അറ്റ്ലാന്റ ത്രില്ലില്‍ അംബിക രാധിക

Saturday Jul 24, 2021

തിരുവനന്തപുരം > ''ജീവിതത്തിലെ ഏറ്റവും വലിയ നേട്ടമാണ് ഒളിമ്പിക്സില്‍ മത്സരിക്കാന്‍ കഴിഞ്ഞത്. രണ്ടുകളിയില്‍ ഇറങ്ങി. ലോകോത്തര കളിക്കാരെ കണ്ടു.  പരിചയപ്പെട്ടു. ഒരു സ്വപ്ന ലോകത്തായിരുന്നു ഞാന്‍''. അംബിക രാധികയുടെ വാക്കുകളില്‍ ഇപ്പോഴുമുണ്ട് അന്നത്തെ ആ ത്രില്‍. ഒളിമ്പിക്സില്‍ ടേബിള്‍ ടെന്നീസില്‍ ഇന്ത്യക്കായി മത്സരിച്ച ഏക മലയാളിയാണ് അംബിക രാധിക.

1996ലെ അറ്റ്ലാന്റ ഒളിമ്പിക്സിലാണ് രാജ്യത്തെ പ്രതിനിധീകരിച്ചത്. ''ഇന്ന് ഒളിമ്പിക്സ് മെഡലാണ് ലക്ഷ്യമെങ്കില്‍ അന്ന്  ഏതൊരു കായിക താരത്തിന്റെയും സ്വപ്നമാണ് ഒളിമ്പിക്സില്‍ പങ്കെടുക്കുകയെന്നത്. അതെനിക്ക് സാധിച്ചു. അറ്റ്ലാന്റക്ക് മുമ്പ്  ഒളിമ്പിക്സിന് എന്‍ട്രി ലഭിച്ചിരുന്നു.  ബാഴ്സലോണ ഒളിമ്പിക്സിന് വൈല്‍ഡ് കാര്‍ഡ് എന്‍ട്രി. എന്നാല്‍ യാത്രാനുമതി ലഭിക്കാഞ്ഞതിനാല്‍ പോകനായില്ല.പിന്നീട് അറ്റ്ലാന്റയിലേക്ക് നേരിട്ട് യോഗ്യത നേടി. ചൈനയിലും ബംഗ്ലൂരുവുമായിരുന്നു പരിശീലന ക്യാമ്പ്. സത്യം പറഞ്ഞാല്‍  സ്വപ്നത്തില്‍ പോലും മെഡല്‍ കടന്നുവന്നിരുന്നില്ല. ലീഗ് ഫോര്‍മാറ്റായിരുന്നു.  രണ്ട് മത്സരങ്ങള്‍ക്കിറങ്ങി. ഒളിമ്പിക്സില്‍ കൂടി പങ്കെടുക്കാന്‍ കഴിഞ്ഞതോടെ ആഗ്രഹങ്ങള്‍ എല്ലാം സഫലമായെന്ന പ്രതീതിയായിരുന്നു.

അന്നും ഇന്നും ചൈനീസ് ആധിപത്യമാണ് ടേബിള്‍ ടെന്നീസില്‍. കളിയും മാറി. കൂടുതല്‍ ചടുലതയും വേഗതയും കൈവന്നു. പോയിന്റ് കുറഞ്ഞു. . ഞങ്ങളുടെ കാലത്ത് നിരവധി മത്സരങ്ങളുണ്ടായിരുന്നു. ഇന്ന് കുറവാണ്.  മികച്ച കളിക്കാര്‍ നമുക്കുണ്ട്. എന്നാല്‍ സിംഗിളില്‍ ചാന്‍സ് കുറവാണ്. ഡബിള്‍സില്‍ മെഡല്‍ സാധ്യതയുണ്ട്.

വിജയത്തിനായി കഠിനാധ്വാനം ചെയ്യണം. ആത്മാര്‍ഥമായി പരിശ്രമിച്ചാല്‍ ഫലമുണ്ടാകും. മുന്നേറാന്‍ പരിശീലകന്‍ മാത്രം വിചാരിച്ചിട്ട് കാര്യമില്ല. കളിക്കാരും രക്ഷിതാക്കളും ഒരുമിച്ച് നില്‍ക്കണം. പ്രോത്സാഹനവും പിന്തുണയുമുണ്ടെങ്കിലേ കേരളത്തില്‍ ടേബിള്‍ ടെന്നീസ് വളരൂ.  
   ടേബിള്‍ ടെന്നീസ് കുടുംബത്തില്‍ നിന്നുമാണ് അംബിക രാധികയുടെ വരവ്. അച്ഛന്‍ കെ ആര്‍ പിള്ള തമിഴ്നാട്, കേരള സംസ്ഥാന ചാമ്പ്യനായിരുന്നു. ചെറുപ്രായത്തില്‍ അച്ഛന്റെ ശിക്ഷണത്തില്‍ അംബിക രാധികയും സഹോദരന്‍ ആര്‍ രാജേഷും ടേബിള്‍ ടെന്നീസിന്റെ ലോകത്തെത്തി. സംസ്ഥാന ചാമ്പ്യനായിരുന്നു രാജേഷ്. പത്താം വയസില്‍ സംസ്ഥാന സബ്ജൂനിയര്‍ ചാമ്പ്യന്‍ ഷിപ്പ് നേടിയായിരുന്നു അംബിക രാധികയുടെ ജൈത്രയാത്രയുടെ തുടക്കം.  ദേശീയ അന്തര്‍ദേശീയ വേദികളില്‍ തിളങ്ങി. കളി നിര്‍ത്തിയ ശേഷവും പരിശീലകയുടെ റോളില്‍ സജീവം. താമസിക്കുന്നത് കൊച്ചിയില്‍.  

പ്രധാന നേട്ടങ്ങള്‍

1996ല്‍ അറ്റ്ലാന്റ ഒളിമ്പിക്സില്‍  മത്സരിച്ചു.
ഒളിമ്പിക്സില്‍ ടേബിള്‍ ടെന്നീസില്‍ മത്സരിച്ച ഏക മലയാളി.
1991, 1993 സാഫ്ഗെയിംസുകളില്‍ മൂന്നിനത്തില്‍ സ്വര്‍ണം (സിംഗിള്‍, ഡബിള്‍, ടീം).
1991 കോമണ്‍വെല്‍ത്ത് ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി നേടിയ ഇന്ത്യന്‍ടീം അംഗം.
ലോക ചാമ്പ്യന്‍ഷിപ്പ്, ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പ്, കോമണ്‍ വെല്‍ത്ത് ഗെയിംസുകളില്‍ രാജ്യത്തെ പ്രതിനിധീകരിച്ചു.
മുന്‍ ദേശീയ, സംസ്ഥാന ചാമ്പ്യന്‍.