പാരിസിൽ മെഡലിന് ഒരുങ്ങാം: ഭവാനിദേവി
Wednesday Jul 28, 2021
ടോക്യോ
ഫെൻസിങ്ങിൽ ചരിത്രമെഴുതിയ സി എ ഭവാനിദേവി അടുത്ത ഒളിമ്പിക്‌സിൽ മെഡൽ ലക്ഷ്യമിടുന്നു. ഇനി പാരിസ് ഒളിമ്പിക്‌സിന് ഒരുങ്ങാമെന്ന് ആത്മവിശ്വാസത്തോടെ പ്രതികരിച്ചു. ടോക്യോയിൽ ആദ്യറൗണ്ടിൽ ടുണീഷ്യയുടെ നദിയ ബെൻ അസീസിയെ തോൽപ്പിച്ച് (15–-3) തുടങ്ങിയ ഭവാനിദേവി രണ്ടാംറൗണ്ടിൽ തോറ്റു. ലോക മൂന്നാംനമ്പർ താരം ഫ്രാൻസിന്റെ മേനൺ ബ്രൂനെറ്റിനോട് (7–-15) കീഴടങ്ങിയെങ്കിലും തല ഉയർത്തിയാണ് ഇരുപത്തേഴുകാരി മടങ്ങുന്നത്. ഒളിമ്പിക്‌സ് ഫെൻസിങ്ങിന് യോഗ്യത നേടിയ ആദ്യ ഇന്ത്യൻ വനിതാതാരമാണ്.
കേരളത്തിന്റെ മണ്ണിലാണ് ഈ ചെന്നൈക്കാരി ഫെൻസിങ്ങിൽ പയറ്റിത്തെളിഞ്ഞത്. 2008ൽ സ്‌പോർട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ (സായി) തലശേരി കേന്ദ്രത്തിലാണ് പരിശീലനം തുടങ്ങിയത്. മഹാരാഷ്‌ട്ര സ്വദേശി സാഗർ എസ് ലാഗുവായിരുന്നു പരിശീലകൻ. ഏതാനും വർഷമായി ഇറ്റലിയിൽ വിദഗ്‌ധപരിശീലനത്തിലായിരുന്നു. ധർമടം ഗവ. ബ്രണ്ണൻ കോളേജ് പൂർവവിദ്യാർഥികൂടിയാണ്. ‘ഞാൻ എന്റെ കഴിവിനനുസരിച്ച് പരിശ്രമിച്ചു. പക്ഷേ, എനിക്ക് വിജയിക്കാനായില്ല. അടുത്ത ഒളിമ്പിക്‌സിൽ ഞാൻ ശക്തമായി തിരിച്ചുവരും. എല്ലാവർക്കും നന്ദി’–- ഭവാനിദേവി പറഞ്ഞു.