ലെഡേക്കിയല്ല, ഇനി ടിറ്റ്മസ് റാണി
Tuesday Jul 27, 2021
ടോക്യോ
നീന്തൽക്കുളത്തിൽ കാറ്റി ലെഡേക്കിയുടെ ആധിപത്യം അവസാനിപ്പിച്ച് ഓസ്ട്രേലിയക്കാരി അറിയാർണ് ടിറ്റ്മസ്. വനിതകളുടെ 400 മീറ്റർ ഫ്രീസ്റ്റെെലിലാണ് ഇരുപതുകാരി, ലെഡേക്കിയെ മറികടന്നത്. ടിറ്റ്മസിന്റെ ആദ്യ ഒളിമ്പിക്സാണിത്. മെെക്കേൽ ഫെൽപ്സിനുശേഷം നീന്തൽക്കുളത്തിലെ താരമാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന കാലെബ് ഡ്രെഡെസലും സ്വർണത്തോടെ തുടങ്ങി. 4 x 400 മീറ്റർ ഫ്രീസ്റ്റെെൽ റിലേയിൽ സ്വർണം നേടിയ അമേരിക്കൻ ടീമിനെ ഡ്രെസെൽ നയിച്ചു.
നാനൂറ് മീറ്റർ ഫ്രീസ്റ്റെെലിൽ ടിറ്റ്മസും ലെഡേക്കിയും തമ്മിൽ കടുത്ത മത്സരമായിരുന്നു. മൂന്ന് മിനിറ്റ് 56.69 സെക്കൻഡിലാണ് ടിറ്റ്മസ് നീന്തിയെത്തിയത്. ലെഡേക്കിയുടെ സമയം– 3:57.36. പകുതി ദൂരം കഴിയുമ്പോൾ 0.66 സെക്കൻഡ് വ്യത്യാസത്തിൽ ലെഡേക്കിയായിരുന്നു മുന്നിൽ. എന്നാൽ അവസാന നിമിഷങ്ങളിൽ കുതിച്ച ടിറ്റ്മസ് ലോക ചാമ്പ്യനെ പിന്നിലാക്കി. സ്വപ്നംപോലെ എന്നായിരുന്നു ഓസ്ട്രേലിയക്കാരിയുടെ പ്രതികരണം. പരിശീലകൻ ഡീൻ ബോക്സൽ ആവേശംകൊണ്ട് തുള്ളിച്ചാടിയതും അക്വാട്ടിക് സെന്ററിലെ കാഴ്ചയായി.
ലെഡേക്കിയും ടിറ്റ്മസും തമ്മിൽ 200, 800 മീറ്റർ ഫ്രീസ്റ്റെെലിലും പോരാട്ടമുണ്ട്. ചെെനയുടെ ബിങ്ജിയെ ലീക്കാണ് വെങ്കലം. പുരുഷന്മാരുടെ 100 മീറ്റർ ബ്രസ്റ്റ്സ്‌ട്രോക്കിൽ ബ്രിട്ടന്റെ ലോക റെക്കോഡുകാരൻ ആദം പീറ്റി കുതിപ്പ് തുടർന്നു. അമേരിക്കയ്ക്ക് മെഡൽ മേഖലയിൽ എത്താനായില്ല. വനിതകളുടെ 100 മീറ്റർ ബട്ടർഫ്ളെെയിൽ ലോക റെക്കോഡുകാരി സ്വീഡന്റെ സാറ ഷൊസ്ട്രോം അഞ്ചാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ക്യാനഡയുടെ മാർഗരറ്റ് മക്നീലിനാണ് സ്വർണം. ചെെനയുടെ യുഫേയ് ഷാങ് വെള്ളിയും ഓസ്ട്രേലിയയുടെ എമ്മ മക്കിയോൺ വെങ്കലവും നേടി.