കുട്ടികളെ സമ്മര്‍ദം കൊടുക്കാതെ വളര്‍ത്തിയെടുക്കണം

Saturday Jul 24, 2021
ഒളിമ്പ്യന്‍ ടിന്റു ലൂക്ക

പ്രൊഫഷണലായി മത്സരത്തെ കാണാന്‍ തുടങ്ങിയാല്‍ പിന്നെ ഏതൊരു അത് ലീറ്റും കാണുന്ന സ്വപ്നമാണ് ഒളിമ്പിക്‌സ്. പേരിന് മുമ്പില്‍ ഒളിമ്പ്യന്‍ എന്ന വിശേഷണം ലഭിക്കുകയെന്നത് വലിയകാര്യമാണ്. എല്ലാവര്‍ക്കും കിട്ടുന്ന കാര്യമല്ലത്. ലോക മീറ്റിലടക്കം പങ്കെടുത്താലും ഒളിമ്പ്യനാകുക എന്നത്  വ്യത്യസ്ത അനുഭവം തന്നെയാണ്.

ടോക്യോയില്‍ അത്‌ലറ്റിക്‌സ് തുടങ്ങാന്‍ കാത്തിരിക്കുകയാണ്. ഒളിമ്പിക്‌സ് കാണുന്നത് പോലും ആവേശമാണ്.

ഉഷ സ്‌കൂളില്‍ എത്തിയ കാലം മുതല്‍ ഉഷേച്ചിയുടെ ഒളിമ്പിക്‌സ് അനുഭവങ്ങള്‍ കേള്‍ക്കാന്‍ അവസരം കിട്ടിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഒളിമ്പിക്‌സില്‍ മത്സരിക്കുക എന്ന ആഗ്രഹം ചെറുപ്പത്തിലെ മനസിലുണ്ടായിരുന്നു.

പക്ഷേ ഒരിക്കല്‍ പോലും ഏതെങ്കിലുമൊരു മീറ്റില്‍ മെഡല്‍ വാങ്ങി വരണമെന്ന് ഉഷേച്ചി നിര്‍ബന്ധിച്ചിട്ടില്ല. നമ്മുടെ തന്നെ മികച്ച സമയത്തോട് മത്സരിക്കാനാണ് പറയാറുള്ളത്. ഓരോ സീസണിന്റെ തുടക്കകാലത്തും ഇത്തവണ നമുക്ക് പുതിയം സമയം കുറിക്കണമെന്ന് പറയും. ആ സീസണില്‍ ആ സമയം കണ്ടെത്താനുള്ള ശ്രമമാണ് നടത്താറുള്ളത്.

2012 ലണ്ടന്‍ ഒളിമ്പിക്‌സിലും 2016 റിയോയിലും മത്സരിച്ചു. ലണ്ടനില്‍ മികച്ച സമയം കുറിച്ച് പതിനൊന്നാം സ്ഥാനത്ത് എത്താനായി.

കുട്ടികള്‍ക്ക് വലിയ സമ്മര്‍ദ്ദം കൊടുക്കാതെ അവരെ വളര്‍ത്തി കൊണ്ടുവരികയാണ് വേണ്ടത്. എത്ര ടെന്‍ഷന്‍ ഉണ്ടെങ്കിലും നമ്മളെ കൂളാക്കാന്‍ കഴിയുന്നവരാണ് കൂടെ വേണ്ടത്. അത്  താരങ്ങള്‍ക്ക് വലിയ ആത്മവിശ്വാസം നല്‍കും. ആ കാര്യത്തില്‍ ഉഷേച്ചി മാതൃകയാണ്.

താരങ്ങള്‍ക്ക് മത്സരപരിചയവും പ്രധാനപ്പെട്ട കാര്യമാണ്. തുടക്കത്തില്‍ വലിയൊരു മീറ്റില്‍ മത്സരിക്കാനിറങ്ങുബോള്‍ പതര്‍ച്ചയുണ്ടാകും. നമ്മുടെ താരങ്ങള്‍ക്ക് വിദേശ രാജ്യങ്ങളില്‍ പോയി മത്സരിക്കാന്‍ അവസരമുണ്ടാകണം. ഒളിമ്പിക്‌സ് പോലുള്ള വലിയൊരു മാമാങ്കത്തില്‍ മത്സരിക്കാനിറങ്ങുബോള്‍ അനുഭവസമ്പത്ത് പ്രധാനഘടകമാണ്.

ഒത്തിരി താരങ്ങള്‍ക്ക് കോവിഡ് കാരണം ഒളിമ്പിക്‌സ്  നഷ്ടമായിട്ടുണ്ട്. ഈ മഹാമാരിയുടെ കാലം മാറും. നിരാശരായി ഇരിക്കാതെ അടുത്ത ലക്ഷ്യത്തിനായി പ്രയത്‌നിക്കുകയാണ് വേണ്ടത്. ഒളിമ്പിക്‌സ് നഷ്ടമായവര്‍ക്ക് ഏഷ്യന്‍ ഗെയിംസും കോമണ്‍വെല്‍ത്ത് ഗെയിംസുമെല്ലാം വരുന്നുണ്ട്.

ഒളിമ്പിക്‌സില്‍ പങ്കെടുക്കുന്ന മുഴുവന്‍ ഇന്ത്യന്‍ താരങ്ങള്‍ക്കും മികച്ച പ്രകടനം നടത്താന്‍ കഴിയട്ടെ. വിജയാശംസകള്‍ നേരുന്നു.

ഒളിമ്പ്യന്‍ ടിന്റു ലൂക്ക