നീന്തൽക്കുളം ആരുടെ മെഡൽക്കളം
Wednesday Jul 21, 2021
ടോക്യോ > നീന്തൽക്കുളം ഒളിമ്പിക്‌സിൽ അമേരിക്കയുടെ മെഡൽക്കളമാണ്. ഇതുവരെ 246 സ്വർണമുൾപ്പെടെ 549 മെഡലുകൾ അമേരിക്ക സ്വന്തമാക്കിയിട്ടുണ്ട്. റിയോ ഒളിമ്പിക്‌സിൽ 16 സ്വർണമുൾപ്പെടെ 33 മെഡലുകൾ നേടി. ഓസ്‌ട്രേലിയ, ഹംഗറി, ജപ്പാൻ, ബ്രിട്ടൻ, ചൈന എന്നീ രാജ്യങ്ങളും നീന്തൽക്കുളത്തിൽ സ്വർണം വാരാൻ ലക്ഷ്യമിടുന്നു.
മൈക്കേൽ ഫെൽപ്‌സായിരുന്നു സുവർണതാരം. ഇക്കുറി അമേരിക്കക്കാരനില്ല. പകരം ഒരുപിടി താരങ്ങൾ ടോക്യോയിൽ ഇറങ്ങുന്നു.
അറിയാർനെ ടിറ്റ്‌മുസ്
(ഓസ്‌ട്രേലിയ)
നീന്തൽക്കുളത്തിലെ രാഞ്‌ജി കാറ്റി ലെഡേക്കിയെ തോൽപ്പിച്ചായിരുന്നു ടിറ്റ്‌മുസ് കടന്നുവന്നത്. 2019 ലോക ചാമ്പ്യൻഷിപ് 400 മീറ്റർ ഫ്രീസ്‌റ്റൈലിലായിരുന്നു പ്രകടനം. ടോക്യോയിൽ 400, 200, 800 മീറ്റർ ഫ്രീസ്‌റ്റൈലുകളിൽ ടിറ്റ്‌മുസ് ഇറങ്ങുന്നു. 800 മീറ്റർ റിലേയിലും ഇരുപതുകാരി ഇറങ്ങുന്നുണ്ട്. ആദ്യ ഒളിമ്പിക്‌സാണ്.
കാറ്റി ലെഡേക്കി
(അമേരിക്ക)
അമേരിക്കയുടെ സുവർണതാരം. രണ്ട് ഒളിമ്പിക്‌സുകളിലായി ഇരുപത്തിനാലുകാരി നേടിയത് അഞ്ച് സ്വർണം. ടോക്യോയിലും സ്വർണംവാരുമെന്നാണ് ലെഡേക്കിയുടെ പ്രതീക്ഷ. റിയോയിൽ 400, 800 മീറ്റർ ഫ്രീസ്‌റ്റൈലുകളിൽ ലോക റെക്കോഡോടെയായിരുന്നു സ്വർണം.
കടിൻക ഹൊസു
(ഹംഗറി)
ഹംഗറിയുടെ ഏറ്റവും മികച്ച നീന്തൽ താരമാണ് ഈ മുപ്പത്തിരണ്ടുകാരി. 400 മീറ്റർ വ്യക്തിഗത മെഡ്‌ലെയിൽ റിയോ ഒളിമ്പിക്‌സിൽ റെക്കോഡോടെയായിരുന്നു സ്വർണം. 2019 ലോക ചാമ്പ്യൻഷിപ്പിൽ തകർപ്പൻ പ്രകടനമായിരുന്നു ഹൊസുവിന്റേത്.
ക്രിസ്‌റ്റോഫ് മിലക്
(ഹംഗറി)
ഇരുപത്തൊന്നുകാരനായ മിലക് നീന്തൽക്കുളത്തിലെ പുത്തൻ താരോദയമാണ്. രണ്ട് വർഷംമുമ്പ് 200 മീറ്റർ ബട്ടർഫ്‌ളൈയിൽ മൈക്കേൽ ഫെൽപ്‌സ് കുറിച്ച ലോക റെക്കോഡ് മിലക് മറികടന്നു. നീന്തൽക്കുളത്തിൽ അടുത്ത സൂപ്പർ താരമെന്നാണ് മിലക്കിനുള്ള വിശേഷണം.
മൈക്കേൽ ആൻഡ്രൂ
(അമേരിക്ക)
ആദ്യ ഒളിമ്പിക്‌സാണ് ഈ ഇരുപത്തിരണ്ടുകാരന്. പതിനാലാം വയസ്സിലായിരുന്നു അരങ്ങേറ്റം. 2008 ഒളിമ്പിക്‌സിൽ മൈക്കേൽ ഫെൽപ്‌സ് കുതിക്കുമ്പോൾ കാഴ്‌ചക്കാരനായിരുന്നു. ഒമ്പത് വയസ്സായിരുന്നു ആൻഡ്രൂവിന് അന്ന്. ബ്രസ്‌റ്റ്‌സ്‌ട്രോക്കിലും ബാക്ക്‌സ്‌ട്രോക്കിലും ഇറങ്ങും.
കാലെബ് ഡ്രെസെൽ
(അമേരിക്ക)
റിയോ ഒളിമ്പിക്‌സിലായിരുന്നു ഡ്രെസെലിന്റെ തുടക്കം. 50, 100 മീറ്റർ ഫ്രീസ്‌റ്റൈൽ, 100 മീറ്റർ ബട്ടർഫ്‌ളൈ എന്നിവയിലാണ് ഇക്കുറി മത്സരിക്കുന്നത്. ടോക്യോയിലെ സൂപ്പർ താരമായിരിക്കും ഈ ഇരുപത്തിനാലുകാരൻ. ഫെൽപ്‌സിനും മാർക് സ്‌പിറ്റ്‌സിനും ശേഷം ഒരു ഒളിമ്പിക്‌സിൽ മൂന്ന് വ്യക്തിഗത സ്വർണം നേടാനുള്ള ഒരുക്കത്തിലാണ് ഡ്രെസെൽ.
റീഗൻ സ്‌മിത്ത്
(അമേരിക്ക)
ആദ്യ ഒളിമ്പിക്‌സാണ് ഈ പത്തൊമ്പതുകാരിയുടേത്. 200 മീറ്റർ ബാക്ക്‌സ്‌ട്രോക്കിലെ ലോക റെക്കോഡുകാരി. 100 മീറ്ററിലും റെക്കോഡുണ്ടായിരുന്നു. പതിനാലാം വയസ്സിൽ മിസ്സി ഫ്രാങ്ക്‌ളിനെതിരെ മത്സരിച്ചിട്ടുണ്ട്. മൂന്ന് വർഷങ്ങൾക്കുശേഷം ഫ്രാങ്ക്‌ളിന്റെ ലോക റെക്കോഡും മായ്‌ച്ചു.