ഇനി ‘ഫൈനൽ റൗണ്ട്’
Thursday Jul 22, 2021
ടോക്യോ > എട്ട് വർഷങ്ങൾക്കുമുമ്പ് വേദി പ്രഖ്യാപിച്ചപ്പോൾ ആനന്ദക്കണ്ണീരിലായിരുന്നു ജപ്പാൻ ജനത. 2011ലെ ഭൂകമ്പവും പിന്നാലെവന്ന സുനാമിയും ഫുക്കുഷിമ ആണവദുരന്തവുമെല്ലാം ഏൽപ്പിച്ച മുറിവുകളിൽ തളർന്ന ജപ്പാൻ ജനതയ്‌ക്കുള്ള ആശ്വാസ വേദിയായി ഒളിമ്പിക്‌സ്. പക്ഷേ, അവർക്ക് ആഘോഷിക്കാനായില്ല. കോവിഡിൽ ലോകം ഉലഞ്ഞപ്പോൾ ജപ്പാന്റെയും പിടിവിട്ടു. മറ്റേതിനെപ്പോലെയും കായികരംഗവും നിലംപൊത്തി. സ്‌റ്റേഡിയങ്ങൾ അടഞ്ഞു. ട്രാക്കുകൾ ഉറങ്ങി. ആർപ്പുവിളികൾ അടങ്ങി. ഒളിമ്പിക്‌സ് ചോദ്യചിഹ്‌നത്തിലായി.
ചരിത്രത്തിലെ ഏറ്റവും ചെലവേറിയ ഒളിമ്പിക്‌സാണിത്. ഒരുലക്ഷം കോടി രൂപയ്‌ക്ക് മുകളിലാണ് ചെലവ്. മേള റദ്ദാക്കിയാൽ ഇത്രയും രൂപ നഷ്ടമാകും. പോരാത്തതിന് ടെലിവിഷൻ സംപ്രേഷണാവകാശത്തിന് ലഭിച്ച ഏകദേശം 3000 കോടി രൂപ തിരിച്ചുനൽകേണ്ടിയും വരുമായിരുന്നു.
ആശങ്കകൾക്കൊടുവിൽ മേളയ്‌ക്ക് തുടക്കമായെങ്കിലും ഒളിമ്പിക്‌സിന് തിളക്കമില്ല. ഉത്തര കൊറിയ ആദ്യംതന്നെ പിന്മാറി. ഗിനിയ കഴിഞ്ഞ ദിവസവും. ഒട്ടേറെ പ്രധാന താരങ്ങളും പിന്മാറി. കായികതാരങ്ങളുടെ ഒരുക്കത്തെയും ബാധിച്ചു. ഒരുവർഷം നഷ്ടമായത് പലർക്കും തിരിച്ചടിയായി. നാൽപ്പതോളം താരങ്ങളാണ് കോവിഡുമായി ബന്ധപ്പെട്ട് പിൻമാറിയത്. ചാമ്പ്യൻമാരായ അമേരിക്കൻ ടീമിലെ അഞ്ച് പ്രധാന താരങ്ങളില്ല. ബാസ്‌കറ്റ്‌ബോൾ താരം ബ്രാഡ്‌ലി ബീൽ, ബീച്ച് വോളി താരം ടെയ്‌ലർ ക്രാബ്, ജിംനാസ്‌റ്റിക്‌സ് താരം കാര യേക്കെർ, ടെന്നീസ് താരം കോകോ ഗഫ്, വനിതാ 3 x 3 ബാസ്‌കറ്റ്‌ബോൾ ടീം അംഗം കാറ്റി ലൗ സാമുൽവസൺ എന്നിവർ പിന്മാറി.
ബ്രിട്ടന്റെ ഷൂട്ടിങ് താരം ആംബെർ ഹിൽ, ടെന്നീസ് താരങ്ങളായ ഡാൻ ഇവാൻസ്, ജൊഹാന്ന കോന്റ എന്നിവരും കോവിഡ് ആശങ്കയാൽ വിട്ടുനിന്നു.
ടോക്യോയിൽ കോവിഡ് രോഗികളുടെ എണ്ണം വലിയരീതിയിൽ കുറയുന്നില്ല. സുരക്ഷിതമെന്ന് പ്രഖ്യാപിച്ച ഒളിമ്പിക് ഗ്രാമത്തിൽ കഴിഞ്ഞ ദിവസം രണ്ട് കായികതാരങ്ങൾ പോസിറ്റീവായി. ഒളിമ്പിക് ഗ്രാമത്തിൽ ഇതുവരെ 87 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. മുന്നൊരുക്കം കഴിഞ്ഞു. ഇനി ആശങ്കയുടെ ഫൈനൽ റൗണ്ടാണ്. ഇതിനിടെ ഉദ്ഘാടന ചടങ്ങിന്റെ സംവിധായകൻ കെന്റാറോ കൊബായാഷിയെ പുറത്താക്കി. ജൂതവംശഹത്യയെ പരിഹസിച്ചതിന്റെ പേരിലാണ് നടപടി. 1990കളിലായിരുന്നു വിവാദ പരാമർശം.