ലോകം കീഴടക്കാൻ ബൈൽസ്
Wednesday Jul 21, 2021
ടോക്യോ > ഒളിമ്പിക്‌സിലും ലോക ചാമ്പ്യൻഷിപ്പിലുമായി 30 മെഡലുകളാണ് സിമോണി ബൈൽസിന്റെ സമ്പാദ്യം. വനിതാ ജിംനാസ്‌റ്റിക്‌സിൽ ചരിത്രമെഴുതി ബൈൽസ്. ടോക്യോയിലെത്തുന്ന മേളയുടെ സുവർണ താരം. അമേരിക്കയുടെ മാത്രമല്ല, ലോകത്തിലെ ഏറ്റവും മികച്ച കായിക താരമെന്ന ബഹുമതിയാണ് ബൈൽസിന്. സോവിയറ്റ് യൂണിയനായി മത്സരിച്ച മുൻ ജിംനാസ്‌റ്റിക്‌സ് താരം ലാറിസ ലാറ്റിനിനയുടെ 32 മെഡലുകൾ എന്ന റെക്കോഡ് ബൈൽസ് മറികടക്കും.
പത്തൊമ്പതാം വയസ്സിലായിരുന്നു ഒളിമ്പിക്‌സിലെ അരങ്ങേറ്റം. 2016 റിയോയിൽ നാല് സ്വർണമുൾപ്പെടെ അഞ്ച് മെഡലുകൾ നേടി. ലോക ചാമ്പ്യൻഷിപ്പിൽ 19 സ്വർണമുൾപ്പെടെ 25 മെഡലുകൾ. ഇക്കുറിയും ബൈൽസിന്റെ കുതിപ്പിന് തടസ്സമുണ്ടാകില്ല. കഴിഞ്ഞ ദിവസമാണ് ടോക്യോയിൽ എത്തിച്ചേർന്നത്.
ടോക്യോയ്‌ക്കുശേഷം വിരമിക്കുമെന്നായിരുന്നു ബൈൽസ് പറഞ്ഞിരുന്നത്. എന്നാൽ കോവിഡ് കാരണം ഒരുവർഷം നഷ്ടമായതോടെ വിരമിക്കലിനെക്കുറിച്ച് ബൈൽസ് തൽക്കാലം ചിന്തിക്കുന്നില്ല. 24 വയസ്സാണ്. നീണ്ടകാലം വിശ്രമിക്കാൻ വേണ്ടെന്ന നിലപാടാണ് അമേരിക്കക്കാരിക്ക്.
142 സെന്റിമീറ്ററാണ് ഉയരം. റിയോവിലെ അത്ഭുത പ്രകടനത്തിനുശേഷം ലോകത്തെ ഏറ്റവും മികച്ച കായിക താരങ്ങളുടെ പട്ടികയിൽ ഉൾപ്പെട്ടു. റിയോവിൽ അഞ്ചാമത്തേത് വെങ്കലമായിരുന്നു. ബാലൻസ് ബീം ഫൈനലിൽ ചെറിയാരു പിഴവ് സംഭവിച്ചതിനാൽ സ്വർണം നഷ്ടപ്പെടുകയായിരുന്നു.
2012 ഒളിമ്പിക്‌സിൽ പങ്കെടുക്കാനുള്ള സ്വപ്‌നത്തിലായിരുന്നു ബൈൽസ്. എന്നാൽ മത്സരിക്കാനുള്ള പ്രായത്തിന് മൂന്ന് വയസ്സ് കുറവായതിനാൽ റിയോയിലേക്ക് കാത്തിരുന്നു.
ജൂനിയർതലത്തിൽ 2011 മുതൽ ബൈൽസ് മത്സരിക്കുന്നുണ്ട്. സീനിയർതലത്തിൽ ആദ്യ ലോക ചാമ്പ്യൻഷിപ് 2013ലായിരുന്നു. രണ്ട് സ്വർണമായിരുന്നു നേട്ടം. കഴിഞ്ഞ വർഷം കോവിഡ് കാരണം എല്ലാ ചാമ്പ്യൻഷിപ്പുകളും നഷ്ടമായി.