അത്‌ലറ്റിക്‌സിനായി ഒരുക്കം
Tuesday Jul 27, 2021
വെള്ളിയാഴ്‌ച ആരംഭിക്കുന്ന അത്‌ലറ്റിക്‌സ് മത്സരങ്ങൾക്കായി അവസാനവട്ട തയ്യാറെടുപ്പിലാണ് ഇന്ത്യൻ ടീം. ആകെ 26 അത്‌ലീറ്റുകളാണ് ഒളിമ്പിക്‌സിൽ പങ്കെടുക്കുന്നത്. ടോക്യോയിൽ എത്തിയശേഷം പരിശീലനം തുടങ്ങി. 18 അത്‌ലീറ്റുകൾ ഇന്ത്യയിൽനിന്ന് നേരിട്ടെത്തി. വിദേശത്ത് പരിശീലനത്തിലായിരുന്ന ഡിസ്‌കസ്‌ത്രോ താരം സീമ പുണിയയും ടീമിനൊപ്പം ചേർന്നു. ജാവ്‌ലിൻ ത്രോയിലെ മെഡൽപ്രതീക്ഷയായ നീരജ് ചോപ്ര ഇന്നെത്തുന്നതോടെ സംഘം പൂർണമാകും. ആറു നടത്തക്കാർ 30ന് ഇന്ത്യയിൽനിന്ന് പുറപ്പെടുകയേയുള്ളൂ.
നല്ല കാലാവസ്ഥയാണ്. ചൂട് 36 ഡിഗ്രിയാണ്. പട്യാലയിലെ ക്യാമ്പിൽ 40–-42 ഡിഗ്രിയായതിനാൽ ചൂട് പ്രശ്‌നമായി തോന്നുന്നില്ല. കോവിഡ് പരിശോധനയെല്ലാം കഴിഞ്ഞ് ഒളിമ്പിക്‌സ് ഗ്രാമത്തിൽ എത്തിയാൽ വലിയ നിയന്ത്രണങ്ങളില്ല. മാസ്‌ക് ധരിക്കണം. ഭക്ഷണശാലയിൽ എല്ലാവരും ഒന്നിച്ചാണ്. ഗ്രാമത്തിനുള്ളിൽ നടക്കാനോ പരിശീലനത്തിന് പോകാനോ നിയന്ത്രണങ്ങളില്ല. പക്ഷേ, മാസ്‌ക് ധരിച്ചില്ലെങ്കിൽ പണികിട്ടും.
കോവിഡിനെക്കുറിച്ച് നല്ല കരുതലുണ്ട്. ഇരുനൂറോളം രാജ്യങ്ങളിലെ അത്‌ലീറ്റുകളാണുള്ളത്. ഏതുതരത്തിലുള്ള കോവിഡ്, ആർക്കെങ്കിലും ഉണ്ടോയെന്നറിയില്ലല്ലോ. ജനിതകമാറ്റം വന്ന വൈറസിനെ തീർച്ചയായും പേടിക്കണം. വ്യക്തമായ ആസൂത്രണത്തോടെയാണ് സംഘാടനം. സാങ്കേതികവിദ്യയുടെ എല്ലാ സാധ്യതകളും ഉപയോഗപ്പെടുത്തിയിട്ടുണ്ട്. എല്ലാ വിവരങ്ങളും ‘ആപ്പുകൾ’ വഴിയാണ്.