അരങ്ങിലേക്ക്‌ 
അഭയാർഥി ടീമും ; ഇത്‌ രണ്ടാം ഒളിമ്പിക്‌സ്‌

Friday Jul 23, 2021
image credit olympics.com


ടോക്യോ
അഭയാർഥി ടീമിന്‌ ഇത്‌ രണ്ടാം ഒളിമ്പിക്‌സ്‌. 29 അംഗ ടീമാണ്‌ ടോക്യോയിൽ. മാർച്ച്‌ പാസ്‌റ്റിൽ നീന്തൽ താരം യുസ്ര മാർദീനിയും മാരത്തൺ ഓട്ടക്കാരൻ തക്‌ലോവിനി ഗബ്രിയെസോസും പതാകയേന്തി. ഒളിമ്പിക്‌ പതാകയ്‌ക്കു കീഴിലാണ്‌ ടീം മത്സരിക്കുക.

റിയോ ഒളിമ്പിക്‌സിലാണ്‌ ആദ്യമായി അഭയാർഥി ടീം മത്സരിച്ചത്‌. പത്തംഗങ്ങളായിരുന്നു അന്ന്‌. ടോക്യോയിലെത്തിയ 29 പേർ 11 രാജ്യങ്ങളിൽനിന്നുള്ളവരാണ്‌. ജീവിക്കുന്നതും പരിശീലനം നടത്തുന്നതും 13 രാജ്യങ്ങളിൽ. ആദ്യമായി പാരാലിമ്പിക്‌ ടീമും എത്തുന്നു.

2015ൽ ആറരക്കോടിയായിരുന്നു ലോകത്തെ അഭയാർഥികളുടെ എണ്ണം. ഏറെയും പ്രകൃതിദുരന്തങ്ങളിൽ എല്ലാം നഷ്ടപ്പട്ടവരായിരുന്നു. ഒരു കോടിയലധികംപേർ യുദ്ധത്തിന്റെ കെടുതികൾ കാരണം യൂറോപ്പിലേക്ക്‌ പലായനം ചെയ്‌തവരും. നിലവിൽ എട്ടരക്കോടി അഭയാർഥികളാണുള്ളത്‌. എട്ടരക്കോടിയെ പ്രതിനിധീകരിച്ച്‌ അവർ ടോക്യോയിലെത്തി.
രാജ്യാന്തര അത്‌ലറ്റിക്‌ സമിതി (ഐഒസി)യുടെ അഭയാർഥി അത്‌ലീറ്റ്‌ പരിപാടിയിലൂടെയാണ്‌ ടീമിനെ തെരഞ്ഞെടുക്കുന്നത്‌. ഇവർക്ക്‌ സ്‌കോളർഷിപ് വഴി സാമ്പത്തിക സഹായം നൽകും.