‘ഇത് ബാലികാലോകം’
Tuesday Jul 27, 2021
ടോക്യോ
പതിമൂന്നാം വയസ്സിൽ ജപ്പാന് ഒരു ഒളിമ്പിക്സ് ചാമ്പ്യൻ. മോമിജി നിഷിയ. ഒളിമ്പിക്സിലെ അരങ്ങേറ്റ ഇനമായ സ്ട്രീറ്റ് സ്കേറ്റ്ബോർഡിങ്ങിലായിരുന്നു ഈ പെൺകുട്ടിയുടെ അത്ഭുത പ്രകടനം. വെള്ളിയും വെങ്കലവും കിട്ടിയവരും കുട്ടികളാണ്. പതിമൂന്നുകാരിയായ ബ്രസീലിന്റെ റയ്സാ ലിയൽ വെള്ളി നേടിയപ്പോൾ ജപ്പാന്റെതന്നെ ഫുന നകയാമ (16 വയസ്സ്) വെങ്കലവും സ്വന്തമാക്കി. മെഡൽ നേടിയവരുടെ ശരാശരി പ്രായം 14 വർഷവും 191 ദിവസവും. ഇതും ചരിത്രമായി.
ഒളിമ്പിക്സിൽ പൊന്നണിയുന്ന പ്രായംകുറഞ്ഞ രണ്ടാമത്തെ താരമാണ് മോമിജി. 1936 ബെർലിൻ ഒളിമ്പിക്സ് സ്പ്രിങ്ബോർഡ് ചാമ്പ്യനായ അമേരിക്കയുടെ മർയോറിയെ ഗെസ്ട്രിങ്ങിന്റെ പേരിലാണ് റെക്കോഡ്. മെഡൽ നേടുമ്പോൾ 13 വർഷവും 267 ദിവസവുമായിരുന്നു ഗെസ്ട്രിങ്ങിന്റെ പ്രായം. മോമിജിക്ക് 13 വർഷവും 330 ദിവസുമാണ് പ്രായം. വെള്ളിനേടിയ ലിയലിന്റെ പ്രായം 13 വർഷവും 203 ദിവസവുമാണ്. മത്സരത്തിൽ മോമിജി നേടിയ സ്കോർ 15.26. ലിയലിന്റെ സ്കോർ 14.64. അവസാനഘട്ടത്തിലായിരുന്നു മോമിജിയുടെ കുതിപ്പ്. പുരുഷവിഭാഗത്തിലും ജപ്പാനായിരുന്നു കിരീടം.