഗാലന്റ്‌ ഭീഷണി മുഴക്കി.അതിനിടെ, ഇസ്രയേലിനെ ആയുധമണിയിക്കുന്നത്‌ അവസാനിപ്പിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ മനുഷ്യാവകാശ സംഘടനകൾ ലണ്ടനിൽ മാർച്ച്‌ നടത്തി.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top