അമ്പിന് വമ്പില്ല ; ഇന്ത്യയുടെ തുടക്കം നിരാശയോടെ
Saturday Jul 24, 2021
ടോക്യോ
അമ്പെയ്‌ത്തിൽ ലോക ഒന്നാം റാങ്കുകാരി ദീപിക കുമാരി യോഗ്യതാ റൗണ്ടിൽ ആദ്യ പത്തിൽ ഉൾപ്പെട്ടെങ്കിലും ഇന്ത്യയുടെ തുടക്കം നിരാശയോടെ. പുരുഷ വിഭാഗത്തിൽ അമ്പുകളൊന്നും കൃത്യമായി കൊണ്ടില്ല. ദീപിക വനിതാവിഭാഗം യോഗ്യതാ റൗണ്ടിൽ ഒമ്പതാമതെത്തി. പുരുഷന്മാരുടെ വ്യക്തിഗത യോഗ്യതാ റൗണ്ടിൽ പ്രവീൺ ജാദവ് 31–-ാമതും അതാനു ദാസ് 35–ാമതും തരുൺദീപ് റായ് 37–-ാമതുമായി.
വനിതകളിൽ 663 പോയിന്റായിരുന്നു ദീപികയ്‌ക്ക്. ഭൂട്ടാന്റെ കർമയാണ് ആദ്യ റൗണ്ടിലെ എതിരാളി. ക്വാർട്ടറിലെത്തിയാൽ ഒളിമ്പിക് റെക്കോഡുകാരി കൊറിയയുടെ ആൻ സാൻ ആയിരിക്കും എതിരെത്തുക. കൊറിയക്കാരാണ് ആദ്യ മൂന്ന് സ്ഥാനങ്ങളിൽ. ഈ മാസം 30നാണ് കിരീടപ്പോരാട്ടം. പുരുഷൻമാർക്ക് ആദ്യ റൗണ്ടിൽ കസാക്കിസ്ഥാനാണ് എതിരാളി. 26നാണ് മത്സരങ്ങൾ.
മിക്‌സഡ് ഇനത്തിൽ ദീപികയും പ്രവീണുമാണ് മത്സരിക്കുക. മോശം ഫോമിലുള്ള അതാനു ദാസിന് പകരമാണ് പ്രവീൺ. മിക്‌സഡ് യോഗ്യതാഘട്ടത്തിൽ ഒമ്പതാംസ്ഥാനമാണ് ഇന്ത്യക്ക്–- 1319 പോയിന്റ്. ഇന്ന് ആദ്യ റൗണ്ടിൽ ചൈനീസ് തായ്‌പേയിയുമായാണ് പോരാട്ടം. ആദ്യഘട്ടം കടന്നാൽ ക്വാർട്ടറിൽ കൊറിയയായിരിക്കും ഇന്ത്യയുടെ എതിരാളി.