അപൂർണമല്ല ആ ചാട്ടങ്ങൾ

Wednesday Jul 21, 2021
പ്രദീപ്‌ ഗോപാൽ

കൊച്ചി > ലോങ്‌ജമ്പ്‌ പിറ്റിൽ ഇന്ത്യയുടെ മേൽവിലാസമായിരുന്നു ടി സി യോഹന്നാൻ. രാജ്യാന്തരതലത്തിലെ ജമ്പിങ്‌ പിറ്റുകളിൽ കേരളം ഉയർത്തിവിട്ട കൊടുങ്കാറ്റ്‌. ഈ പ്രതിഭയുടെ തുടർച്ചയായിരുന്നു പിറ്റിൽ കേരളത്തിന്റെ പിന്നീടുണ്ടായ നേട്ടങ്ങൾ.

ഇടയ്‌ക്കെത്തിയ പരിക്കിൽ കളിജീവിതം അപൂർണമായി അവസാനിച്ചെങ്കിലും ചാട്ടത്തിൽ യോഹന്നാൻ കുറിച്ചുവച്ച 8.07 മീറ്റർ മൂന്നുപതിറ്റാണ്ടോളം ഇളകാതെനിന്നു. എത്രയോ ദൂരങ്ങൾ ബാക്കിനിൽക്കെയാണ്‌ പരിക്ക്‌ പിറ്റിൽനിന്ന്‌ യോഹന്നാനെന്ന അതുല്യ പ്രതിഭയെ അകറ്റിയത്‌.

1976ലെ മോൺട്രിയൽ ഒളിമ്പിക്‌സിലെ മെഡൽ പ്രതീക്ഷയായിരുന്നു. ഒളിമ്പിക്‌സിന്‌ രണ്ടുവർഷം മുമ്പായിരുന്നു 8.07 മീറ്റർ ചാടിയത്‌. അതിനാൽ ഇന്ത്യയുടെ ഒളിമ്പിക്‌ സ്വപ്‌നങ്ങളിൽ ആ പേര്‌ നിറഞ്ഞു. പക്ഷേ, മോൺട്രിയലിൽ ആ സ്വപ്‌നം വിരിഞ്ഞില്ല. ‘പരിക്കും രാജ്യാന്തരതലത്തിലെ പരിചയക്കുറവും ബാധിച്ചു. എങ്കിലും ഒളിമ്പിക്‌ വേദി പുതിയൊരു അനുഭവമായി. മറ്റ്‌ രാജ്യങ്ങളിലെ ഒരുപാട്‌ വലിയ അത്‌ലീറ്റുകളുടെ പ്രകടനം കാണാനും പരിചയപ്പെടാനും അവസരം കിട്ടി’. യോഹന്നാൻ പറയുന്നു.

യോഗ്യതാ റൗണ്ടിൽ 7.67 മീറ്റർ മാത്രമേ ചാടാൻ കഴിഞ്ഞുള്ളൂ. ആദ്യ രണ്ടുസ്ഥാനവും അമേരിക്കയ്‌ക്കായിരുന്നു. വെങ്കലം കിട്ടിയ പശ്‌ചിമ ജർമനിയുടെ ഫ്രാങ്ക്‌ വാർടെൻബെർഗ്‌ ചാടിയത്‌ 8.02 മീറ്റർ!. ഇന്ത്യക്കൊരു ഉറച്ച മെഡൽതന്നെയായിരുന്നു നഷ്ടം. 

1970കളുടെ തുടക്കത്തിലായിരുന്നു യോഹന്നാൻ ജമ്പിങ്‌ പിറ്റുകൾ കീഴടക്കി കുതിച്ചത്‌. 1972ൽ ഒളിമ്പിക്‌ ട്രയൽസിൽ ദേശീയ റെക്കോഡ്‌ തിരുത്തി തുടങ്ങി.

1974 ടെഹ്‌റാൻ ഏഷ്യൻ ഗെയിംസിൽ പുതിയ ചരിത്രം പിറന്നു. നാലാമത്തെ ചാട്ടത്തിൽ യോഹന്നാൻ 8.07 മീറ്ററിൽ തൊട്ടു. ഏഷ്യൻ റെക്കോഡായിരുന്നു.

‘ജപ്പാൻ താരങ്ങളായിരുന്നു അന്ന്‌ വെല്ലുവിളി. അതിനാൽത്തന്നെ മികച്ച പ്രകടനം നടത്താനായി’.

ജപ്പാന്റെ തകായോഷി കവാഗോയിക്കായിരുന്നു അന്ന്‌ രണ്ടാംസ്ഥാനം. 7.77 മീറ്ററായിരുന്നു ദൂരം.
ടെഹ്‌റാനിലെ വിജയം ഇരട്ടിവീര്യം നൽകി. തുടർന്നുള്ള അഞ്ച്‌ രാജ്യാന്തര മീറ്റുകളിൽ പ്രകടനം ആവർത്തിച്ചു.
 പക്ഷേ, 1978ൽ പട്യാലയിലെ ദേശീയ ക്യാമ്പിൽവച്ചുണ്ടായ പരിക്ക്‌ ആ കുതിപ്പുകളെ അപൂർണമാക്കി.
ഇന്നും വേദനയുണ്ട്‌ ഒളിമ്പ്യന്റെ വാക്കുകളിൽ. ‘മഴയായിരുന്നു പട്യാലയിൽ. അതിനാൽ പുതിയ മണലാണ്‌ പിറ്റിൽ നിറച്ചത്‌. മണൽ വല്ലാതെ ഇളകിനിന്നു. ചാടിയപ്പോൾ ഇടതുകാൽ താഴ്‌ന്നുപോയി. കാൽമുട്ടിനും ക്ഷതമേറ്റു. വേദനകൊണ്ട്‌ പുളഞ്ഞു. ആശുപത്രിയിലേക്ക്‌ കൊണ്ടുപോയെങ്കിലും ഡോക്ടർമാർ അവിടെ ഉണ്ടായിരുന്നില്ല.’

ഇന്ത്യൻ സ്‌പോർട്‌സിന്‌ അംഗഭംഗം വന്നുവെന്നായിരുന്നു പിറ്റേന്ന്‌ ഇറങ്ങിയ പത്രങ്ങളിലെ തലക്കെട്ടുകൾ. കോമൺവെൽത്ത്‌ ഗെയിംസും മോസ്‌കോ ഒളിമ്പിക്‌സും പടിവാതിൽക്കൽ എത്തിനിൽക്കെയായിരുന്നു ഈ ആഘാതം.

ടോക്യോയിൽ ഇന്ത്യക്ക്‌ മെഡൽ പ്രതീക്ഷകളുണ്ടെന്ന്‌ യോഹന്നാൻ പറയുന്നു. ‘എം ശ്രീശങ്കർ മിടുക്കനാണ്‌. ഏറെ മുന്നേറാനാകും. അതിനുള്ള പ്രോത്സാഹനം നൽകണം. ഇപ്പോഴത്തെ ചാട്ടം ഒന്നുകൂടി മെച്ചപ്പെടുത്തിയാൽ മെഡൽ സാധ്യതയിലേക്ക്‌ വരും. ജാവലിൻ ത്രോയിൽ നീരജ്‌ ചോപ്രയ്‌ക്ക്‌ മെഡൽ സാധ്യതയുണ്ട്‌. കേരളത്തിന്റെ വനിതാ താരങ്ങൾക്ക്‌ യോഗ്യത കിട്ടാത്തത്‌ തിരിച്ചടിയായി കാണേണ്ട. കോവിഡ്‌ പ്രശ്‌നങ്ങളും നിലവിലെ സാഹചര്യങ്ങളും വിലങ്ങുതടിയായിട്ടുണ്ടാകും. കൃത്യമായി പരിശീലനത്തിനൊപ്പം സർക്കാർ പിന്തുണയും നമ്മുടെ താരങ്ങൾക്ക്‌ ആവശ്യമാണ്‌’.

ടോക്യോ ഒളിമ്പിക്‌സ്‌ ആവേശത്തോടെ കാണുമെന്ന്‌ ഈ എഴുപത്തിനാലുകാരൻ പറയുന്നു. എന്നാൽ കാണികളുടെ അഭാവം മേളയുടെ ഭംഗി കുറയ്‌ക്കുമെന്ന നിരാശയുണ്ട്‌.

എറണാകുളം കാക്കനാടാണ്‌ ഇപ്പോൾ താമസം. വായനയും ടിവി കാണലുമൊക്കെയായി ഈ കോവിഡ്‌ കാലം മുന്നോട്ടുകൊണ്ടുപോകുകയാണ്‌ കേരളത്തിന്റെ പ്രിയപ്പെട്ട ഒളിമ്പ്യൻ. ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിൽ പേസ്‌ ബൗളറായിരുന്ന ടിനു യോഹന്നാൻ മകനാണ്‌.