മനാമ > അറബിക്കടലിൽ കണ്ടയ്‌നർ കപ്പലിൽ ബോംബ് നിറച്ച ഡ്രോണുകൾ ഉപയോഗിച്ച് ആക്രമണം നടത്തിയതായി യെമനിലെ ഹൂതി മിലിഷ്യ. മെഗലോപോളിസ് എന്ന കപ്പൽ ലക്ഷ്യമാക്കി ആക്രമണം നടത്തിയതായി സൈനിക വക്താവ് യഹ്‌യ സരി അൽ മാസിറ ടിവിയിൽ പറഞ്ഞു.
അധിനിവേശ പലസ്തീനിലെ തുറമുഖങ്ങളിൽ പ്രവേശിക്കരുതെന്ന വിലക്ക് ലംഘിച്ചതിനും കപ്പലിന്റെ ഉടമകളായ കമ്പനിക്ക് ഇസ്രായേലുമായി ഇടപാടുകൾ ഉള്ളതിനാലുമാണ് കപ്പൽ ലക്ഷ്യമിട്ടതെന്ന് ഹൂതി സൈനിക വക്താവ് യഹ്‌യ സാരി ഒരു ടെലിവിഷൻ പ്രസ്താവനയിൽ പറഞ്ഞു. വ്യാഴാഴ്ചയാണ് ആക്രമണം. ആളപായമോ, നാശനഷ്ടമോ വ്യക്തമല്ല. മാൾട്ട പതാക വഹിക്കുന്ന പടുകൂറ്റൻ കണ്ടയ്‌നർ ഒമാനിലെ സലാല തുറമുഖത്തേക്ക് പോകുകയായിരുന്നുവെന്നും മാരിടൈം ട്രാഫിക വെബ്‌സൈറ്റ് വ്യക്തമാക്കുന്നു. എന്നാൽ, ഈ കപ്പലുമായി ബന്ധപ്പെട്ട സംഭവങ്ങളൊന്നും മാരിടൈം ഏജൻസികൾ റിപ്പോർട്ട് ചെയ്തിട്ടില്ല.
കഴിഞ്ഞ ആഴ്ച മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ലൈബീരിയയുടെ പതാകയുള്ള ടാങ്കറിനെ ആക്രമിച്ചിരുന്നു. അതിനിടെ, തലസ്ഥാനമായ സനയിലെ അൽസബീൻ സ്‌ക്വയറിൽ പലസ്തീൻ, ലെബനൻ ജനതയോട് ഐക്യദാർഡ്യമായി ലക്ഷംപേരുടെ റാലി നടത്തി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..