അമേരിക്കയെയും ചെെനയെയും പിന്തള്ളി ഒന്നാമതെത്തി

ജപ്പാൻ 
ഉദിക്കുന്നു ; എട്ട് സ്വർണവും രണ്ട് വെള്ളിയും മൂന്ന് വെങ്കലവും ഉൾപ്പെടെ 13 മെഡൽ

Tuesday Jul 27, 2021


ടോക്യോ
ഒളിമ്പിക്സ് മേള തുടങ്ങി നാലാംദിനം കഴിയുമ്പോൾ ആതിഥേയരായ ജപ്പാൻ കുതിക്കുന്നു. അമേരിക്കയെയും ചെെനയെയും പിന്തള്ളി ഒന്നാമതെത്തി. എട്ട് സ്വർണവും രണ്ട് വെള്ളിയും മൂന്ന് വെങ്കലവും ഉൾപ്പെടെ 13 മെഡൽ.

അമേരിക്കയും ചെെനയും തൊട്ടുപിന്നിലുണ്ട്. ഏഴ് സ്വർണവും മൂന്ന് വെള്ളിയും നാല് വെങ്കലവും നേടി അമേരിക്കയ്ക്ക് 14 മെഡലായി. ചെെനയ്ക്ക് ആറ് സ്വർണവും അഞ്ച് വെള്ളിയും ഏഴ് വെങ്കലവും ഉൾപ്പെടെ 18 മെഡൽ. നാല് സ്വർണം ഉൾപ്പെടെ 12 മെഡൽ നേടി ഒളിമ്പിക് പതാകയ്‌ക്കുകീഴിൽ മത്സരിക്കുന്ന റഷ്യ നാലാമതുണ്ട്. സ്ട്രീറ്റ് സ്കേറ്റ് ബാർഡിങ്ങിലെ രണ്ട് സ്വർണമാണ് ജപ്പാന് കുതിപ്പ് നൽകിയത്. ജൂഡോയിൽ നാല് സ്വർണം നേടി. നീന്തലിലും ടേബിൾ ടെന്നീസിലും ഓരോ സ്വർണം.

റിയോ ഒളിമ്പിക്സിൽ 12 സ്വർണം ഉൾപ്പെടെ 41 മെഡലായിരുന്നു. 1964ൽ ആദ്യമായി ഒളിമ്പിക്സിന് ആതിഥേയരായപ്പോൾ 16 സ്വർണം ഉൾപ്പെടെ 29 മെഡൽ നേടിയിട്ടുണ്ട്. അതാണ് മികച്ച നേട്ടവും. അമേരിക്കയ്ക്ക് നീന്തൽക്കുളത്തിൽ ആദ്യ രണ്ടുദിനം പ്രതീക്ഷിച്ച നേട്ടമുണ്ടാക്കാനായില്ല. വരുംദിവസങ്ങളിൽ മികച്ച താരങ്ങൾ ഇറങ്ങാനുണ്ട്. ജിംനാസ്റ്റിക്സ്, അത്‌ലറ്റിക്സ് മത്സരങ്ങളും എത്തുന്നതോടെ അമേരിക്കയുടെ മെഡൽശേഖരം ഉയരാനാണ് സാധ്യത. ചെെനയുടെയും മെഡൽ ഇനങ്ങൾ വരുന്നതേയുള്ളൂ.