കലിഫോർണിയ
ലക്ഷക്കണക്കിന് കിലോമീറ്റർ നീളത്തിൽ ‘വാലുള്ള ഗ്രഹ’ത്തെ ഗവേഷകർ കണ്ടെത്തി. ഭൂമിയിൽനിന്ന് 160 പ്രകാശവർഷമകലെയാണ് ഈ വാലൻ ഗ്രഹം. നിമിഷംതോറും അന്തരീക്ഷം നഷ്ടമായിക്കൊണ്ടിരിക്കുന്ന ഗ്രഹത്തിന് വാസ്‌പ് 69 ബി എന്നാണ് പേരിട്ടിരിക്കുന്നത്. ഹൈഡ്രജനും ഹീലിയവുമടങ്ങുന്ന അന്തരീക്ഷത്തിലേക്ക് മാതൃനക്ഷത്രത്തിൽനിന്നുള്ള അതിതീവ്ര നക്ഷത്രക്കാറ്റ് അടിക്കുന്നതും ചാർജുള്ള കണങ്ങളുടെ തുടർച്ചയായുള്ള പ്രവാഹവുമാണ് വാസ്‌പ് 69 ബിയുടെ അന്തരീക്ഷ നഷ്‌ടത്തിന് കാരണം. സെക്കൻഡിൽ രണ്ടുലക്ഷം ടൺ വാതകമാണ് ഇത്തരത്തിൽ നഷ്ടമാകുന്നത്. മാതൃനക്ഷത്രത്തിന്റെ ശക്തമായ ചൂടും വികിരണവും ആകർഷണവും മൂലം ചിതറിത്തെറിക്കുന്ന അന്തരീക്ഷ വാതകങ്ങൾ ഗ്രഹത്തിന്റെ വാലായി പരിണമിക്കുന്നു. 3.50 ലക്ഷത്തിലേറെ കിലോമീറ്റർ നീളം വാലിനുണ്ടെന്നാണ് ആദ്യ നിഗമനം. 3.9 ദിവസമെടുത്താണ് ഗ്രഹം മാതൃനക്ഷത്രത്തെ ചുറ്റുന്നത്. കാലിഫോർണിയ യൂണിവേഴ്‌സിറ്റിയിലെ കെക്കൊറ്റ ടെയ്‌ലറിന്റെ നേതൃത്വത്തിലുള്ള ഗവേഷകസംഘത്തിന്റെ കണ്ടെത്തൽ അസ്‌ട്രോഫിസിക്കൽ ജേണലിൽ പ്രസിദ്ധീകരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..