ഇന്ത്യ 1 ഓസ്ട്രേലിയ 7; തരിപ്പണം!

Sunday Jul 25, 2021

ടോക്യോ > ഓസ്ട്രേലിയക്കുമുന്നിൽ ആയുധംവച്ച് കീഴടങ്ങി  ഇന്ത്യ. ഒളിമ്പിക് ഹോക്കിയിൽ 1–7ന് തോറ്റു. ഒളിമ്പിക് ചരിത്രത്തിലെ ഇന്ത്യയുടെ ഏറ്റവും മോശം തോൽവികളിലൊന്ന്. ആദ്യ കളിയിൽ ന്യൂസിലൻഡിനെ വീഴ്‌ത്തിയതിന്റെ ആത്മവിശ്വാസവുമായാണ് മൻപ്രീത് സിങ്ങും കൂട്ടരും കംഗാരുക്കൾക്കെതിരെ സ്റ്റിക്കെടുത്തത്. പക്ഷേ, കരുത്തരായ ഓസീസിനെതിരെ പൊരുതാൻപോലും കൂട്ടാക്കാതെ തലകുനിച്ചു.

മെഡൽ പ്രതീക്ഷയോടെ ടോക്യോയിൽ എത്തിയ ഇന്ത്യൻ ടീമിന് വമ്പൻ തോൽവി തിരിച്ചടിയായി. പൂൾ എയിൽനിന്ന് മുന്നേറാൻ അടുത്ത രണ്ട് കളിയും ജയിക്കണം. സ്--പെയ്‌നും നിലവിലെ ചാമ്പ്യൻമാരായ അർജന്റീനയുമാണ് എതിരാളി.

അഞ്ച് മിനിറ്റിനിടെ മൂന്ന്‌ ഗോളടിച്ച്‌ ഓസീസ്‌ കളിയുടെ പൂർണ നിയന്ത്രണം ഏറ്റെടുത്തു. ഗവേഴ്സ് ബ്ലേക് ഇരട്ടഗോൾ നേടി. ഡാനിയൽ ജയിംസ്‌, ജെറെമി ഹവ-്വാർഡ്, ആൻഡ്രു ഒഗ്ലീവസ്, ജോഷ്വാ ബെൽറ്റ്സ്, ടിം ബ്രാൻഡ് എന്നിവരും ലക്ഷ്യം കണ്ടു. ദിൽപ്രീത് സിങ്ങാണ് ഇന്ത്യക്കായി ഒന്ന് മടക്കിയത്. നാളെ സ്‌പെയ്നുമായാണ് അടുത്ത കളി.

2010ലെ കോമൺവെൽത്ത്‌ ഗെയിംസ്‌ ഫൈനലിൽ ഓസ്‌ട്രേലിയ 8–-0ന്‌ ഇന്ത്യയെ തകർത്തിരുന്നു. 1985ൽ ഹോളണ്ടും ഇതേ സ്‌കോറിന്‌ ജയിച്ചു. 1982ലെ ഡൽഹി ഏഷ്യൻ ഗെയിംസ്‌ ഫൈനലിൽ പാക്കിസ്ഥാൻ 7–-1ന്‌ ഇന്ത്യയെ തോൽപിച്ചു.

വനിതകൾ ഇന്ന് ജർമനിയെ നേരിടും. 5.45നാണ് മത്സരം.