മെയ്‌ഡ് ഇൻ മണിപ്പുർ; അടങ്ങാത്ത പോർവീര്യം
Saturday Jul 24, 2021
ഇംഫാൽ > ഇന്ത്യയുടെ വടക്കുകിഴക്ക് ഭാഗത്തുള്ള ചെറിയൊരു സംസ്ഥാനം നൽകിയത് രണ്ട് ഒളിമ്പിക് മെഡലുകൾ. മണിപ്പുർ ഇന്ത്യയുടെ കായികഭൂപടത്തിൽ ഇനി തെളിഞ്ഞുനിൽക്കും. സൗകര്യങ്ങളിൽ പിന്നിലാണെങ്കിലും അടങ്ങാത്ത പോരാട്ടവീര്യത്തിൽ ആരെയും വെല്ലും മണിപ്പുരുകാർ. മീരാഭായ് ചാനുതന്നെ അതിന് വലിയ ഉദാഹരണം. 2012 ലണ്ടൻ ഒളിമ്പിക്സിൽ വെങ്കലം നേടിയ ബോക്സിങ് താരം മേരികോമാണ് മറ്റൊരാൾ.
മണിപ്പുരിന് പ്രത്യേകമായൊരു കായികസംസ്കാരമുണ്ട്. അവരുടെ സ്പോർട്സ് ക്ലബ് സംസ്കാരത്തിന് പതിറ്റാണ്ടുകളുടെ പാരമ്പര്യമുണ്ട്. ഒരേ കായിക ഇനത്തിനുവേണ്ടിയല്ല ക്ലബ്ബുകൾ. പലവിധ ഇനങ്ങൾ. സംസ്ഥാന–-ദേശീയ കായികസംഘടനകളുമായി ഇവയ്ക്ക് ബന്ധമുണ്ടാകാറില്ല. സ്പോർട്സിനോടുള്ള ഇഷ്ടം മാത്രം. പഠനത്തിനൊപ്പം സ്പോർട്സും കുട്ടികളുടെ മുൻഗണനയിൽ വരും.
ഏതിനവും തെരഞ്ഞെടുക്കാം. കൗമാരഘട്ടത്തിലാണ് ഏതെങ്കിലും പ്രത്യേക ഇനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുക.
ഭാരോദ്വഹനമാണ് മണിപ്പുരുകാരുടെ ഇഷ്ട ഇനം. ഫുട്ബോൾ, ഹോക്കി, ബോക്സിങ് എന്നിവയിലും രാജ്യാന്തരതാരങ്ങളുണ്ട് അവർക്ക്.
ഭാരോദ്വഹനത്തിൽ ലോകോത്തര താരങ്ങളുണ്ടായി. എൻ കുഞ്ചറാണി ദേവിയായിരുന്നു മണിപ്പുരുകാരുടെ അഭിമാനം. അവർ ഒരു തലമുറയെ സ്വാധീനിച്ചു. സഞ്ജിത ചാനുവും മീരാഭായ് ചാനുവും അതിന്റെ പതാകവാഹകരായി. മീരാഭായ് ചാനു അതിൽ ഇതിഹാസമായി മാറി.
മണിപ്പുരിന്റെ കാലാവസ്ഥയും ഭൂപ്രകൃതിയും അവരുടെ കായികതാരങ്ങളുടെ കഴിവുകളെ വളർത്തുന്നുണ്ട്. ചാനു തന്റെ ശരീരത്തിന്റെ നാലുമടങ്ങ് ഭാരമാണ് അഞ്ചുതവണ ഉയർത്തിയത്. ഏതിനെയും അതിജീവിക്കാനുള്ള മനക്കരുത്തും അവരെ വ്യത്യസ്‌തമാക്കുന്നു. ഒപ്പം അടങ്ങാത്ത പോർവീര്യവും.