അതിജീവനം ഇവിടെ

Wednesday Jul 28, 2021


ടോക്യോ
ഒരുവർഷംമുമ്പ് ഒളിമ്പിക്സ് നടന്നിരുന്നെങ്കിൽ ലിഡിയ ജേക്കബിക്ക് വീട്ടിലിരുന്ന് ടിവിയിൽ മത്സരങ്ങൾ കാണേണ്ടിവരുമായിരുന്നു. മേള ഒരുവർഷം വെെകിയെത്തിയപ്പോൾ ചാമ്പ്യനായാണ് പതിനേഴുകാരി തിളങ്ങിയത്. റിയോ ഒളിമ്പിക്സിലെ ചാമ്പ്യൻ ലില്ലി കിങ്ങിനെ പിന്നിലാക്കി ലിഡിയ കുതിച്ചപ്പോൾ 100 മീറ്റർ ബ്രസ്‌റ്റ്‌സ്‌ട്രോക്കിൽ പുതിയ ജേതാവെത്തി. 1:04.95 സമയത്തിലാണ് സ്വർണം. അലാസ്കയിൽനിന്നുള്ള ആദ്യ ഒളിമ്പിക് ചാമ്പ്യനുമായി ലിഡിയ.

2019ൽ 18–ാംസ്ഥാനത്തായിരുന്നു ഈ പെൺകുട്ടി. എന്നാൽ, കോവിഡ് കാരണം എല്ലാം അടച്ചുപൂട്ടിയപ്പോൾ കഴിഞ്ഞവർഷം മുഴുവൻ പരിശീലനത്തിന് ചെലവിട്ടു. ശാരീരികമായും മാനസികമായും മെച്ചപ്പെട്ടു എന്നായിരുന്നു ലിഡിയയുടെ പ്രതികരണം. ലില്ലിക്ക് വെങ്കലമാണ്. ദക്ഷിണാഫ്രിക്കയുടെ തത്യാന ഷോൺമാർക്കെറിനാണ് വെള്ളി.

200 മീറ്റർ ഫ്രീസ്റ്റെെൽ ചാമ്പ്യനായ ബ്രിട്ടന്റെ ടോം ഡീൻ രണ്ടുതവണ കോവിഡ് അതിജീവിച്ചതാണ്. കോവിഡ് കാരണം ഒരുഘട്ടത്തിൽ നടക്കാൻപോലും കഴിയാത്ത അവസ്ഥയിലായിരുന്നു ഡീൻ. ഈയിനത്തിൽ ബ്രിട്ടന്റെതന്നെ ഡങ്കൻ സ്കോട്ട് വെള്ളി നേടി.