സുശീല്‍ ഒളിമ്പിക്സ് കാണും, ജയിലില്‍നിന്ന്
Thursday Jul 22, 2021
ന്യൂഡൽഹി > ഇരട്ട ഒളിമ്പിക് മെഡൽ ജേതാവ് സുശീൽ കുമാർ ഒളിമ്പിക്സ് കാണുക ജയിലിൽനിന്ന്. സഹതാരം സാഗർ ധനകറുടെ കൊലപാതകത്തിൽ പ്രതിയായി തിഹാർ ജയിലിലാണ് ഗുസ്തിതാരം.
ഒളിമ്പിക്സ് കാണാൻ ടെലിവിഷൻ അനുവദിക്കണമെന്ന സുശീലിന്റെ അപേക്ഷ ജയിൽ അധികൃതർ അംഗീകരിച്ചു. പൊതുഇടത്താകും ടിവി. നേരത്തേ പ്രത്യേക ഭക്ഷണവും പരിശീലന സൗകര്യവും നൽകണമെന്ന അപേക്ഷ കോടതി നിരാകരിച്ചിരുന്നു.
അറുപത്താറ് കിലോഗ്രാം ഗുസ്തിയിൽ 2008ൽ ബീജിങ്ങിൽ വെങ്കലവും, 2012 ലണ്ടനിൽ വെള്ളിയും സ്വന്തമാക്കിയ സുശീൽ രണ്ട് വ്യക്തിഗത മെഡൽ നേടുന്ന ആദ്യ ഇന്ത്യക്കാരനാണ്. മെയ് അവസാനമായിരുന്നു സാഗർ കൊല്ലപ്പെട്ടത്. താമസസ്ഥലം ഒഴിയുന്നതുമായി ബന്ധപ്പെട്ട തർക്കം സംഘർഷത്തിൽ കലാശിക്കുകയായിരുന്നു.