പൊന്നണിയുമോ ഇന്ത്യ

Thursday Jul 22, 2021

ടോക്യോ > ലണ്ടൻ ഒളിമ്പിക്‌സിലാണ്‌ ഇന്ത്യ കൂടുതൽ മെഡൽ നേടിയത്‌. രണ്ട്‌ വെള്ളിയടക്കം ആറെണ്ണം. ടോക്യോയിൽ മെഡൽ നേട്ടം ഇരട്ടിയാക്കുമെന്ന പ്രതീക്ഷയിലാണ്‌ ഇന്ത്യൻ സംഘം. റിയോ ഒളിമ്പിക്‌സിൽ ആകെ രണ്ട്‌ മെഡലാണ്‌ കിട്ടിയത്‌. 31 ഒളിമ്പിക്‌സുകളിലായി ആകെ 28 മെഡൽ. ഒമ്പത്‌ സ്വർണവും ഏഴ്‌ വെള്ളിയും 12 വെങ്കലവും. എട്ട്‌ സ്വർണം പുരുഷ ഹോക്കിയുടെതാണ്‌. ഏക വ്യക്തിഗത സ്വർണം ഷൂട്ടിങ്ങിൽ അഭിനവ്‌ ബിന്ദ്രയ്‌ക്കാണ്‌.

ഇക്കുറി 127 അംഗ സംഘമാണ്‌ ഇന്ത്യക്ക്‌. ഷൂട്ടിങ്‌, ഹോക്കി, ബാഡ്‌മിന്റൺ, അത്‌ലറ്റിക്‌സ്‌, ബോക്‌സിങ്‌, ഗുസ്‌തി ഇനങ്ങളിൽ മെഡൽ പ്രതീക്ഷിക്കുന്നു.

ഷൂട്ടിങ്ങിൽ സൗരഭ്‌ ചൗധരിയും മനു ഭാക്കെറുമാണ്‌ പ്രതീക്ഷകൾ. പുരുഷവിഭാഗത്തിൽ സൗരഭ്‌ 10 മീറ്റർ എയർ പിസ്‌റ്റൾ ഇനത്തിൽ ഇറങ്ങുന്നു. വനിതകളുടെ 10 മീറ്റർ എയർ പിസ്‌റ്റളിലും 25 മീറ്റർ സ്‌പോർട്‌സ്‌ പിസ്‌റ്റളിലുമാണ്‌ മനു മത്സരിക്കുക. മിക്‌സഡ്‌ ടീം ഇനത്തിൽ ഇരുവരും ഒന്നിച്ചിറങ്ങും. ഈയിനത്തിൽ ഇന്ത്യ ഏറെ പ്രതീക്ഷിക്കുന്നു. മിക്‌സഡ്‌ ഇനം ഒളിമ്പിക്‌സിൽ ആദ്യമാണ്‌. യശ്വിസിനി സിങ്‌ ദെസ്വാൾ, ദിവ്യാൻഷ്‌ സിങ്‌ പൻവാർ എന്നിവരും മെഡൽ സാധ്യതയിൽപ്പെടും.

ബാഡ്‌മിന്റൺ വനിതാ സിംഗിൾസിൽ പി വി സിന്ധു റിയോയിലെ വെള്ളിനേട്ടം സ്വർണമാക്കാനുള്ള ഒരുക്കത്തിലാണ്‌. ചാമ്പ്യനായ സ്‌പെയ്‌നിന്റെ കരോളിൻ മരിൻ ഇക്കുറി രംഗത്തില്ല. ജപ്പാൻ, ചൈനീസ്‌ താരങ്ങളാണ്‌ സിന്ധുവിന്‌ വെല്ലുവിളി. പുരുഷ ഡബിൾസിൽ സാത്വിക്‌സെയ്‌രാജ്‌ രങ്കിറെഡ്ഡി–-ചിരാഗ്‌ ഷെട്ടി സഖ്യവും ഇറങ്ങുന്നു.

ബോക്‌സിങ്‌ പുരുഷൻമാരുടെ 52 കിലോ വിഭാഗത്തിൽ അമിത്‌ പംഗൽ മെഡൽ പ്രതീക്ഷയിലാണ്‌. ലോക ബോക്‌സിങ്‌ ചാമ്പ്യൻഷിപ്പിൽ വെള്ളി നേടിയ ആദ്യ ഇന്ത്യൻ പുരുഷതാരമാണ്‌ അമിത്‌. വനിതകളിൽ ലണ്ടൻ ഒളിമ്പിക്‌സിലെ വെങ്കലമെഡൽ ജേത്രി മേരികോമാണ്‌ ശ്രദ്ധേയ താരം.

വനിതകളുടെ ഭാരോദ്വഹനത്തിൽ മീരാഭായ്‌ ചാനു മുന്നേറുമെന്ന്‌ പ്രതീക്ഷ. 49 കിലോയിലാണ്‌ മീരാഭായ്‌ മത്സരിക്കുന്നത്‌.

അമ്പെയ്‌ത്തിൽ ദീപിക കുമാരി തകർപ്പൻ പ്രകടനങ്ങളുടെ കരുത്തിലാണ്‌ ടോക്യോയിൽ എത്തിയത്‌. പാരിസിൽ കഴിഞ്ഞ മാസം നടന്ന അമ്പെയ്‌ത്ത്‌ ലോകകപ്പിൽ ഹാട്രിക്‌ സ്വർണം നേടിയിരുന്നു. റാങ്കിങ്ങിൽ ഒന്നാമതുമെത്തി.

അത്‌ലറ്റിക്‌സിൽ ഇന്ത്യയുടെ ആദ്യ മെഡലിനായി നീരജ്‌ ചോപ്ര ഇറങ്ങുന്നു. ജാവലിൻ ത്രോയിൽ അണ്ടർ 20 വിഭാഗത്തിലെ ലോക റെക്കോഡുകാരന്‌ ടോക്യോ മികച്ച അവസരമാണ്‌. സ്വന്തം ദേശീയ റെക്കോഡ്‌ തിരുത്തിയാണ്‌ നീരജ്‌ എത്തിയത്‌. റിയോയിലെ ചാമ്പ്യൻ ജർമനിയുടെ തോമസ്‌ റോഹ്‌ളെർ ഇക്കുറി മത്സരരംഗത്തില്ല. വനിതാ ഡിസ്ക്സ് താരം കമാൽപ്രീത കൗർ പ്രതീക്ഷയിലാണ്.

ഗുസ്‌തിയിൽ ബജ്‌രങ്ക്‌ പൂണിയയും വിനേഷ്‌ ഫൊഗാട്ടുമാണ്‌ രംഗത്ത്‌. വനിതാ ലോക ഗുസ്‌തി ചാമ്പ്യൻഷിപ്പിൽ ഒന്നാംറാങ്കുകാരി സാറ ഹിൽദെബ്രാൻഡിനെ തകർത്തായിരുന്നു ഫൊഗാട്ട്‌ ടോക്യോയിൽ എത്തിയത്‌. 

പുരുഷ ഹോക്കി ടീമിന്‌ പറയാൻ പ്രതാപമേറെയുണ്ട്‌. പക്ഷേ, ആ കാലം പോയി. റിയോയിൽ എട്ടാംസ്ഥാനമായിരുന്നു. അതിനുമുമ്പ്‌ 16. ബീജിങ്ങിൽ യോഗ്യത നേടിയതുമില്ല. ടോക്യോയിൽ മെഡൽ പ്രതീക്ഷയുണ്ട്‌. നാലാംറാങ്കുകാരാണ്‌. ഒരുക്കവും മികച്ചതായിരുന്നു. മലയാളി ഗോൾ കീപ്പർ പി ആർ ശ്രീജേഷാണ്‌ നെടുംതൂൺ.