കാറ്റടങ്ങി, കളമുണർന്നു
Saturday Jul 24, 2021
ടോക്യോ
വർഷങ്ങളുടെ കാത്തിരിപ്പായിരുന്നു ജപ്പാന്. 1964നുശേഷം മറ്റൊരു മേള. 2013ൽ ഔദ്യോഗിക പ്രഖ്യാപനംവന്ന ദിനംമുതൽ ആവേശത്തോടെ ഒരുങ്ങി. സുനാമിയും ഭൂകമ്പവും ആണവ ദുരന്തങ്ങളും ഉലച്ചുകളഞ്ഞ ജനതയ്‌ക്ക് എല്ലാം മറക്കാൻ കിട്ടിയ വേദിയായിരുന്നു അത്. പക്ഷേ, ജപ്പാന് ആനന്ദിക്കാനായില്ല. ഒരുക്കങ്ങളെല്ലാം പൂർത്തിയായി മേളയെ വരവേൽക്കാനൊരുങ്ങുമ്പോഴാണ് കോവിഡ് മഹാമാരി നാശം വിതച്ചത്. ചരിത്രത്തിലാദ്യമായി മേള ഒരുവർഷത്തേക്ക് മാറ്റിവയ്‌ക്കപ്പെട്ടു. ജപ്പാന്റെ സ്വപ്‌നങ്ങളും അതിൽ ചിതറി. സാമൂഹികമായും സാമ്പത്തികമായും അവർ തളരാൻ തുടങ്ങി.
ഒടുവിൽ ഒരുവർഷം വൈകി മേളയ്‌ക്ക് തുടക്കമായി. കാണികളില്ലാത്ത ഒളിമ്പിക്‌സ്. പതിറ്റാണ്ടുകൾക്കുശേഷം എത്തിയ വിശ്വകായിക മേള നേരിട്ടുകാണുന്നതിൽനിന്ന് ആ ജനതയ്‌ക്ക് മാറിനിൽക്കേണ്ടിവന്നു. നാഷണൽ സ്‌റ്റേഡിയത്തിൽ വർണങ്ങൾ വിരിയുമ്പോൾ പുറത്ത് പ്രതിഷേധമായിരുന്നു. ഒളിമ്പിക്‌സ് വേണ്ട എന്ന മുദ്രാവാക്യങ്ങൾ ഉയർന്നുകേട്ടു.
68,000 പേർക്ക് ഇരിക്കാവുന്ന നാഷണൽ സ്‌റ്റേഡിയത്തിൽ ലോക നേതാക്കളും സംഘാടകരും ഉൾപ്പെടെ ആയിരത്തോളംപേർ മാത്രം. മാസ്‌കിട്ട് നീങ്ങുന്ന അത്‌ലീറ്റുകൾ. എല്ലാ രാജ്യങ്ങളും മാർച്ച് പാസ്‌റ്റിൽ എണ്ണം കുറച്ചു.ഇത്രയും മനോഹരമായ ചടങ്ങുകൾ നടക്കുമ്പോൾ ജപ്പാൻ ജനത ടെലിവിഷനിൽ കാഴ്‌ചകൾ കണ്ട് കണ്ണുതുടച്ചു. ഒളിമ്പിക്‌സ് നടത്തിപ്പിനെ പിന്തുണച്ച ചിലർ സ്‌റ്റേഡിയത്തിന് പുറത്ത് കാഴ്‌ചകൾ കണ്ടു.
എല്ലാ തിരിച്ചടികൾക്കിടയിലും മറ്റേത് ഒളിമ്പിക്‌സ് ഉദ്‌ഘാടന ചടങ്ങുകളേക്കാൾ മിഴിവുറ്റതാക്കാൻ ടോക്യോ ശ്രമിച്ചു. കോവിഡ് മുന്നണിപ്പോരാളികളെ എല്ലാഘട്ടത്തിലും മുന്നിൽക്കൊണ്ടുവന്നു. ഒളിമ്പിക് പതാകയിലും ദീപശിഖയിലും അവരുണ്ടായി. 1964 ഒളിമ്പിക്‌സിൽ പങ്കെടുത്ത കായികതാരങ്ങൾ നട്ടുവളർത്തിയ മരങ്ങളിലെ തടി ഉപയോഗിച്ചായിരുന്നു ഒളിമ്പിക് വളയങ്ങളുണ്ടാക്കിയത്. 1800 ഡ്രോണുകളുടെ സഹായത്തോടെ സ്‌റ്റേഡിയത്തിനുമുകളിൽ ഭൂഗോളം തെളിയിച്ചു.
ഡോക്ടറും നേഴ്‌സും വിദ്യാർഥികളും പാരാലിമ്പിക്‌സ് മെഡൽ ജേതാക്കളും മുൻ താരങ്ങളും ഉൾപ്പെട്ട 14 പേരിലൂടെയാണ് ദീപശിഖ നീങ്ങിയത്. ഒടുവിലായിരുന്നു നവോമി ഒസാക്ക. പുതിയ ജപ്പാന്റെ മുഖം. മൗണ്ട് ഫുജിയുടെ മാതൃകയിലേക്ക് ഒസാക്ക നടന്നുകയറി. അവിടെ ഒളിമ്പിക് ഗോളം പൂ പോലെ വിടർന്നു. അതിലേക്ക് ഒസാക്ക തീനാളം പടർത്തി. പ്രതീക്ഷയുടെ ഒളിമ്പിക്‌സിന് തുടക്കമായി.