22 September Sunday

ഖലിസ്ഥാൻവാദികളുമായി ചർച്ച നടത്തി വൈറ്റ്ഹൗസ്

വെബ് ഡെസ്‌ക്‌Updated: Sunday Sep 22, 2024

വാഷിങ്ടൺ> ക്വാഡ് ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കയിൽ എത്തുന്നതിന് തൊട്ടുമുന്നോടിയായി  ഖലിസ്ഥാൻ അനുകൂല സിഖ്‌ ഗ്രുപ്പുകളെ വിളിച്ചുവരുത്തി ചർച്ച നടത്തി വെെറ്റ് ഹൗസ്. അമേരിക്കൻ സിഖ്‌ കോക്കസ്‌ കമ്മിറ്റിയിലെയും സിഖ്‌ അമേരിക്കൻ ലീഗൽ ഡിഫൻസ്‌ ആൻഡ്‌ എഡ്യൂക്കേഷൻ ഫണ്ടിന്റെയും പ്രതിനിധികളാണ്‌ വൈറ്റ്‌ ഹൗസ്‌ സന്ദർശിച്ചത്‌. അമേരിക്കൻ മണ്ണിൽ ഇവർക്ക്‌ "വിദേശശക്തി'കളിൽ നിന്നും സുരക്ഷയേകുമെന്ന്‌  വൈറ്റ്‌ ഹൗസ്‌ പ്രതിനിധി പ്രതികരിച്ചു.  

ഖലിസ്ഥാൻ വിഘടനവാദി നേതാവ് ഗുർപട്-വന്ത് സിങ് പന്നുവിനെ വധിക്കാൻ ശ്രമിച്ചകേസിൽ  ന്യൂയോർക്ക്‌ കോടതി ഇന്ത്യൻ സർക്കാരിനും ദേശീയ സുരക്ഷാ ഉപദേഷ്ടാവ്‌ അജിത്‌ ഡോവലിനും കഴിഞ്ഞ ദിവസം  സമൻസ്‌ അയച്ചിരുന്നു. വിഷയത്തിൽ 21 ദിവസത്തിനകം മറുപടി നൽകേണ്ടതുണ്ട്. കഴിഞ്ഞവർഷം നവംബറിൽ ഉണ്ടായ വധശ്രമനീക്കം അമേരിക്കൻ സുരക്ഷ ഉദ്യോ​ഗസ്ഥർ ഇടപെട്ടാണ് പരാജയപ്പെടുത്തിയത്. കൊലപാതക നീക്കത്തെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിക്കും അറിവുണ്ടായിരുന്നതായി ഗുർപട്-വന്ത് സിങ് പന്നു കോടതിയിൽ നൽകിയ ഹർജിയിൽ ആരോപിക്കുന്നുണ്ട്.

 ഇന്ത്യയിൽ നിരോധിക്കപ്പെട്ട ഖാലിസ്ഥാൻ സംഘടനകളുമായി ബന്ധമുള്ള നേതാക്കളുമായി ആദ്യമായാണ് അമേരിക്കൻ ദേശീയ സുരക്ഷാ കൗൺസിൽ ചർച്ച നടത്തുന്നത്. കൂടിക്കാഴ്ചയ്ക്ക് ഖലിസ്ഥാൻ നേതാക്കളെ വൈറ്റ്ഹൗസ് നേരിട്ട് ക്ഷണിക്കുകയായിരുന്നു.
മോദി ശനിയാഴ്‌ച വൈകിട്ട്‌ ഫിലാഡൽഫിയയിൽ വിമാനമിറങ്ങി. ഡെലവേയിൽ നടക്കുന്ന ക്വാഡ്‌ ഉച്ചകോടിയിലും ന്യൂയോർക്കിൽവച്ച്‌ ഇന്ത്യൻ വംശജർ സംഘടിപ്പിക്കുന്ന ചടങ്ങിലും യുഎൻ സമ്മേളനത്തിലും മോദി  പങ്കെടുക്കും. പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയായ ഡോണൾഡ്‌ ട്രംപുമായി കൂടിക്കാഴ്ച നടത്തുമെന്നും റിപ്പോർട്ടുണ്ട്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top