അഞ്ചാണ്ടിന്റെ ഭാരം; വെള്ളിയണിഞ്ഞ് ചാനു

Sunday Jul 25, 2021
പ്രദീപ്‌ ഗോപാൽ
Photo Credit: Twitter/TeamIndia

അഞ്ചാണ്ടിന്റെ ഭാരമായിരുന്നു മീരാഭായ് ചാനുവിന്റെ മനസ്സിൽ. ടോക്യോയിൽ ആ ഭാരമൊഴിഞ്ഞു. വനിതകളുടെ 49 കിലോ വിഭാഗം ഭാരോദ്വഹനത്തിൽ വെള്ളിയണിഞ്ഞ് ചാനു ഇന്ത്യക്ക് അഭിമാന നിമിഷമൊരുക്കി. സ്നാച്ചിൽ 87 കിലോയും ക്ലീൻ ആൻഡ് ജെർക്കിൽ 115 കിലോയും ഉൾപ്പെടെ ആകെ 202 കിലോയാണ് ഉയർത്തിയത്.

അഞ്ചുവർഷങ്ങൾക്കുമുമ്പ് എല്ലാം നിർത്താൻ തീരുമാനിച്ചതാണ്. 2016 റിയോ ഒളിമ്പിക്സിൽ കണക്കുകൂട്ടലുകൾ പിഴച്ച് ബാർ വഴുതിയപ്പോൾ മത്സരം തുടങ്ങാൻ പറ്റാത്തവരുടെ പട്ടികയിലായിരുന്നു സ്ഥാനം. എല്ലാം അവസാനിച്ചെന്ന് കരുതി. കരഞ്ഞു. 21 വയസ്സുമാത്രമായിരുന്നു. അഞ്ചാഴ്വ വീട്ടിൽത്തന്നെ ഇരുന്നു. പിന്നെ പരിശീലനം തുടങ്ങി. നഷ്ടപ്പെട്ടതൊക്കെ ഓരോന്നായി നേടിയെടുത്തു. അപ്പോഴും റിയോ തലയിൽ മുഴങ്ങി. ഒടുവിൽ ത്യാഗപൂർണമായ പരിശീലനത്തിനുശേഷം ചാനു ടോക്യോയിൽ ചരിത്രംകുറിച്ചു.

മണിപ്പുരിലെ ഒരു സാധാരണകുടുംബമായിരുന്നു ചാനുവിന്റേത്. ഇംഫാലിൽനിന്ന് 20 കിലോമീറ്റർ അകലെയുള്ള നോങ്പോക് കാക്ചിങ് ഗ്രാമത്തിൽ ജനനം. ആറുപേരിൽ ഇളയവൾ. ദാരിദ്ര്യം അലട്ടിയിരുന്നു. സഹോദരനൊപ്പം ഏറെനാൾ മലമുകളിൽനിന്ന് മരംവെട്ടി ചുമന്നിട്ടുണ്ട്. രണ്ടുകിലോ മീറ്ററോളം ഭാരവും താങ്ങിനടന്നു. അമ്മയുടെ ചായക്കടയിൽ ഇരുന്നിട്ടുണ്ട്.

അമ്പെയ്‌ത്തായിരുന്നു ഇഷ്ടം. 12–-ാംവയസ്സിൽ പരിശീലനകേന്ദ്രം തേടിയലഞ്ഞു. ഒരുദിവസം അവിടെയെത്തിയെങ്കിലും അമ്പെയ്‌ത്ത്‌ അക്കാദമി അടഞ്ഞുകിടക്കുകയായിരുന്നു. ഭാരോദ്വഹനതാരമായ കുഞ്ചറാണി ദേവിയുടെ ചിത്രങ്ങൾ അവിടെ കണ്ടു. അവൾ അതിൽ ആകൃഷ്ടയായി. ഭാരോദ്വഹനം അങ്ങനെയാണ് തെരഞ്ഞെടുക്കുന്നത്. പ്രതിസന്ധി അപ്പോഴും തുടർന്നു. പരിശീലനത്തിന് അയക്കാനുള്ള സാമ്പത്തികസ്ഥിതി കുടുംബത്തിനുണ്ടായില്ല. മാത്രമല്ല, വീട്ടിൽനിന്ന് 22 കിലോമീറ്റർ അകലെയായിരുന്നു അക്കാദമി. ഒടുവിൽ എല്ലാ പ്രതിബന്ധങ്ങളും തരണം ചെയ്‌ത് ചാനു മുന്നേറി. 2009ൽ ആദ്യമെഡൽ. 2014ൽ കോമൺവെൽത്ത് ഗെയിംസിൽ വെങ്കലം.

വാനോളം പ്രതീക്ഷകളോടെയാണ്‌ റിയോവിൽ എത്തിയത്. പക്ഷേ, സമ്മർദം ചാനുവിനെ തളർത്തി. ക്ലീൻ ആൻഡ് ജെർക്കിലെ മൂന്ന് അവസരത്തിലും പരാജയമായി.‘എന്റെ ജീവിതത്തിലെ വലിയ തകർച്ചയായിരുന്നു അത്. പക്ഷേ, എന്നെ ഞാനാക്കിയത് ആ നിമിഷമാണ്’– ചാനു പറഞ്ഞു. നിരാശ മാറ്റി അവൾ കളത്തിലിറങ്ങി. കഠിനമായ പരിശീലനം. 2017 ലോക ചാമ്പ്യൻഷിപ്പിൽ സ്വർണവുമായി തിരിച്ചുവരവ്.

രണ്ടുപതിറ്റാണ്ടിനുശേഷമുള്ള ഇന്ത്യയുടെ ആദ്യമെഡൽ. മാസങ്ങൾക്കിടെ കോമൺവെൽത്ത് ഗെയിംസിൽ സ്വർണം. ലോക ചാമ്പ്യൻഷിപ് വേളയിൽ അവൾക്ക് നഷ്ടമായത് സഹോദരിയുടെ വിവാഹമായിരുന്നു. കഴിഞ്ഞ ഒരുവർഷമായി വീട് കണ്ടില്ല.

പട്യാലയിലെ ദേശീയ ക്യാമ്പിൽ കഠിനമായ പരിശീലനം. അതിനിടെ രാജ്യത്തെ മികച്ച കായികതാരത്തിനുള്ള രാജീവ് ഗാന്ധി ഖേൽരത്ന പുരസ്കാരവും ലഭിച്ചു. 2018 ഏഷ്യൻ ഗെയിംസിൽ പരിക്കുമൂലം പങ്കെടുക്കാനായില്ല. ഒരുവർഷത്തെ തിരിച്ചുവരവിൽ ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ മെഡൽ. ഒടുവിൽ 140 കോടി ജനതയുടെ അഭിമാനമായി ഒളിമ്പിക് മെഡലും.

മത്സരത്തിൽ ചെെനീസ് താരം ഹു ഷിഹുയ്‌യായിരുന്നു കടുത്ത എതിരാളി. 216 കിലോ ഉയർത്തി ഒളിമ്പിക് റെക്കോഡോടെ ചെെനക്കാരി സ്വർണം നേടി. ചാനുവിന് സ്നാച്ചിൽ 89 കിലോ ഉയർത്താനായില്ല. ഹു 94 ഉയർത്തി. ക്ലീൻ ആൻഡ് ജെർക്കിൽ ചാനുവിന് 117 കിലോ ഉയർത്താനായില്ല.