ടോക്യോയിൽനിന്ന്‌ നീന്തൽ കോച്ച്‌ എസ്‌ പ്രദീപ്‌ കുമാർ

‘ഹസ്‌തദാനം പറ്റില്ല, ബെെ ബെെ മാത്രം ’

Thursday Jul 22, 2021

*മഹാമാരിയുടെ കാലത്തെ ഒളിമ്പിക്‌സാണെന്നത്‌ ശരിതന്നെ. പക്ഷേ, ടോക്യോ നന്നായി ഒരുങ്ങിയിരിക്കുന്നു. മുൻകാല ഒളിമ്പിക്‌സുകളുമായി കിടപിടിക്കുന്ന എല്ലാ സൗകര്യങ്ങളുമുണ്ട്‌. ഒരു വ്യത്യാസം മാത്രം. കോവിഡ്‌ സാഹചര്യം കാരണം പഴയരീതിയിലുള്ള സൗഹാർദപരമായ ഇടപെടലുകൾക്ക്‌ അവസരമില്ല. ആർക്കും ഒരു ഹസ്‌തദാനം നൽകാൻപോലും കഴിയില്ല.

ദിവസവും കോവിഡ്‌ പരിശോധനയുണ്ട്‌. ഒളിമ്പിക്‌സ്‌ ഗ്രാമത്തിൽ മാസ്‌ക്‌ ധരിക്കണം എന്നല്ലാതെ മറ്റു നിയന്ത്രണങ്ങൾ ഇല്ല. എന്നാൽ നമ്മൾ എത്രത്തോളം കരുതൽ സ്വീകരിക്കുന്നുവോ അത്രയും നല്ലതാണ്‌. 

നദീതീരത്ത്‌ രൂപകൽപ്പന ചെയ്‌ത ഒരു ടൗൺഷിപ്പുതന്നെയാണ്‌ ഒളിമ്പിക്‌സ്‌ ഗ്രാമം. വിവിധ  രാജ്യങ്ങളിൽനിന്നുള്ളവർ പല ടവറുകളിലായുള്ള മുറികളിലാണ്‌. എല്ലാസൗകര്യവും ഒരുക്കിയിട്ടുണ്ട്‌. യാത്രകൾക്ക്‌ വൈദ്യുതി ബസുകളുണ്ട്‌. മുറികൾ വളരെ വലുതല്ല, എന്നാൽ ഇടുങ്ങിയതുമല്ല.
രണ്ട്‌ നിലകളിലായാണ്‌ ഡൈനിങ്‌ ഹാൾ. യൂറോപ്യൻ, ഏഷ്യൻ തുടങ്ങിയ എല്ലാ വിഭവങ്ങളും ലഭിക്കും.
ഇവിടെ എത്തിയശേഷമാണ്‌ ഒളിമ്പിക്‌സ്‌ ഗ്രാമത്തിലെ കായികതാരങ്ങൾക്ക്‌ കോവിഡ്‌ സ്ഥിരീകരിച്ചതായി അറിഞ്ഞത്‌. ബസ്‌ ബേയിലെത്താൻ അഞ്ചുമിനിറ്റ്‌ മതി. അരമണിക്കൂർകൊണ്ട്‌ നീന്തൽക്കുളത്തിലെത്താം.  
അതിമനോഹരമാണ്‌ നീന്തൽ മത്സര വേദി. ഇവിടെ കാഴ്‌ചക്കാരില്ലാതെയാണ്‌ മത്സരമെന്ന്‌ ഓർക്കുമ്പോൾ  പ്രയാസം തോന്നുന്നു. സജൻ പ്രകാശ്‌ ഉഷാറിലാണ്‌.

രാവിലെയും വൈകിട്ടും പരിശീലനം നടത്തി. നല്ല പ്രകടനം നടത്താമെന്ന പ്രതീക്ഷയുണ്ട്‌.