22 November Friday
ഇതുവരെ പരിഹാരമായില്ല

വിൻഡോസ് തകരാർ; വിമാനത്താവളങ്ങളിലും ഓൺലൈൻ ഇടപാടിലും പരക്കെ അനിശ്ചിതത്വം

വെബ് ഡെസ്‌ക്‌Updated: Friday Jul 19, 2024

കൊച്ചി> മൈക്രോ സോഫ്ട് വിൻഡോസ് ആഗോള തലത്തിൽ തകരാറിലായത് ബാങ്കിങ്ങ് മേഖല മുതൽ വിമാനത്താവളങ്ങളിലെ ബോർഡിങ് പാസ് വിതരണം വരെ അവതാളത്തിലാക്കി. സ്റ്റോക് എക്സേഞ്ചുകളിലും പ്രവർത്തനം തടസ്സപ്പെട്ടിരിക്കയാണ്.

പ്രത്യേക സുരക്ഷാ സംവിധാനം പ്രയോജനപ്പെടുത്തുന്ന ലോകം മുഴുവൻ ഇടപാടുകാരുള്ള വൻകിട ഉപഭോക്താക്കളാണ് ഏറെയും ബാധിച്ചിട്ടുള്ളത്. സര്‍വീസ് മാനേജ്‌മെന്റ് ഓപ്പറേഷനുകളെയും കണക്ടിവിറ്റി സേവന ലഭ്യത എന്നിവയെയും പ്രശ്‌നം ബാധിക്കുമെന്ന് മൈക്രോസോഫ്റ്റ് വ്യാഴാഴ്ച രാത്രി വ്യക്തമാക്കിയിരുന്നു.

വ്യോമയാനം, ഹോട്ടല്‍, വിവിധ ഓഫീസുകള്‍ ഉള്‍പ്പടെയുള്ളവയെയും 'ബ്ലൂ ഡെത്ത് സ്‌ക്രീന്‍' തകരാറിലാക്കി. സ്വിച്ച് ഓണ്‍ ചെയ്ത ഉടനെ തകരാര്‍ നേരിട്ടതിനാല്‍ ലോഗിന്‍ ചെയ്യാന്‍ പോലും കഴിഞ്ഞില്ല. ഇന്‍ഡിഗോ, ആകാശ എയര്‍ലൈന്‍സ്, സ്‌പൈസ് ജെറ്റ് എന്നിവയുള്‍പ്പടെയുള്ളവയുടെ സര്‍വീസുകള്‍ തടസ്സപ്പെട്ടതായും റിപ്പോര്‍ട്ടുകൾ വരുന്നുണ്ട്.

 

പുത്തൻ സുരക്ഷാ സംവിധാനത്തിനിടെ
ക്രൗഡ് സ്ട്രൈക്ക് എന്ന സൈബർ സുരക്ഷാ സേവനം ഉപയോഗിക്കുന്നവരെയാണ് ഏറെയും ബാധിച്ചത്. യുഎസ്‌ ആസ്ഥാനമായി പ്രവർത്തിക്കുന്ന സൈബര്‍ സുരക്ഷാ സ്ഥാപനമാണ് ക്രൗഡ് സ്ട്രൈക്ക്. സുരക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ശേഖരിക്കുന്നതിനായി ഉപയോഗിക്കുന്ന ഫാല്‍ക്കണ്‍ സെന്‍സര്‍ അപ്‌ഡേറ്റ് ഇന്‍സ്റ്റാള്‍ ചെയ്തതാണ് പ്രശ്നത്തിന് കാണമായതെന്നാണ് കണ്ടെത്തൽ. പ്രശ്‌നം മൈക്രോസോഫ്റ്റിന്റെ അഷ്വര്‍ ക്ലൗഡ് സേവനത്തെ ബാധിക്കുകയും അത് മൈക്രോസോഫ്റ്റ് 365 സേവനങ്ങളുടെ പ്രവര്‍ത്തനം താറുമാറാക്കുകയും ചെയ്തു. സാധാരണ ഉപഭോക്താക്കളെയും ക്രൗഡ് സ്ട്രൈക്കിന് പകരം മറ്റ് സൈബർ സുരക്ഷാ സേവനങ്ങൾ ഉപയോഗിക്കുന്നരെയും ഇത് ബാധിച്ചിട്ടില്ല.

 

കേരളത്തിലും ബാധിച്ചു

തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ ചെക്ക്- ഇന്‍ നടപടികളെ തകരാറിലാക്കി. നെടുമ്പാശ്ശേരിയില്‍നിന്നുള്ള ആറ് വിമാനങ്ങള്‍ വൈകി. പുറപ്പെടേണ്ട വിമാനങ്ങളാണ് വൈകിയത്. ബെംഗളൂരുവിലേക്ക് ഉള്‍പ്പെടെയുള്ള ആഭ്യന്തര സര്‍വീസുകളാണ് വൈകിയത്.

കൈയ്യക്ഷരത്തില്‍ തയ്യാറാക്കിയ ബോര്‍ഡിങ് പാസാണ് ഇന്‍ഡിഗോ അടക്കമുള്ള വിമാനക്കമ്പനികള്‍ യാത്രക്കാര്‍ക്ക് നല്‍കി വരുന്നത്. വിവരങ്ങള്‍ ബോര്‍ഡിങ് പാസില്‍ എഴുതി നല്‍കുകയാണ്. തങ്ങളുടെ ഓണ്‍ലൈന്‍ സേവനങ്ങള്‍ തടസ്സപ്പെട്ടുവെന്നും പ്രശ്‌നംപരിഹരിക്കാന്‍ ശ്രമം തുടരുകയാണെന്നും വിവിധ വിമാനക്കമ്പനികള്‍ മുന്നറിയിപ്പ് നല്‍കി.

 

ബ്രോക്കിങ് ഹൌസുകളിലും

ലണ്ടന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന്റെ പ്രവര്‍ത്തനത്തെ ബാധിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. രാജ്യത്തെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചുകളായ ബിഎസ്ഇ, എന്‍എസ്ഇ എന്നിവയെ ബാധിച്ചിട്ടില്ല. അതേ സമയം പെന്‍ഡിങ് ഓര്‍റുകള്‍ കാണിക്കാത്തതിനാല്‍ പൊസിഷനുകള്‍ തീര്‍പ്പാക്കാനാക്കാതെ അസ്വസ്ഥരായ ഓഹരി ഇടപാടുകാര്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ ആക്ഷേപമുന്നയിച്ചു.

 

ഗൾഫ് രാജ്യങ്ങളിലും

ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിന്‍റെ പ്രവര്‍ത്തനത്തെയും പ്രശ്നം ബാധിച്ചിരുന്നതായി എയര്‍പോര്‍ട്ട് അധികൃതര്‍ അറിയിച്ചു. ആഗോള വ്യാപകമായി നിരവധി സേവനങ്ങളെ ബാധിച്ച മൈക്രോസോഫ്റ്റ് വിന്‍ഡോസ് സാങ്കേതിക പ്രശ്നം തങ്ങളുടെ പ്രവര്‍ത്തനത്തെയും താത്കാലികമായി ബാധിച്ചിരുന്നതായി ദുബൈ അന്താരാഷ്ട്ര വിമാനത്താവളം സ്ഥിരീകരിച്ചു. ടെർമിനല്‍ 1, 2 എന്നിവിടങ്ങളിലെ ചില എയർലൈനുകളുടെ ചെക്ക്-ഇൻ പ്രക്രിയയെ ഈ തകരാര്‍ ബാധിച്ചിരുന്നെന്നും തുടര്‍ന്ന് ഈ എയര്‍ലൈനുകള്‍ ഉടന്‍ തന്നെ ഒരു ബദല്‍ സംവിധാനത്തിലേക്ക് മാറിയതായും സാധാരണരീതിയിലുള്ള ചെക്ക്-ഇൻ പ്രവർത്തനങ്ങൾ വേഗത്തിൽ പുനരാരംഭിക്കുകയും ചെയ്തതായി എയര്‍പോര്‍ട്ട് വക്താവിനെ ഉദ്ധരിച്ച് ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

യുഎഇ വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രവർത്തനത്തെ പ്രശ്നം ബാധിച്ചു. അറ്റസ്റ്റേഷൻ ഉൾപ്പടെയുള്ള പ്രവർത്തനങ്ങളെയാണ് ബാധിച്ചത്. ആഗോള സാങ്കേതിക തകരാർ ഇലക്ട്രോണിക് സംവിധാനങ്ങളെ ബാധിച്ചതിനാൽ ഓൺലൈൻ പോർട്ടലുകളിലൂടെ ഇടപാടുകള്‍ നടത്തരുതെന്ന് യുഎഇ വിദേശകാര്യ മന്ത്രാലയം  പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. ഈ പ്രശ്നം പരിഹരിക്കപ്പെടുന്നത് വരെ ഇടപാടുകള്‍ നടത്തരുതെന്നും ഉപഭോക്താക്കളോട് മന്ത്രാലയം അഭ്യര്‍ത്ഥിച്ചു.

 

പരിഹാരത്തിന് ശ്രമിക്കാം

വിന്‍ഡോസ് കംപ്യൂട്ടറുകളെ സേഫ് മേഡിലേക്കോ വിന്‍ഡോസ് റിക്കവറി എന്‍വയണ്‍മെന്റിലേക്കോ ബൂട്ട് ചെയ്യുക.

C:\Windows\System32\drivers\CrowdStrike തിരഞ്ഞെടുക്കുക

C-00000291*.ssy എന്ന ഫയല്‍ കണ്ടെത്തി ഡിലീറ്റ് ചെയ്യുക.

സാധാരണ രീതിയില്‍ ബൂട്ട് ചെയ്യുക.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top