നന്ദി ചാനു, വനിതകൾ മുന്നോട്ട്
Monday Jul 26, 2021
ടോക്യോ > മീരാഭായ് ചാനുവിന്റെ വെള്ളിമെഡൽ നൽകിയ ആവേശത്തിൽ ഇന്ത്യൻ വനിതകൾ മുന്നോട്ട്. ബാഡ്‌മിന്റൺ സിംഗിൾസിൽ പി വി സിന്ധു ആദ്യകളി അനായാസം ജയിച്ചു. ഇസ്രയേൽ താരം കെസെനിയ പൊളികർപോവയെ 21–-7, 21–-10ന് കീഴടക്കി. 29 മിനിറ്റിൽ കളി തീർന്നു.
നിലവിലെ റണ്ണറപ്പായ സിന്ധുവിന് 28ന് ഹോങ്കോങ്ങിന്റെ ചെങ് എൻഗാൻ യിയാണ് എതിരാളി. ഗ്രൂപ്പ് ജേതാവാകും പ്രീക്വാർട്ടറിലേക്ക് മുന്നേറുക.
ബോക്‌സിങ്ങിൽ മേരികോം പ്രീക്വാർട്ടറിൽ കടന്നു. 48 കിലോഗ്രാം വിഭാഗത്തിൽ മുപ്പത്തെട്ടുകാരി ഡൊമിനിക്കൻ റിപ്പബ്ലിക്കിന്റെ മിഗൂലിന ഹെർണാണ്ടസിനെ 4–-1ന് കീഴടക്കി. മേരികോമിനേക്കാൾ 15 വയസ്സ് കുറവായിരുന്നു എതിരാളിക്ക്. 29ന് പ്രീ ക്വാർട്ടറിൽ കൊളംബിയൻ താരം ലൊറെനാ വലൻസിയയാണ് എതിരാളി. വലൻസിയ റിയോയിൽ വെങ്കലം നേടിയിട്ടുണ്ട്. ഇരുവരും ഒരിക്കൽ ഏറ്റുമുട്ടിയപ്പോൾ വിജയം മേരികോമിനൊപ്പമായിരുന്നു.
ടേബിൾ ടെന്നീസിൽ മണിക ബത്ര ഗംഭീരപ്രകടനം തുടരുന്നു. 32–-ാംറാങ്കുകാരിയായ ഉക്രെയ്‌ന്റെ മാർഗരീറ്റ പെസോറ്റ്‌സ്‌കയെ 57 മിനിറ്റിൽ അട്ടിമറിച്ചു. 62–-ാംറാങ്കുള്ള മണിക ആദ്യ രണ്ട് ഗെയിം നഷ്‌ടപ്പെട്ടശേഷമാണ് തിരിച്ചുവന്നത്. സ്‌കോർ: 4–-11, 4–-11, 11–-7, 12–-10, 8–-11, 11–-5, 11–-7. ഇന്ന് ജയിച്ചാൽ പ്രീ ക്വാർട്ടറിൽ കടക്കും.
ടെന്നീസ് വനിതാ ഡബിൾസിൽ സാനിയ മിർസ–-അങ്കിത റെയ്‌ന സഖ്യം ജയിക്കേണ്ട കളി തുലച്ചു. ആദ്യ സെറ്റ് 6–-0നും രണ്ടാംസെറ്റിൽ 5–-3നും ലീഡ് ചെയ്യുമ്പോഴാണ് ഉക്രെയ്‌ൻ സഹോദരിമാരായ നദിയയും ലിയുഡ്‌മിലയും തിരിച്ചുവന്നത്. രണ്ടാംസെറ്റ് 7–-6ന് പിടിച്ചെടുത്ത ഉക്രെയ്‌ൻ അവസാന സെറ്റും കളിയും ടൈബ്രേക്കിൽ 10–-8ന് സ്വന്തമാക്കി.