നേട്ടമുണ്ടാക്കാന്‍ ആതിഥേയര്‍; കിരീടപ്പോരില്‍ അമേരിക്കയ്‌ക്കൊപ്പം ചൈനയും ബ്രിട്ടനും
Thursday Jul 22, 2021
ടോക്യോ > 1992ലെ ബാഴ്‌സലോണ ഒളിമ്പിക്‌സിനുശേഷം ഒരുതവണമാത്രമാണ് അമേരിക്കയ്‌ക്ക് ഒളിമ്പിക്‌സിലെ ചാമ്പ്യൻ പദവി നഷ്ടമായത്. 2008ൽ ചൈനയുടെ കുതിപ്പിനുമുന്നിൽ അമേരിക്കയുടെ മെഡൽക്കോട്ട തകർന്നു. ലണ്ടനിലും റിയോയിലും വൻകുതിപ്പോടെ തിരികെവന്നു. 46 വീതം സ്വർണമായിരുന്നു. റിയോയിൽ ആകെ നേടിയത് 121 മെഡലുകൾ. രണ്ടാമതെത്തിയ ബ്രിട്ടന് 27 സ്വർണം ഉൾപ്പെടെ 67 മെഡലുകൾ.
കോവിഡിന്റെ സാഹചര്യത്തിൽ അമേരിക്കയുടെ പല മുൻനിര കായികതാരങ്ങളും പിന്മാറി. ബാസ്‌കറ്റ്‌ബോളിൽ തിരിച്ചടിയുണ്ടാകാൻ സാധ്യതയുണ്ട്. 23 സ്വർണം കൊയ്‌ത നീന്തൽത്താരം മൈക്കേൽ ഫെൽപ്‌സ് രംഗംവിട്ടു. എങ്കിലും ജിംനാസ്‌റ്റിക്‌സിൽ സിമോണി ബൈൽസും നീന്തലിൽ കാലെബ് ഡ്രെസെലും അമേരിക്കയുടെ സുവർണപ്രതീക്ഷകളാണ്. അത്‌ലറ്റിക്‌സിലും മികച്ച താരങ്ങളുണ്ട്.
ആതിഥേയരായ ജപ്പാൻ മികച്ച പ്രകടനം പുറത്തെടുക്കാനുള്ള ഒരുക്കത്തിലാണ്. റിയോയിൽ അവർ 12 സ്വർണം നേടിയിരുന്നു. നീന്തൽ, ജൂഡോ, ഗുസ്‌തി, ജിംനാസ്‌റ്റിക്‌സ് ഇനങ്ങളിലാണ് ജപ്പാന്റെ ശ്രദ്ധ. ഈ ഒളിമ്പിക്‌സിലെ പുതിയ ഇനങ്ങളിലും അവർക്ക് കണ്ണുണ്ട്. ഏഷ്യയുടെ കായികക്കരുത്തായ ചൈന ഒരുങ്ങിത്തന്നെയാണ്. ഡൈവിങ്ങിലും ഭാരോദ്വഹനത്തിലും ജിംനാസ്‌റ്റിക്‌സിലും ചൈന മെഡൽക്കൊയ്‌ത്ത് നടത്തും. ടേബിൾ ടെന്നീസ്, ഷൂട്ടിങ്, ബാഡ്‌മിന്റൺ, നീന്തൽ എന്നിവയിലും ചൈനയ്‌ക്ക് മികവുണ്ട്. സൈക്ലിങ്ങും നീന്തലും അത്‌ലറ്റിക്‌സുമാണ് ബ്രിട്ടന്റെ പ്രധാന ഇനങ്ങൾ.
റിയോയിൽ 19 സ്വർണം നേടിയ റഷ്യ ഇക്കുറി വിലക്കിലാണ്. ഒളിമ്പിക് പതാകയ്‌ക്കുകീഴിൽ അവരുടെ കായികതാരങ്ങൾക്ക് മത്സരിക്കാം. ഉത്തേജകമരുന്ന് വിവാദത്തിലാണ് റഷ്യയുടെ വിലക്ക്. ലോക ചാമ്പ്യൻഷിപ്പിലും സ്വതന്ത്രരായിട്ടായിരുന്നു റഷ്യൻ താരങ്ങൾ മത്സരിച്ചത്. ആഫ്രിക്കൻ രാജ്യങ്ങൾ റിയോയിൽ തിളങ്ങിയില്ല. ആദ്യപത്തിൽ ഉൾപ്പെട്ടില്ല. ആറ് സ്വർണം നേടിയ കെനിയ 15–-ാംസ്ഥാനത്തായിരുന്നു. ദീർഘദൂര ഓട്ടക്കാരിലാണ് കെനിയയുടെയും എത്യോപ്യയുടെയും സ്വപ്‌നങ്ങൾ.
ടോക്യോ നാൾവഴികൾ
2013
ഒളിമ്പിക്‌സ് വേദിയായി ടോക്യോയെ പ്രഖ്യാപിച്ചു
2016
ലോഗോ അനാച്ഛാദനം
2019
കാലാവസ്ഥപ്രശ്‌നങ്ങളെ തുടർന്ന് മാരത്തൺ വേദി വടക്കൻ സപ്പോറോയിലേക്ക് മാറ്റുന്നു
2020 മാർച്ച് 24
കോവിഡിനെ തുടർന്ന് ഒളിമ്പിക്‌സ് മാറ്റിവയ്‌ക്കുന്നു
2020 ഡിസംബർ
നിയന്ത്രണങ്ങൾ കർശനമാക്കി ഒളിമ്പിക്‌സ് നടത്താമെന്ന് ഐഒസി
2021 ജനുവരി
ഒളിമ്പിക്‌സ് നടത്തുന്നതിനെതിരെ ജപ്പാനിൽ പ്രതിഷേധം
2021 ഫെബ്രുവരി
ഒളിമ്പിക്‌സ് സംഘാടകസമിതി തലവൻ യോഷിറോ മോറി ലൈംഗികപരാമർശത്തിന്റെ പേരിൽ രാജിവച്ചു
2021 മാർച്ച്
വിദേശകാണികൾക്ക് പ്രവേശനം നിഷേധിച്ചു
2021 ജൂൺ
കായികതാരങ്ങളുടെ ആദ്യസംഘം ടോക്യോയിൽ എത്തി. ഓസ്‌ട്രേലിയൻ സോഫ്‌റ്റ്‌ബോൾ ടീമാണ് എത്തിയത്
2021 ജൂലൈ
അടിയന്തരാവസ്ഥ. കാണികൾക്ക് വിലക്ക്
2021 ജൂലൈ 23
ഒളിമ്പിക്‌സിന് തുടക്കം